പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംഘപരിവാര്‍ തൊഴിലാളി സംഘടന ബി.എം.എസ്. ബാങ്കുകളുടെ ലയനം കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കാനാണെന്ന് ബി.എം.എസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ സജിനാരായണന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് സജിനാരായണന്റെ പ്രതികരണം.
വേണ്ടത്ര പഠനമില്ലാതെയും മുന്‍ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാതെയുമാണ് കേന്ദ്രസര്‍ക്കാര്‍ ലയനത്തിനൊരുങ്ങുന്നത്. ബാങ്ക് ലയനം മൂലം രാജ്യത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പഠനം വാസ്തവത്തില്‍ നടന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഇനിയും സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ലെന്നും സജിനാരായണന്‍ പറഞ്ഞു.
ആഗോളതലത്തില്‍ സ്വാധീനമുള്ള വലിയ ബാങ്കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇവയെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കുന്നതോടെ എസ്.ബി.ഐയ്ക്ക് പിന്നില്‍ പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇത് മാറും. കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്കുകളെ പരസ്പരം ലയിപ്പിക്കും. രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി ഇത് മാറും.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ആന്ധ്രാബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും പരസ്പരം ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി മാറുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഇന്ത്യന്‍ ബാങ്കിനെ അലഹബാദ് ബാങ്കില്‍ ലയിപ്പിക്കുന്നതാണ് മറ്റൊരു പദ്ധതി. പരസ്പരം ലയിപ്പിക്കുന്നതോടെ ഏഴാമത്തെ വലിയ ബാങ്കായി ഇത് മാറും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.