മുംബൈ: കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കമന്റേറ്റര്‍ മൈക്കല്‍ സ്ലാട്ടര്‍. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി നിരുത്തരവാദപരമാണെന്ന് സ്ലാട്ടര്‍ പറഞ്ഞു.
മേയ് 15 വരെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ നിരോധനം ഏര്‍പ്പെടുത്തിയത്. നേരത്തെ ഐ.പി.എല്ലിനായി ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരെ രൂക്ഷമായാണ് സ്ലാട്ടര്‍ പ്രതികരിച്ചത്.
‘നമ്മുടെ സര്‍ക്കാര്‍ ഓസ്‌ട്രേലിയക്കാരെ പരിഗണിക്കുന്നുണ്ടെങ്കില്‍ അവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കണം. ഇത് അപമാനമാണ്. നിങ്ങളുടെ കൈകളില്‍ രക്തം കലര്‍ന്നിരിക്കുന്നു പ്രധാനമന്ത്രീ..! ഞങ്ങളോട് ഇത്തരത്തില്‍ പെരുമാറാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു. ഐ.പി.എല്ലില്‍ പങ്കുചേരാന്‍ എനിക്ക് സര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നു, ഇപ്പോള്‍ അവര്‍ അത് നിരസിക്കുന്നു,’ സ്ലാട്ടര്‍ പറഞ്ഞു.
സ്ലാട്ടറിനെ കൂടാതെ ബ്രെറ്റ് ലീയും കമന്റേറ്ററായി ഇന്ത്യയിലുണ്ട്. കൂടാതെ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് തുടങ്ങി 14 ദേശീയ താരങ്ങളും ഇന്ത്യയിലുണ്ട്.
നേരത്തെ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ആദം സാംപ, ആന്‍ഡ്രൂ ടൈ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ ഐ.പി.എല്‍ വിട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇന്ത്യയില്‍ നിന്ന് തിരിച്ച് വരുന്ന പൗരന്മാര്‍ക്ക് നേരത്തെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. തിരിച്ചെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് രാജ്യത്ത് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് ഓസ്ട്രേലിയ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 66,000 ഡോളറോ പിഴയോ ലഭിക്കുന്നതാണ്. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
അതേസമയം ഐ.പി.എല്ലില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച കൊല്‍ക്കത്തയും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു.
ഇതാദ്യമായാണ് ഐ.പി.എല്‍ നടക്കുന്നതിനിടെ കളിക്കാര്‍ കൊവിഡ് ബാധിതരാവുന്നത്. നൈറ്റ് റൈഡേഴ്സിന്റെ വരുണ്‍ ചക്രവര്‍ത്തിയും മലയാളി താരം സന്ദീപ് വാര്യരുമാണ് കൊവിഡ് പോസിറ്റീവ് ആയത്.
ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Blood On Your Hands, PM: Australian IPL Commentator Slams His Government