| Saturday, 3rd July 2021, 2:30 pm

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ബ്ലൂടൂത്തില്‍ സംസാരിക്കുന്നത് നിരോധിച്ചത് ഫൈന്‍ മേടിച്ച് സര്‍ക്കാരിന്റെ വരുമാനം കൂട്ടാനല്ല

സോണി തോമസ്

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ബ്ലൂടൂത്തില്‍ സംസാരിക്കുന്നത് നിരോധിച്ച നടപടിക്കെതിരായി ഇന്നലെമുതല്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കാണുന്നു. എന്താണ് ഈ നടപടിയിലെ ശാസ്ത്രീയത?

വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് തെറ്റാണെന്നും അപകടം ഉണ്ടാക്കുമെന്നും ഇപ്പോള്‍ പലര്‍ക്കും അറിയാം. എന്നാല്‍, ഒരു ഹാന്‍ഡ്സ്ഫ്രീ ഡിവൈസിലൂടെയോ കാറിനുള്ളിലെ ബ്ലൂടൂത്തിലൂടെയോ സംസാരിച്ചാല്‍ എന്താണ് കുഴപ്പം? കാറില്‍ത്തന്നെ സഞ്ചരിക്കുന്ന സഹയാത്രികനോട് സംസാരിക്കുന്നപോലെ തന്നെയല്ലേ ഇതും എന്നൊക്കെ സംശയിക്കുന്നതും ന്യായം.

എന്നാല്‍, എന്താണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ പ്രേരിപ്പിക്കുന്നത്? ഫൈന്‍ മേടിച്ച് സര്‍ക്കാരിന്റെ വരുമാനം കൂട്ടാനാണോ?

ഇത്തരം നിയമങ്ങള്‍ ഇവിടെ മാത്രമല്ല, റോഡുസുരക്ഷയില്‍ ജാഗ്രത കാണിക്കുന്ന വിവരമുള്ള എല്ലാ രാജ്യങ്ങളിലും ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്ന അനേകം ശാസ്ത്രീയമായ പഠനങ്ങളും കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി അനേക ഏജന്‍സികളും ഗവേഷണ സ്ഥാപനങ്ങളും നടത്തിയിട്ടുണ്ട്.

നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ (NSC) അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ അവിടെ നടക്കുന്ന അപകടങ്ങളില്‍ 24 ശതമാനം അപകടങ്ങളിലും വാഹനം ഓടിച്ചിരുന്ന ആള്‍ അപകടം നടക്കുന്ന സമയത്ത് മൊബൈലില്‍ സംസാരിച്ചിരുന്നതായി കണ്ടിട്ടുണ്ട്. ഇതില്‍ ഭൂരി ഭാഗവും ഹാന്‍ഡ്സ്ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ചുതന്നെയാണ് സംസാരിച്ചിരുന്നത്.

പലരും വിചാരിച്ചിരുന്നത് മൊബൈല്‍ഫോണ്‍ കയ്യില്‍ പിടിച്ചാലേ ശ്രദ്ധയും ബാലന്‍സും തെറ്റുകയുള്ളൂ, പകരം ഹാന്‍ഡ്സ്ഫ്രീ ഡിവൈസുകളായ ബ്ലൂടൂത്തിലൂടെയൊക്കെ സംസാരിച്ചാല്‍ കുഴപ്പമില്ല എന്നൊക്കെയാണ്. എന്നാല്‍ വാസ്തവം മറിച്ചാണ്.

മൊബൈല്‍ ഫോണില്‍ എങ്ങനെ സംസാരിച്ചാലും നമ്മളുടെ ശ്രദ്ധ അതിലേക്കു പോകുന്നതിനാല്‍ എത്ര ജാഗ്രത ഉള്ള ആള്‍ക്കുപോലും അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വേര്‍തിരിച്ച് ബോധ്യപ്പെടാനുള്ള ശേഷി ഏകദേശം 50 ശതമാനത്തോളം കുറയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അതുപോലെതന്നെ, വാഹനത്തിന്റെ മുന്‍പില്‍ പെട്ടന്ന് എന്തെങ്കിലും ചലിക്കുന്ന വസ്തുക്കളോ മനുഷ്യരോ വന്നുപെട്ടാല്‍ ആ കാഴ്ചയെ തലച്ചോറിലേക്ക് എത്തിച്ച് വേണ്ട പ്രതിരോധം തീര്‍ക്കാനുള്ള ശേഷി 33 ശതമാനത്തോളം കുറക്കുന്നു എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അതായത്, മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന അതെ അവസ്ഥതന്നെ എന്ന് വേണമെങ്കില്‍ പറയാം.

എന്നാല്‍, കാറില്‍ ഒരുമിച്ചു യാത്ര ചെയ്യുന്നവരോട് സംസാരിച്ചാലും ഇതുതന്നെയല്ലേ സംഭവിക്കുന്നത് എന്ന് പലരും ചോദിക്കുന്നു. ഉത്തരം അല്ല എന്നാണ്. കാരണം, കൂട്ടത്തിലുള്ള ആളും കാറിനു വെളിയിലുള്ള അപകട സാഹചര്യങ്ങള്‍ കാണുന്നതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറെ അലേര്‍ട്ട് ചെയ്യുമെന്നതിനാലാണ്. എന്നിരുന്നാലും, ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള എല്ലാ സംസാരങ്ങളും സാഹചര്യങ്ങളും അപകടകരമാണ്.

എന്റെ കാറും ഞാനും വളരെ സേഫ് ആണ്. എന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് എന്താ എന്റെ കാര്യത്തില്‍ ഇത്ര താല്‍പ്പര്യം എന്നൊക്കെ ചോദിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യത്തില്‍ എത്ര ഉറപ്പുണ്ടായാലും നിങ്ങളുടെ ഒരു അശ്രദ്ധ മൂലം റോഡിലുള്ള മറ്റുള്ളവര്‍, പ്രത്യേകിച്ചും, രക്ഷാകവചം ഇല്ലാത്ത യാത്രക്കാരായ (Vulnerable road users), കാല്‍നട യാത്രക്കാര്‍, ഇരുചക്ര യാത്രക്കാര്‍ മുതലായവരുടെ ജീവനും സുരക്ഷയും എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ പരമപ്രധാനമായ ഉത്തരവാദിത്വമാണ്. അതിനാല്‍ നിയമം അനുസരിക്കുക. റോഡപകടങ്ങള്‍ ഇല്ലാതാക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

സോണി തോമസ്

Former Broadcast Journalist

We use cookies to give you the best possible experience. Learn more