പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തൃണമൂല്‍ ആക്രമണങ്ങളുടെ വഴിയാണ് തിരഞ്ഞെടുത്തത്. പ്രതിപക്ഷപാര്‍ട്ടികളെയെല്ലാം അടിച്ചൊതുക്കിയും കൊന്നും അക്രമാസക്തമായ ജയമാണ് ആരംഭം മുതലേ തൃണമൂല്‍ ലക്ഷ്യമിട്ടിരുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇരുപതിനായിരത്തോളം വരുന്ന സീറ്റുകള്‍ തൃണമൂല്‍ എതിരാളികളില്ലാതെ ജയിച്ച് കഴിഞ്ഞിരുന്നു. എതിര്‍ പക്ഷത്ത് നിന്ന് നാമനിര്‍ദ്ദേശം നല്‍കാന്‍ വരുന്നവരെ ഭീഷണിപ്പെടുത്തിയും വഴങ്ങാത്തവരെ ആക്രമിച്ചുമാണ് തൃണമൂല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തെരഞ്ഞെടുപ്പ് ദിവസം പോലും തൃണമൂല്‍ അക്രമം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാനാര്‍ത്ഥിയുള്‍പ്പടെ 12 പേരാണ് തെരഞ്ഞെടുപ്പ് ദിവസമുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ബോംബ് എറിഞ്ഞും വെടിവയ്പ്പുമായി അക്രമാസക്തമായ തെരഞ്ഞെടുപ്പ് ദിനത്തില്‍ പരിക്കേറ്റവരും നിരവധിയാണ്. തെരഞ്ഞെടുപ്പ് ദിനത്തിന്റെ തലേന്ന് രാത്രി യാതൊരു പ്രകോപനവും കൂടാതെയാണ് സി.പി.ഐ.എം പ്രവര്‍ത്തകരായ ദമ്പതികളെ വീടിന് തീയിട്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ ചുട്ട് കൊന്നത്. . ദമ്പതികള്‍ ഉറങ്ങിക്കിടക്കവേയായിരുന്നു വീടിന് അക്രമികള്‍ തീയിട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിബു, ഉഷ ദാസ് ദമ്പതികള്‍ പിറ്റേന്ന് രാവിലെ മരിച്ചു.
നൂറ് കണക്കിന് ആളുകള്‍ക്ക് വിവിധയിടങ്ങളിലായി നടന്ന അക്രമസംഭവങ്ങളില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ബൂത്ത് പിടുത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പോളിംഗ് ബൂത്ത് ആക്രമിക്കപ്പെടുകയും വോട്ടിംഗ് സാമഗ്രികള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. വോട്ടിങ്ങില്‍ സമാധാനം ഉറപ്പിക്കാനായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 1,54,000 പൊലീസുകാരെ നിയോഗിച്ചിരുന്നെങ്കിലും അക്രമ സംഭവങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല.
ഇതിനിടെ ബദ്ഗ നോര്‍ത്ത് 24 പര്‍ഗാന്‍സ് ജില്ലയിലെ ബൂത്തില്‍ നിന്നും ബാലറ്റ് പേപ്പര്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിടികൂടുമെന്നായപ്പോള്‍ ബോംബേറ് നടത്തി രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം വോട്ടിങ്ങിനിടെ അക്രമം അഴിച്ചുവിടാനായി ബി.ജെ.പി ബംഗ്ലാദേശില്‍ നിന്നും നൂറ് കണക്കിന് ആളുകളെ ബംഗാളില്‍ എത്തിച്ചിരിക്കുകയാണെന്ന് ബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയോ മുള്ളിക് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തൃണമൂല്‍ നടത്തിവന്ന അക്രമ പരമ്പരയുടെ തുടര്‍ച്ച മാത്രമായിരുന്നു പോളിംഗ് ദിനത്തില്‍ അരങ്ങേറിയത്. തൃണമൂല്‍ ആക്രമണത്തെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി നാമനിര്‍ദ്ദേശ പത്രിക വാട്‌സ്അപ്പിലൂടെ സ്വീകരിക്കാന്‍ കോടതിക്ക് ഉത്തരവിടേണ്ടി വന്ന അത്രയും ഗുരുതരമായ സ്ഥിതിയിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്.
അക്രമം തുടരുന്നതിനാല്‍ സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും കൃത്യസമയത്ത് പത്രിക സമര്‍പ്പിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് നിര്‍ദ്ദിഷ്ട സമയം കഴിഞ്ഞ് തിങ്കളാഴ്ച നാല് മണിക്കൂര്‍ സമയം കൂടി സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ അക്രമം തുടര്‍ന്നതോടെ ഈ സമയത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനായില്ല.
പത്രിക നല്‍കാനെത്തുന്നവര്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അക്രമ സംഭവങ്ങളില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നെന്ന നിരവധി ആരോപണങ്ങളാണ് ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബീര്‍ഭും ജില്ലയില്‍ സുഡിയില്‍ തൃണമൂല്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദില്‍ദാര്‍ഖാന്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് മനോജ് ചക്രവര്‍ത്തി ഉള്‍പ്പടെ മുതില്‍ന്ന നേതാക്കള്‍ക്ക് വരെ തൃണമൂല്‍ ആക്രമണം നേരിട്ടു. പ്രമുഖ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ബസുദേവ് ആചാര്യയും ക്രൂരമായി ആക്രമിക്കപ്പെട്ടു. കാശിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവേയാണ് അദ്ദേഹത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും ഏപ്രില്‍ 16 വരെ നിര്‍ത്തിവെക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് 12ന് ഉത്തരവിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിടുന്നെന്ന് ആരോപിച്ചുള്ള ബി.ജെ.പി ബംഗാള്‍ നേതൃത്വത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതി വിധി. തുടര്‍ന്ന് പത്രിക സമര്‍പ്പണത്തിനുള്ള തീയതി ഒരു ദിവസം നീട്ടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയും തെരഞ്ഞെടുപ്പ് കമ്മിഷനും ഇടപെട്ടിട്ടും തൃണൂല്‍ ആക്രമണങ്ങള്‍ക്ക് അറുതിയുണ്ടായില്ല.