മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോര്‍പ്പറേഷന്റെ നടപടി.
മുംബൈയില്‍ നിരവധി ഇടങ്ങളിലായി ശിവസേന പ്രവര്‍ത്തകര്‍ ആദിത്യ താക്കറെയ്ക്ക് വേണ്ടി പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നു. ചിലര്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടിയിലെ യുവനിരയായിരുന്നു ആദിത്യയ്ക്കായി പോസ്റ്റര്‍ സ്ഥാപിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ശിവസേനയ്ക്ക് നല്‍കിയ സമയം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ധാരണയാകുകയുമായിരുന്നു.
ഇതിന് പിന്നാലെയാണ് ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തുകൊണ്ടുള്ള നടപടി വന്നത്.
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യത്തില്‍ നിന്നും ശിവസേന പിന്‍മാറിയിരുന്നു.
ഇപ്പോള്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കേണ്ടെന്നും ആവശ്യത്തിന് എം.എല്‍.എമാരുടെ പിന്തുണയായിക്കഴിഞ്ഞ ശേഷം പുതിയ ഹരജി സമര്‍പ്പിക്കാമെന്നും കോടതിയില്‍ സേന അറിയിക്കുകയായിരുന്നു.
അതേസമയം തങ്ങള്‍ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്നു ദിവസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഗവര്‍ണര്‍ക്കു കത്തയച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളാരും സ്ഥലത്തില്ലെന്നും അതിനാലാണ് സര്‍ക്കാര്‍ രൂപീകരണത്തിനു കൂടുതല്‍ സമയം എടുക്കുന്നതെന്നും പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം പവാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.