വാഷിങ്ടൺ: വനിതകൾ മാത്രം പങ്കാളികളായ ഓട്ടോമേറ്റഡ് ബ്ലൂ ഒറിജിന്റെ എൻ.എസ് 31ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. പോപ്പ് താരം കാറ്റി പെറിയുൾപ്പടെ ആറ് പേരായിരുന്നു ബഹിരാകാശ യാത്ര നടത്തിയത്. എല്ലാവരും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനിയായ‘ബ്ലൂ ഒറിജിൻ’ ആണ് ദൗത്യത്തിന് പിറകിൽ. 11 മിനിറ്റ് ദൈർഘ്യമുള്ള പറക്കലിൽ, എൻ.എസ്-31 ന്റെ ക്രൂ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിർത്തിയായ കാർമാൻ രേഖ മറികടന്നു. ബെസോസിന്റെ പ്രതിശ്രുത വധു ലോറൻ സാഞ്ചസും സി.ബി.എസ് അവതാരക ഗെയ്ൽ കിങ്ങും ഗായിക കേറ്റി പെറിക്കൊപ്പം ഉണ്ടായിരുന്നു.
പ്രാദേശിക സമയം 08:30 നായിരുന്നു ന്യൂ ഷെപ്പേർഡ് റോക്കറ്റ് അതിന്റെ വെസ്റ്റ് ടെക്സസ് വിക്ഷേപണ സൈറ്റിൽ നിന്ന് പറന്നുയർന്നത്.
ഏകദേശം 11 മിനിറ്റ് നീണ്ടുനിന്ന പറക്കലിൽ റോക്കറ്റ് ആറ് സ്ത്രീകളെയും ഭൂമിയിൽ നിന്ന് 100 കിലോമീറ്ററിലധികം (62 മൈൽ) ഉയരത്തിൽ കൊണ്ടുപോയി. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിർത്തി കടന്നു.
നാസയുടെ മുൻ റോക്കറ്റ് ശാസ്ത്രജ്ഞയായ ഐഷ ബോവ്, പൗരാവകാശ പ്രവർത്തക അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിർമ്മാതാവ് കെറിയാൻ ഫ്ലിൻ എന്നിവരും വിമാനത്തിൽ ഉണ്ടായിരുന്നു.
പാരച്യൂട്ട് സഹായത്തോടെയുള്ള സോഫ്റ്റ് ലാൻഡിങ് വഴി കാപ്സ്യൂൾ ഭൂമിയിലേക്ക് മടങ്ങി. അതേസമയം റോക്കറ്റ് ബൂസ്റ്ററും ടെക്സാസിൽ തിരിച്ചെത്തി. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്.
ബഹിരാകാശത്ത് എത്തിയ ശേഷം, ബഹിരാകാശയാത്രികർ റോക്കറ്റിനുള്ളിൽ നിന്ന് സംസാരിക്കുന്നത് കേൾക്കാമായിരുന്നു, അവരിൽ ഒരാൾ, ‘നിങ്ങൾ ചന്ദ്രനെ നോക്കൂ’ എന്ന് പറയുന്നത് കേൾക്കാമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 11 മിനിറ്റ് നീണ്ടുനിന്ന ബഹിരാകാശ യാത്രയിൽ, കാറ്റി പെറി ബഹിരാകാശത്ത് ‘വാട്ട് എ വണ്ടർഫുൾ വേൾഡ്’ എന്ന ഗാനം ആലപിച്ചതായി ഗെയ്ൽ കിങ് പറഞ്ഞു.
ആമസോൺ ആരംഭിച്ച ശതകോടീശ്വരൻ സംരംഭകനായ ബെസോസ് 2000 ത്തിൽ സ്ഥാപിച്ച ഒരു സ്വകാര്യ ബഹിരാകാശ കമ്പനിയാണ് ബ്ലൂ ഒറിജിൻ.
Content Highlight: Blue Origin crew including Katy Perry safely returns to Earth after space flight