തിരുവനന്തപുരം: കേരളത്തിലെ രണ്ട് ബീച്ചുകള്‍ക്ക് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കേഷന്‍. പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയാണ് ഇത്. കോഴിക്കോട് കാപ്പാടും കണ്ണൂര്‍ അഴീക്കോട് ചാല്‍ ബീച്ചുമാണ് ഈ നേട്ടത്തിന് അര്‍ഹമായത്.
ഡെന്മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷനാണ് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.
പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത എന്നിവയ്ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ട്ടിഫിക്കേഷന്റെ മാനദണ്ഡം. ബോട്ടിങ് ഓപ്പറേറ്റമാരെയും ഈ അംഗീകാരത്തിനായി എഫ്.ഇ.ഇ പരിഗണിക്കുന്നുണ്ട്.
സര്‍ട്ടിഫിക്കേഷന്‍ സംസ്ഥാനത്തിന്റെ ഉദ്യമങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
‘അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തെ രണ്ട് ബീച്ചുകളും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടും. സുസ്ഥിര ടൂറിസത്തിന്റെ കേന്ദ്രമെന്ന സംസ്ഥാനത്തിന്റെ പെരുമയും ഇതോടെ വർധിക്കും,’ പി.എ. മുഹമ്മദ് റിയാസ്
അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തെ രണ്ട് ബീച്ചുകളും ഇനി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നും സുസ്ഥിര ടൂറിസത്തിന്റെ കേന്ദ്രമെന്ന സംസ്ഥാനത്തിന്റെ പെരുമ വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി പരിപാലനം, ശുചിത്വം, സന്ദര്‍ശകരുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ കടല്‍ത്തീരം ആണ് കൊയിലാണ്ടിക്കടുത്തുള്ള കാപ്പാട്. 1498ല്‍ പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള വാണിജ്യ സംഘം കാലുകുത്തിയത് കാപ്പാട് ബീച്ചിലാണ്. ഇതുസംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും ചരിത്രകാരന്മാര്‍ക്കുണ്ട്.
Content Highlight: Blue Flag Certification for Kappad and Azhikode Chal Beach