| Tuesday, 23rd April 2024, 10:35 am

രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിച്ചു: അരവിന്ദ് കെജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം തിങ്കളാഴ്ച വൈകീട്ടാണ് കുറഞ്ഞ അളവിലുള്ള രണ്ട് ഡോസ് ഇന്‍സുലിന്‍ നല്‍കിയിട്ടുള്ളത്. തിഹാര്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് കെജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കുന്നത്.

ഇന്നലെ വൈകീട്ടോടെ കെജ്‌രിവാളിന്റെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് 217 ആയി വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജയിലിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കിയത്. ഏപ്രില്‍ 20ന് എയിംസിലെ ഡോക്ടര്‍മാരുമായിനടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ഷുഗര്‍ ലെവല്‍ ഒരു പരിധിയിലേറെ ഉയര്‍ന്നാല്‍ ഇന്‍സുലിന്‍ നല്‍കാമെന്ന് നിര്‍ദേശിച്ചിരുന്നു. അതേ സമയം ജയില്‍ അധികൃതര്‍ പറയുന്നതിന് വിപരീതമായി കെജ്‌രിവാളിന്റെ ഷുഗര്‍ ലെവല്‍ 320 ആണെന്ന് എ.എ.പി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ 1 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ താനൊരു പ്രമേഹരോഗിയാണെന്നും എല്ലാ ദിവസവും തനിക്ക് ഇന്‍സുലിന്‍ ആവശ്യമുണ്ടെന്നും ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ അതു നല്‍കാന്‍ തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല കെജ്‌രിവാള്‍ മാമ്പഴം കഴിച്ച് കൃത്രിമമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു.

മാത്രവുമല്ല എയിംസിലെ ഡോക്ടര്‍മാരുമായി അദ്ദേഹം നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ഇന്‍സുലിന്റെ കാര്യം പറഞ്ഞിരുന്നില്ല എന്നും തിഹാര്‍ ജയില്‍ അധികൃതര്‍ പറഞ്ഞിരുന്നു. കെജ്‌രിവാളിന്റെ പ്രമേഹത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നാണ് എയിംസ് അധികൃതര്‍ പറഞ്ഞത് എന്നും ജയില്‍ അധികൃതര്‍ വാര്‍ത്താകുറിപ്പിറക്കിയിരുന്നു.

ഇത് നിഷേധിച്ച് കൊണ്ട് കെജ്‌രിവാള്‍ ജയില്‍ സൂപ്രണ്ടിന് കത്തെഴുതുകയും ആ കത്ത് എ.എ.പി നേതാവ് അതിഷി എക്‌സില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ജയില്‍ അധികൃതര്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി തെറ്റായ കാര്യങ്ങള്‍ പറയുകയാണെന്നായിരുന്നു കെജ്‌രിവാളിന്റെ കത്തിലുണ്ടായിരുന്നത്.

പ്രമേഹരോഗിയായ കെജ്‌രിവാളിന് ഇന്‍സുലിന്‍ നിഷേധിച്ച് കൊണ്ട് അദ്ദേഹത്തെ ജയിലിട്ട് കൊല്ലാനാണ് അധികൃതര്‍ ശ്രമിക്കുന്നത് എന്നും എ.എ.പി ആരോപിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ കഴിഞ്ഞ ദിവസം കെജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍തിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

content highlights: Blood sugar spike: Arvind Kejriwal given insulin

Latest Stories

We use cookies to give you the best possible experience. Learn more