| Tuesday, 9th January 2018, 4:54 pm

അനധികൃതനിര്‍മാണം; ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ മുംബൈയിലെ വസതിയുടെ ഒരുഭാഗം പൊളിച്ചുമാറ്റി കോര്‍പ്പറേഷന്‍; പൊളിച്ചുമാറ്റിയത് പത്ത്‌നില വീടിന്റെ ഒരു ഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ജുഹുവിലെ വസതിയുടെ ഒരുഭാഗം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കി. പത്ത്‌നിലകെട്ടിടത്തില്‍ നിയമവിരുദ്ധമായി പണിത ഭാഗമാണ് പൊളിച്ചുമാറ്റിയത്. ബ്രിഹാംമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി.

ഇവിടെ നിയമവിരുദ്ധമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കോര്‍പ്പറേഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ തന്നെ തന്നെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തുടര്‍ന്ന് 2017 ഡിസംബര്‍ അഞ്ചിന് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സെക്ഷന്‍ 53(1) എം.ആര്‍.ടി.പി ആക്ട് പ്രകാരമാണ് നടപടിയെടുത്തത്.

നോട്ടീസ് ലഭിച്ച് ഒരു മാസത്തിനകം “നിലവിലുള്ള കെട്ടിടത്തില്‍ നടത്തിയ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം എം.ആര്‍.ടി.പി നിയമത്തിലെ 44-ാം വകുപ്പിന് കീഴില്‍ കോര്‍പ്പറേഷന്‍ മുന്‍കൈ എടുത്ത് അതു നടത്തുമെന്നും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു.ജനുവരി ആറ് വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടാകാതിരുന്നതിന് പിന്നാലെയാണ് നടപടിയെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം.

ബി.എം.സി തൊഴിലാളികള്‍ തന്നെ എത്തിയാണ് ടോയ്‌ലറ്റിന്റെ ഭാഗവും ഒരു ഓഫീസ് മുറിയും പൂജാ മുറിയും പൊളിച്ചുമാറ്റിയത്. എല്ലാ ഫ്‌ളോറിലും അനധികൃതമായി നിര്‍മിച്ച ഓവുകളും പൊളിച്ചുമാറ്റിയിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more