|

'മോദി സര്‍ക്കാരിനെതിരെ പാളയത്തില്‍പ്പട'; തൊഴിലാളി വിരുദ്ധ ബജറ്റെന്നാരോപിച്ച് ബി.എം.എസ് സമരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രബജറ്റ് തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ച് ബി.ജെ.പി.അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് സമരത്തിലേക്ക്. ബജറ്റിനെതിരേ ഇന്ന് രാജ്യവ്യാപകമായി പ്രകടനം നടത്തുമെന്നും പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും ബി.എം.എസ് അറിയിച്ചു.

ആറ്, എട്ട് തീയതികളില്‍ ദേശീയ നിര്‍വാഹക സമിതി ചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിക്കുമെന്ന് ബി.എം.എസ് അധ്യക്ഷന്‍ അഡ്വ. സജി നാരായണനും ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായയും പറഞ്ഞു.

സ്ഥിരംതൊഴിലിനുപകരം എല്ലാ മേഖലകളിലും നിശ്ചിതകാല തൊഴില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തിന്മേല്‍ ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നും അതിനിടയിലാണ് ബജറ്റില്‍ തീരുമാനം പ്രഖ്യാപിച്ചതെന്നും ചൂണ്ടിക്കാട്ടിയ ബി.എം.എസ് അതംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.

“കാര്‍ഷിക, ഗ്രാമീണ, ആരോഗ്യമേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളുണ്ടെങ്കിലും തൊഴിലാളികളുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവുമില്ല. അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങളും ഇ.പി.എഫ്. തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല. പെന്‍ഷന്‍ ആയിരം രൂപയില്‍നിന്ന് വര്‍ധിപ്പിക്കണമെന്ന ആവശ്യവും തള്ളി” നേതാക്കള്‍ ചൂണ്ടിക്കാട്ടി.

“സ്ത്രീകളുടെ ഇ.പി.എഫ്. വിഹിതം കുറച്ചതുവഴി അവരുടെ ഭാവി സമ്പാദ്യം 16 ശതമാനം കുറയും. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല. അതേസമയം, ഓഹരി നിക്ഷേപവുമായി മുന്നോട്ടുപോവുന്നു. തൊഴിലാളി വിരുദ്ധമാണ് ബജറ്റ്” ബി.എം.എസ്. നേതാക്കള്‍ പറഞ്ഞു. അസംഘടിത മേഖലയ്ക്കുള്ള സാമൂഹിക സുരക്ഷാനിധിയിലേക്ക് ഒരു വിഹിതവും ബജറ്റിലില്ലെന്ന് ചൂണ്ടിക്കാട്ടിയ ബി.എം.എസ് നേതൃത്വം ആദായനികുതി ഇളവുകള്‍ നല്‍കാത്തതിനാല്‍ മധ്യവര്‍ഗക്കാരായ തൊഴിലാളികള്‍ അതൃപ്തിയിലാണെന്നും കൂട്ടിച്ചേര്‍ത്തു.

Video Stories