| Friday, 13th November 2015, 11:47 am

മോദി സര്‍ക്കാരിന്റെ വിദേശ നിക്ഷേപനയത്തിനെതിരെ ബി.എം.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  പ്രധാനപ്പെട്ട 15 മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച് മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംഘപരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസ്. രംഗത്ത്. റീട്ടെയില്‍, പ്രതിരോധ മേഖലയില്‍ എഫ്.ഡി.ഐ ( ഫോറിന്‍ ഡയറക്ടട് ഇന്‍വെസ്റ്റമെന്റ്്) നടപ്പിലാക്കുന്നതിനോട് ബി.എം.എസിന് എതിര്‍പ്പാണുള്ളത്. ബന്ധപ്പെട്ടവരുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണം. അല്ലാത്തപക്ഷം സംഘടന തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് ബി.എം.എസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ് പറഞ്ഞു.

റീട്ടെയില്‍, കൃഷി, മൃഗപരിപാലനം, സിവില്‍ വ്യോമയാനം, വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയ മേഖലകളിലാണ് മോദി സര്‍ക്കാര്‍ വിദേശനിക്ഷേപം അനുവദിച്ചത്. റീട്ടെയില്‍ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിലൂടെ പ്രാദേശിക കച്ചവടക്കാരുടെ അന്ത്യമായിരിക്കുമെന്നും വലിയ അളവില്‍ തൊഴിലില്ലായ്മക്ക് കാരണമാവുമെന്നും ഉപാധ്യായ് പറഞ്ഞു.

എഫ്.ഡി.ഐ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച്  നരേന്ദ്രമോദി, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ക്ക് സംഘടന കത്തയച്ചിട്ടുണ്ട്.

നേരത്തെ മോദി സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നയത്തെ വിമര്‍ശിച്ചും ബി.എം.എസ് രംഗത്ത് വന്നിരുന്നു.

We use cookies to give you the best possible experience. Learn more