വാഷിങ്ടണ്‍: ഇസ്രഈലിന്റെ ഗസക്കെതിരെയുള്ള വംശീയ ആക്രമണങ്ങളെ അപലപിച്ച് ഫലസ്തീന്‍ അനുകൂല ട്രാക്ക് പുറത്തിറക്കി യു.എസ് റാപ്പര്‍ മാക്ലെമോര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഗാനം ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇസ്രഈലിന്റെ യുദ്ധഭീകരതയെ മുഖാമുഖം കണ്ട് ഒടുക്കം മരണം കിഴടക്കിയ ആറ് വയസ്സുകാരി ഹിന്ദ് റജബിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് ഗാനം പുറത്തിറക്കിയിരുന്നത്.
കൊല്ലപ്പെട്ട ഫലസ്തീന്‍ പെണ്‍കുട്ടിയോടുള്ള ബഹുമാനാര്‍ത്ഥം കൊളംബിയ സര്‍വകലാശാലയിലെ കെട്ടിടത്തെ പരാമര്‍ശിക്കുന്ന ‘ഹിന്ദ്‌സ് ഹാള്‍’ എന്ന പേരാണ് ഗാനത്തിനിട്ടിരിക്കുന്നത്.
ഇസ്രഈലിനുള്ള യു.എസ് സഹായം, ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് ക്രൂരത, ഫലസ്തീന്‍ അനുകൂല ഉള്ളടക്കങ്ങള്‍ക്കെതിരായ സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പ് എന്നിവയിലൂന്നിയാണ് ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 75 വര്‍ഷമായി ഇസ്രഈല്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സയണിസ്റ്റ് മനോഭാവ പ്രത്യയ ശാസ്ത്രങ്ങളെ എതിര്‍ക്കുന്ന ഗാനം, ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.
ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചതിന് അമേരിക്കയിലുടനീളമുള്ള വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത നടപടികളെയും ഗാനം പരാമര്‍ശിക്കുന്നു. അതേസമയം ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു.
ഇസ്രഈലിന്റെ ക്രൂരമായ അധിനിവേശത്തിനും യു.എസ് പിന്തുണയ്ക്കുമെതിരെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ആഴ്ചകളായി ക്യാമ്പസുകളില്‍ പ്രതിഷേധിക്കുകയാണ്. രാജ്യവ്യാപകമായി 2,500-ലധികം ആളുകളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ നിര്‍വചനത്തില്‍ എവിടെയാണ് വംശഹത്യയെ കുറിച്ച് പരാമര്‍ശിക്കുന്നത് എന്ന് ചോദിക്കുന്ന മാക്ലെമോര്‍ ഇസ്രഈലിന്റെ അക്രമങ്ങളെയും സയണിസത്തെയും കുറിച്ചുള്ള ആശങ്കയും ഗാനത്തില്‍ പങ്കുവെക്കുന്നുണ്ട്. യു.എസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മക്ലെമോര്‍ ജോ ബൈഡന്റെ കൈകള്‍ രക്തം പുരണ്ടതാണെന്നും പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ അമേരിക്ക ഇസ്രഈലിന് സഹായം നല്‍കുന്നുണ്ട്. വാഷിങ്ടണ്‍ ഇസ്രഈല്‍ 3.8 ബില്യണ്‍ ഡോളര്‍ വാര്‍ഷിക സൈനിക തുകയായി നല്‍കുകയും പലപ്പോഴും ഐക്യരാഷ്ട്രസഭയില്‍ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
ഗ്രാമി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ സംഗീതജ്ഞനും റാപ്പറുമായ മാക്ലെമോര്‍ ഇതിനു മുന്‍പും പുറത്തിറക്കിയ ഗാനങ്ങള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 2012-ലെ ‘ത്രിഫ്റ്റ് ഷോപ്പ്’ പോലെയുള്ള ഹിറ്റുകള്‍ മക്ലെമോറിന്റെ മികച്ച സംഭാവനയാണ്.
Content Highlight :Blood is on your hands’: Macklemore slams Biden’s Gaza ‘genocide’ policy