|

മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി ബി.എം.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

bms

ന്യൂദല്‍ഹി:  നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴില്‍ പരിഷ്‌കരണ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി ആര്‍.എസ്.എസ് അനുബന്ധ സംഘടന ബി.എം.എസ്. രാജ്യത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫെബ്രുവരി 24ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.എം.എസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പറഞ്ഞു. ഹൈദരാബാദില്‍ നടന്ന ബി.എം.എസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനമായത്.

തൊഴിലാളി സംഘടനകള്‍ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 23ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമരം.

സര്‍ക്കാരിന്റെ വിദേശ നിക്ഷേപ നയത്തിനെതിരെ ബി.എം.എസ് നേരത്തെ പ്രക്ഷോഭം നടത്തിയിരുന്നു. റീട്ടെയില്‍ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിലൂടെ പ്രാദേശിക കച്ചവടക്കാരുടെ അന്ത്യമായിരിക്കുമെന്നും വലിയ അളവില്‍ തൊഴിലില്ലായ്മക്ക് കാരണമാവുമെന്നും ബി.എം.എസ് ആരോപിച്ചിരുന്നു.