| Sunday, 30th August 2020, 9:44 pm

ഒരു കഥ- ഗെയിം ഓഫ് ത്രോണ്‍സ്, ദ സൗദി വെര്‍ഷന്‍

അഭിനന്ദ് ബി.സി

ക്യാപ്റ്റന്‍ സൗദിന്റെ കാര്യത്തില്‍ എന്തോ ഒന്ന് ശരിയായിരുന്നില്ല. പ്രത്യക്ഷത്തില്‍ അദ്ദേഹത്തിന് ഒരു പൈലറ്റിന്റെ ബാഹ്യരൂപമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ യൂണിഫോം വടിവൊത്തതായിരുന്നു. ആത്മ വിശ്വാസത്തോടെയും സൗഹൃദത്തോടെയുമായിരുന്നു സൗദിന്റെ പെരുമാറ്റം.

കെയ്‌റോയിലേക്ക് യാത്ര ചെയ്യുന്ന സൗദി രാജകുമാരന്‍ സുല്‍ത്താന്‍ ബിന്‍ തുര്‍ക്കി രണ്ടാമന്‍ എന്ന വി.ഐ.പിയുടെ സ്റ്റാഫുകളോട് അദ്ദേഹം തമാശ പറയുകയും തന്റെ കുട്ടികളുടെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്യുന്നുണ്ട്.

പക്ഷെ എന്തോ ഒരു പന്തികേടുണ്ടായിരുന്നു. രാജകുമാരന്റെ അകമ്പടിക്കാരില്‍ ഒരാള്‍ വിനോദ പൈലറ്റായിരുന്നു. ഇദ്ദേഹത്തിന്റെ പൈലറ്റ് പരിശീലനത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളോടൊപ്പം സംസാരിച്ചു നില്‍ക്കാന്‍ ക്യാപ്റ്റന്‍ സൗദിന് പറ്റുന്നുണ്ടായിരുന്നില്ല. വിമാനത്തില്‍ 19 ക്രൂ അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു വിമാനത്തിലെ സാധാരണ ജീവനക്കാരുടെ ഇരട്ടിയാണിത്. മാത്രവുമല്ല ക്രൂ അംഗങ്ങള്‍ മുഴുവന്‍ പുരുഷന്‍മാരായിരുന്നു. സൗദി റോയല്‍ കോര്‍ട്ട് ഫ്‌ളൈറ്റുകളില്‍ സ്ഥിരമായിട്ടുള്ള യൂറോപ്യന്‍ സുന്ദരികളെവിടെ?

പിന്നീടാണ് ആ വാച്ച്, ചര്‍ച്ചയിലേക്ക് വരുന്നത്. രാജകുമാരന്റെ സഹായികളിലൊരാള്‍ ധരിച്ച ബ്രെയ്റ്റ്‌ലിങ്ങിന്റെ എമര്‍ജന്‍സി വാച്ച് കണ്ട് ക്യാപ്റ്റന്‍ അതിശയം പൂണ്ടു. ‘ഐ ഹാവ് നെവര്‍ സീന്‍ വണ്‍ ഓഫ് ദീസ്’ സ്പഷ്ടമായ ഇംഗ്ലീഷില്‍ ക്യാപ്റ്റന്‍ പറഞ്ഞു.

15000 ഡോളര്‍ വിലവരുന്ന, വിമാനാപകട ഘട്ടത്തില്‍ റേഡിയോ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന ഒരു എമര്‍ജന്‍സി വാച്ച് ചെറിയ ശമ്പളമുള്ള ഒരു പൈലറ്റിന് സ്വന്തമാക്കാവുന്നതാണ്. ഏത് പൈലറ്റാണ് ഇത്തരമൊരു വാച്ച് ഒരിക്കലും കാണാതിരിക്കുക? പോരാത്തതിന് ഒരു പൈലറ്റിന്റെ മൂന്നു മാസത്തെ ശമ്പളത്തിന്റെ ചെലവ് വരുന്ന ഇയാള്‍ ധരിച്ച ഹബ്ലറ്റ് വാച്ച് ഏത് പൈലറ്റാണ് ധരിക്കുക..?

ആ വാച്ച്, 19 ക്രൂ അംഗങ്ങള്‍, പൈലറ്റ് പരിശീലനത്തെക്കുറിച്ചുള്ള കുറഞ്ഞ ധാരണ, ഈ താളപ്പിഴ കൂടി വരുന്നു. ഒടുവില്‍ ആ രാജകുമാരന് മുന്നറിയിപ്പ് ലഭിച്ചു. ആ വിമാനത്തില്‍ കയറരുത്. അതൊരു കെണിയാണ്…

പക്ഷെ സുല്‍ത്താന്‍ രാജകുമാരന്‍ വളരെ തളര്‍ന്നിരുന്നു. കെയ്റോയില്‍ തന്നെയും കാത്തിരിക്കുന്ന പിതാവിനെ കാണാന്‍ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. മാത്രവുമല്ല സൗദി രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഈ വിമാനമയച്ചത്. തന്റെ കസിനെ അദ്ദേഹം വിശ്വസിച്ചു.

സുല്‍ത്താന്‍ ബിന്‍ തുര്‍ക്കി രണ്ടാമന്‍

രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പോലെ തന്നെ സൗദി സ്ഥാപകന്‍ അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്‍ റഹ്മാന്റെ കൊച്ചുമകനാണ് സുല്‍ത്താന്‍ തുര്‍കി രണ്ടാമനും.

കുടുംബ പ്രശ്നങ്ങളുടെ നടുവിലേക്കാണ് സുല്‍ത്താന്‍ രാജകുമാരന്‍ ജനിച്ച് വീഴുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് തുര്‍കി രണ്ടാമന്‍ (സൗദി സ്ഥാപകന് തുര്‍കി എന്ന പേരില്‍ രണ്ടു മക്കളുണ്ടായിരുന്നതിനാലാണ് ഇങ്ങനെ പേര് നല്‍കിയത്) അധികാരത്തിലേറാന്‍ സാധ്യതയുള്ളയാളായിരുന്നു.

പക്ഷെ ഇതിനിടയില്‍ ഇദ്ദേഹം ഒരു സൂഫിയുടെ മകളെ വിവാഹം കഴിച്ചു. യാഥാസ്ഥിതിക ഇസ്ലാമിസത്തിന് അപമാനമായിട്ടാണ് സൂഫിസത്തെ സൗദി രാജകുടുംബം കാണുന്നത്. സൂഫിയുടെ മകളെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തിന് നാടു വിട്ടു പോവേണ്ടി വന്നു. കെയ്റോയി ലേക്കാണ് അദ്ദേഹം പോയത്.

എന്നാല്‍ മകന്‍ സുല്‍ത്താന്‍ സൗദി രാജകുടുംബത്തിലെ പ്രബലരുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അബ്ദുള്ള രാജകുമാരന്റെ മകളെയായിരുന്നു ഇദ്ദേഹം വിവാഹം കഴിച്ചത്. പക്ഷെ 1990 ല്‍ ഒരു കാര്‍ അപകടത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. ഈ സമയത്ത് 22 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന സുല്‍ത്താന്‍ അങ്ങനെ ഒരു കുത്തഴിഞ്ഞ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

അന്നത്തെ സൗദി രാജാവ് ഫഹ്ദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദില്‍ നിന്നും ഇദ്ദേഹത്തിന് ലഭിച്ചിരുന്ന പരിഗണനകള്‍ എടുത്തുപറയേണ്ടതാണ്.

മോഡലുകള്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ തുടങ്ങിയ ഒരു വന്‍പടയുടെ അകമ്പടിയോടെ യൂറോപ്പില്‍ കറങ്ങി സുല്‍ത്താന്‍ ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു. തന്റെ സഹോദര പുത്രനോടുള്ള അളവറ്റ വാത്സല്യത്താല്‍ ഫഹദ് രാജാവിന് ഇതെല്ലാം കണ്ടിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നു.

2002 ല്‍ ഫഹദ് രാജാവ് കണ്ണിന്റെ ശസ്ത്രക്രിയക്കായി ജനീവയിലെ ആശുപത്രിയിലായപ്പോള്‍ അദ്ദേഹത്തിന്റെ വീല്‍ചെയറിനു അരികെ നില്‍ക്കാനുള്ള പ്രത്യേക അധികാരം സുല്‍ത്താനുണ്ടായിരുന്നു. രാജകുടുംബത്തിലെ വളരെ പ്രധാനപ്പെട്ട ആളുകള്‍ക്ക് മാത്രമാണ് ഇതിന് സാധിച്ചിരുന്നത്.

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും സുല്‍ത്താന് ഔദ്യോഗിക ഭരണത്തില്‍ ഒരു റോളും ഉണ്ടായിരുന്നില്ല. പക്ഷെ തിരശ്ശീലയ്ക്ക് പിറകില്‍ സ്വാധീനമുള്ള വ്യക്തിയായി അറിയപ്പെടാന്‍ അദ്ദേഹമിഷ്ടപ്പെട്ടിരുന്നു. മറ്റ് രാജകുമാരന്‍മാരേക്കാള്‍ തുറന്ന നിലപാട് സ്വീകരിച്ച സുല്‍ത്താന്‍ രാജകുമാരന്‍ സൗദി നയങ്ങളെ സംബന്ധിച്ച് വിദേശ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമായിരുന്നു. 2003 ല്‍ ഈ നയത്തില്‍ ചെറിയൊരു മാറ്റം വന്നു.

സൗദി അറേബ്യ ലെബനന് സഹായം നല്‍കരുതെന്ന് സുല്‍ത്താന്‍ വിദേശത്തു നിന്നുള്ള റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. അന്നത്തെ ലെബനന്‍ പ്രധാനമന്ത്രി റഫീക് ഹരീരി അനധികൃതമായി സൗദിയുടെ പണം ധൂര്‍ത്തടിക്കുകയാണെന്ന് ഇദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഇത് ഒരു വലിയ പ്രസ്താവനയായിരുന്നില്ല. റഫീക് ഹരീരിക്കതിരെ ആരോപണം ഉന്നയിക്കുന്ന ആദ്യ വ്യക്തിയുമായിരുന്നില്ല സുല്‍ത്താന്‍. മാത്രവുമല്ല പരാമര്‍ശത്തില്‍ സൗദിക്കെതിരെ വലിയ വിമര്‍ശനവുമുണ്ടായിരുന്നില്ല.

ലെബനന്‍ മുന്‍  പ്രധാനമന്ത്രി റഫീക് ഹരീരി

അതേ സമയം രാജകുടുംബത്തിനുള്ളില്‍ ഈ പരാമര്‍ശം ഒരു തീപ്പൊരിയായി വീണു. സൗദി അറേബ്യന്‍ ഭരണാധികാരികളുമായി ലെബനന്‍ പ്രധാനമന്ത്രി റഫീക് ഹരീരിക്ക് വലിയ അടുപ്പമാണുണ്ടായിരുന്നത്. പ്രത്യേകിച്ച് രാജാവിന്റെ മകന്‍ അബ്ദുള്‍ അസീസുമായി. സ്വഭാവികമായും സുല്‍ത്താന്റെ പ്രസ്താവന അബ്ദുള്‍ അസീസിനെതിരെയുള്ള പരാമര്‍ശമായി കണക്കാക്കപ്പെട്ടു.

ഈ പരാമര്‍ശത്തിന്റെ ചൂടാറും മുന്‍പ് ഒരു സംഭവം കൂടെയുണ്ടായി. സുല്‍ത്താന്‍ അസോസിയേറ്റഡ് പ്രസ്സിന് ഒരു പ്രസ്താവന ഫാക്സ് ചെയ്തു. കഴിഞ്ഞ 25 വര്‍ഷമായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച രാജകുമാരന്‍മാര്‍ക്കും മറ്റുള്ളവര്‍ക്കുമിടയിലെ അഴിമതി തുടച്ചു നീക്കാന്‍ താന്‍ ഒരു കമ്മീഷന്‍ ആരംഭിച്ചു എന്നായിരുന്നു ഫാക്സ് സന്ദേശത്തിന്റെ ഉള്ളടക്കം.

ഈ സംഭവം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ സുല്‍ത്താന് അബ്ദുള്‍ അസീസില്‍ നിന്നും ഒരു പ്രത്യേകക്ഷണം ലഭിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ജനീവയിലെ വസതിയിലേക്കായിരുന്നു സുല്‍ത്താനെ ക്ഷണിച്ചത്.

കൂടിക്കാഴ്ചയില്‍ വെച്ച് സുല്‍ത്താനെ സൗദിയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ അബ്ദുള്‍ അസീസ് ശ്രമിച്ചു. സുല്‍ത്താന്‍ ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ പിടിച്ചു കെട്ടി ബോധം കെടുത്തി റിയാദിലേക്കുള്ള വിമാനത്തിലേക്ക് വലിച്ചുകയറ്റി.

181 കിലോയിലധികമായിരുന്നു സുല്‍ത്താന്റെ ഭാരം. അബോധാവസ്ഥയിലായ സുല്‍ത്താനെ വലിച്ചിഴച്ചതോ അല്ലെങ്കില്‍ കുത്തിവെച്ച മയക്കുമരുന്നോ മൂലം അദ്ദേഹത്തിന്റെ ഡയഫ്രം, കാലുകള്‍ എന്നിവയുമായി ബന്ധിപ്പിച്ച ഞരമ്പുകള്‍ക്ക് പരിക്കു പറ്റിയിരുന്നു. അടുത്ത 11 വര്‍ഷം സൗദി ജയിലനകത്തും റിയാദിലെ ഗവണ്‍മെന്റ് ആശുപത്രിയിലുമായി അദ്ദേഹം കഴിഞ്ഞു.

2014 ല്‍ പന്നിപ്പനി സുല്‍ത്താനെ ശാരീരികമായി തളര്‍ത്തി. ആരോഗ്യം പാടെ തളര്‍ന്ന സുല്‍ത്താന്‍ രാജകുമാരന്‍ ഭരണതലത്തില്‍ ഒരു ഭീഷണി ആവാനിടയില്ല എന്നായിരുന്നു അബ്ദുള്‍ അസീസ് രാജകുമാരന്റെ കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ ചികിത്സയ്ക്കായി മസ്സാച്ചുസെറ്റില്‍ പോവാന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ അനുവദിച്ചു. സുല്‍ത്താനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു സ്വതന്ത്ര്യമായിരുന്നു.

സുല്‍ത്താന്‍ തടവില്‍ കഴിഞ്ഞ കാലയളവില്‍ വലിയ മാറ്റങ്ങള്‍ സൗദി രാജകുടുംബത്തില്‍ നടന്നിരുന്നു. രാജാവ് ഫഹദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് 2005 ല്‍ മരണപ്പെട്ടു. ഇദ്ദേഹത്തിനു ശേഷം അധികാരത്തിലേറിയത് സുല്‍ത്താന്റെ ഭാര്യാ പിതാവായ അബ്ദുല്ല ആയിരുന്നു.

രാജകുടുംബാംഗങ്ങളുടെ കുത്തഴിഞ്ഞ ആര്‍ഭാടത്തോട് വിയോജിപ്പുണ്ടായിരുന്ന അബ്ദുള്ള രാജാവ്് രാജകുമാരന്‍മാര്‍ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചു. ഇക്കാലയളവില്‍ തന്നെ രാജകുടുംബാംഗങ്ങളുടെ തെറ്റുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.

എന്നാല്‍ വിദേശത്തേക്ക് പോയ സുല്‍ത്താനെ ഈ മാറ്റങ്ങള്‍ വലിയ രീതിയില്‍ ബാധിച്ചിരുന്നില്ല. തന്റെ ചികിത്സ കഴിഞ്ഞതിനു ശേഷവും അബ്ദുല്ല രാജാവിന് ശേഷം സല്‍മാന്‍ രാജാവ് അധികാരമേറിയപ്പോഴും സുല്‍ത്താന്‍ രാജകുമാരനെ ഒന്നും തന്നെ ബാധിച്ചിരുന്നില്ല. സുല്‍ത്താന്‍ മസാച്ചുസെറ്റില്‍ വെച്ച് അമിത വണ്ണം കുറയ്ക്കാനുള്ള ശാസ്ത്രക്രിയും കോസ്മെറ്റിക് സര്‍ജറിയും ചെയ്തു. തന്റെ പഴയ ഉല്ലാസ ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചെത്തി.

തന്റെ പഴയ സുരക്ഷാ ഉദ്യോഗസ്ഥരെയും അകമ്പടിക്കാരെയും തിരിച്ചു വിളിച്ച സുല്‍ത്താന്‍ വീണ്ടും യൂറോപ്പിലൂടെ പാറി നടന്നു.
സുരക്ഷാ അകമ്പടിക്കാര്‍, ആറ് മുഴുവന്‍ സമയ നഴ്സുമാര്‍, സ്വിസ് മോഡലിംഗ് ഏജന്‍സിയില്‍ നിന്നും വരുത്തിയ സുന്ദരികള്‍ തുടങ്ങിയവരുമായി ഇദ്ദേഹം യൂറോപ്പില്‍ ആര്‍ഭാട ജീവിതം നയിച്ചു.

ഒരു മാസത്തേക്ക് ലക്ഷക്കണക്കിന് ഡോളറുകളാണ് ഇദ്ദേഹം ചെലവാക്കിയത്. ഒസ്ലോയില്‍ നിന്നും ബെര്‍ലിനിലേക്ക്, ജനീവയില്‍ നിന്നും പാരീസിലേക്ക്… സുല്‍ത്താന്‍ നിരന്തര യാത്രകള്‍ നടത്തി. ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണം കഴിച്ചു. ഏറ്റവും മികച്ച വൈനുകള്‍ മാത്രം കഴിച്ചു. ഒരു നഗരത്തില്‍ കുറച്ചു ദിവസം കഴിഞ്ഞു കഴിഞ്ഞാല്‍ തന്റെ ബാഗുകള്‍ പായ്ക്ക് ചെയ്യാനായി പ്രത്യേകമാളുകളെ വിളിപ്പിക്കും. എയര്‍പോര്‍ട്ടിലേക്ക് എസ്‌കോര്‍ട്ട് ചെയ്യാനായി സൗദി എംബസിയിലേക്കാണ് വിളിക്കുക. വിമാനത്തില്‍ അടുത്ത നഗരത്തിലേക്ക് പോവും.

2015 മധ്യത്തില്‍ സര്‍ദിനിയയിലെ മനോഹരമായ ഒരു ഹോട്ടലില്‍ സുല്‍ത്താന്‍ താമസിക്കാന്‍ തുടങ്ങി.

തന്റെ ഈ ആര്‍ഭാടം അവസാനിക്കാറായെന്ന് സുല്‍ത്താന് മനസ്സിലായിത്തുടങ്ങി. സൗദി സര്‍ക്കാരില്‍ നിന്നും വരുന്ന ഈ പണമൊഴുക്ക് ഉടനെ നിലയ്ക്കും. ഇദ്ദേഹത്തിനാണെങ്കില്‍ മറ്റൊരു വരുമാനവുമില്ല. അതിനാല്‍ സുല്‍ത്താന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്തു. 2003-ല്‍ തന്നെ തട്ടിക്കൊണ്ടു പോയപ്പോള്‍ പറ്റിയ പരിക്കുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുഹമ്മദ് ബിന്‍ സല്‍മാനോട് ഇക്കാര്യം സല്‍മാന്‍ ആവശ്യപ്പെട്ടു. രാജകുമാരനെ സുല്‍ത്താന് വലിയ രീതിയില്‍ അറിയില്ലായിരുന്നു. സല്‍മാന്‍ രാജകുമാരന്റെ യുവത്വ കാലഘട്ടത്തില്‍ സുല്‍ത്താന്‍ തടവിലായിരുന്നു. എന്നാല്‍ രാജകുടുംബത്തില്‍ ഏറ്റവും ശക്തനായ വ്യക്തിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ മാറിയത് ബന്ധുക്കളില്‍ നിന്നും സുല്‍ത്താന്‍ അറിഞ്ഞിരുന്നു.

എന്നാല്‍ സുല്‍ത്താന്റെ നീക്കം ഫലം കണ്ടില്ല. രാജകുടുംബത്തിനെതിരെ മാധ്യമങ്ങളോട് സംസാരിച്ച് സ്വയം വരുത്തി വെച്ച വിനകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സല്‍മാന്‍ രാജകുമാരന്‍ തയ്യാറായില്ല. ഇതറിഞ്ഞ സുല്‍ത്താന് ഒരു അപ്രതീക്ഷിത നീക്കം നടത്തി. സ്വിറ്റ്സര്‍ലന്റിലെ കോടതിയില്‍ തന്നെ തട്ടിക്കൊണ്ടു പോയവര്‍ക്കെതിരെ സുല്‍ത്താന്‍ പരാതി നല്‍കി.

സുല്‍ത്താന്റെ വിശ്വസ്തര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു.’ ഒരിക്കല്‍ നിങ്ങളെ അവര്‍ തട്ടിക്കൊണ്ടു പോയതാണ്. ഇനിയൊരിക്കല്‍ കൂടി അങ്ങനെ നടന്നാലോ? സുല്‍ത്താന്റെ വക്കീല്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ സുല്‍ത്താന്‍ പരാതി നല്‍കാന്‍ പിടിവാശി കാണിച്ചു. സ്വിസ് ക്രിമിനല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു. സംഭവം വാര്‍ത്തയായി.
പൊടുന്നനെ തന്നെ സൗദിയില്‍ നിന്നും സുല്‍ത്താനു വരുന്ന ഫണ്ട് നിലച്ചു.

മുഹമ്മദ് ബിന്‍ സല്‍മാന്‍

സുല്‍ത്താന്റെ അകമ്പടിക്കാര്‍ക്ക് ആദ്യമിക്കാര്യം മനസ്സിലായിരുന്നില്ല. ഒരു ദിവസം സുല്‍ത്താന്‍ ഹോട്ടലിലെ റൂം സര്‍വീസിനായി വിളിച്ചപ്പോള്‍ റെസ്റ്റോറന്റ് അധികൃതര്‍ വിസമ്മതിച്ചതു വരെ. കാര്യം മനസ്സിലായപ്പോള്‍ സഹായികളിലൊരാള്‍ സുല്‍ത്താനോട് ഇക്കാര്യം പറഞ്ഞു, നിങ്ങളാകെ തകര്‍ന്നിരിക്കുന്നു..

ഒരു മില്യണ്‍ ഡോളറോളം ഹോട്ടലിന് ബില്ലായി സുല്‍ത്താന്‍ അടയ്ക്കാനുണ്ടായിരുന്നു. ഒടുവില്‍ ഇവരോട് കടം പറഞ്ഞു. സൗദിയില്‍ നിന്നും ഈ പണം ലഭിക്കാനായി രണ്ടും കല്‍പ്പിച്ച് സുല്‍ത്താന്‍ ശ്രമം നടത്തി. മുഹമ്മദ് ബിന്‍ സല്‍മാനെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്ന് സുല്‍ത്താന്‍ തീരുമാനിച്ചു.

സൗദി രാജകുടുംബത്തില്‍ രാജാവിന്റെ സഹോദരങ്ങള്‍ തമ്മില്‍ ഒരു ധാരണയുണ്ട്. ഒരു രാജാവ് അയോഗ്യനാണെന്ന് കണ്ടെത്തിയാല്‍ സഹോരങ്ങള്‍ക്ക് അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കാം. സുല്‍ത്താന്‍ സല്‍മാന്‍ രാജാവിന്റെ സഹോദരങ്ങള്‍ക്ക് രണ്ട് ഊമക്കത്തുകള്‍ അയച്ചു. സല്‍മാന്‍ രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കളിപ്പാവയാണെന്നും ഇദ്ദേഹത്തിന് യാതൊരു അധികാരവുമില്ലെന്നും കത്തില്‍ ആരോപിച്ചു.

ഒപ്പം മുഹമ്മദ് ബില്‍ സല്‍മാന്‍ അഴിമതിക്കാരനാണെന്നും രണ്ട് മില്യണ്‍ ഡോളര്‍ സൗദി സര്‍ക്കാരില്‍ നിന്നും സ്വകാര്യ അക്കൗണ്ടിലേക്ക് വകമാറ്റിയിട്ടുണ്ടെന്നും കത്തില്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ രാജാവിനെ ഒറ്റപ്പെടുത്തുകയും മുതിര്‍ന്ന രാജകുടുംബാംഗങ്ങളുമായി അടിയന്തര യോഗം ചേര്‍ന്ന് രാജ്യത്തെ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുമാണ് മുന്നിലുള്ള വഴിയെന്നും സുല്‍ത്താന്‍ എഴുതി.

ഈ കത്ത് പുറത്താവുകയും യു.കെയിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. കത്തുകളില്‍ ഒപ്പു വെച്ചില്ലായിരുന്നെങ്കിലും ആരാണിതെഴുതിയതെന്ന് രാജവൃത്തങ്ങള്‍ക്ക് മനസ്സിലായി.

കത്തിനെ തുടര്‍ന്ന് ചില സംഭവ വികാസങ്ങള്‍ നടക്കുമെന്നു കരുതി സുല്‍ത്താന്‍ കാത്തിരുന്നു. ഒരു പക്ഷെ മുഹമ്മദ് ബിന്‍ സല്‍മാനു മേല്‍ നിയന്ത്രണങ്ങള്‍ വന്നേക്കാം, അല്ലെങ്കില്‍ ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ രാജകുമാരന്‍ തനിക്ക് പണം അനുവദിച്ചേക്കാം.

അത്ഭുതകരമെന്ന തോതില്‍ സുല്‍ത്താന്റെ നീക്കം ഫലം കണ്ടു, കത്തുകള്‍ പുറത്തു വന്ന് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാരില്‍ നിന്നും രണ്ടു മില്യണ്‍ ഡോളര്‍ സുല്‍ത്താന്റെ അക്കൗണ്ടിലെത്തി. ഹോട്ടലിനു നല്‍കാനുള്ള പണം അദ്ദേഹം തിരിച്ചടച്ചു. തന്റെ യാത്രാ പദ്ധതികള്‍ പുനരാരംഭിക്കുകയും ചെയ്തു.

ഇതിനിടെ കെയ്‌റോയിലേക്ക് വരാന്‍ സുല്‍ത്താനെ ഇദ്ദേഹത്തിന്റെ പിതാവ് ക്ഷണിച്ചു. ഇടയ്ക്ക് അകല്‍ച്ചയിലായ തങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും ഊട്ടി ഉറപ്പിക്കാന്‍ പറ്റുമെന്ന് സുല്‍ത്താന്‍ കരുതി. ഒരു ബോണസെന്ന പോലെ സുല്‍ത്താനും സംഘത്തിനും കെയ്റോയിലേക്ക് വരാനായി സൗദി കൊട്ടാരത്തില്‍ നിന്നും ലക്ഷ്വറി ജെറ്റ് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും പിതാവ് ഇദ്ദേഹത്തെ അറിയിച്ചു.

സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും

സുല്‍ത്താന്റെ സ്റ്റാഫുകള്‍ ഇതെല്ലാം കണ്ട് ഭയചകിതരാവുകയാണ് ചെയ്തത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു തവണ സര്‍ക്കാരിനെ വിമര്‍ശിച്ച സമയത്ത് സുല്‍ത്താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ നേരിട്ടു കണ്ട സ്റ്റാഫുകള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അന്നത്തെ സംഭവം തട്ടിക്കൊണ്ടു പോകലിനും ജീവിത കാലം മുഴുവന്‍ നീണ്ടു നിന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കുമൊക്കെയാണ് ഇടവരുത്തിയത്. അപ്പോള്‍ ഇപ്പോഴെങ്ങനെയാണ് ഈ വിമാനത്തില്‍ കയറുന്നതിനെ പറ്റി സുല്‍ത്താന് ചിന്തിക്കാന്‍ പോലുമാവുന്നത്.

എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഈ അനുരജ്ഞന ശ്രമത്തെ വളരെ താല്‍പര്യത്തോടെയാണ് സുല്‍ത്താന്‍ കണ്ടത്. ഒരു തട്ടിക്കൊണ്ടു പോകലിലൂടെ കുടുംബ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാത്ത ഒരു പുതിയ നേതാവായിരിക്കും ഒരു പക്ഷെ സല്‍മാന്‍ രാജകുമാരനെന്ന് സുല്‍ത്താന്‍ കരുതി.

189 യാത്രക്കാരെ വഹിക്കാനാവുന്ന വിമാനമാണ് സുല്‍ത്താനും അനുയായികള്‍ക്കുമായി സൗദിയില്‍ നിന്നും അയച്ചത്. വിമാനത്തിലെ ക്രൂ അംഗങ്ങളെ നിരീക്ഷിക്കാനും സ്ഥിതിഗതികള്‍ മനസ്സിലാക്കാനുമായി സുല്‍ത്താന്‍ തന്റെ സ്റ്റാഫിനെ അയച്ചു. ക്രൂ അംഗങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പോലുണ്ടെന്ന് സ്റ്റാഫ് ഇദ്ദേഹത്തിനു വിവരം നല്‍കി.

‘ഈ വിമാനം കെയ്റോയില്‍ ഇറങ്ങാന്‍ പോവുന്നില്ല’ സ്റ്റാഫ് പറഞ്ഞു.

‘നിങ്ങള്‍ അവരെ വിശ്വസിക്കുന്നില്ലേ?’ സുല്‍ത്താന്‍ ചോദിച്ചു.

‘എന്തു കൊണ്ടാണ് നിങ്ങളവരെ വിശ്വസിക്കുന്നത്.?’ സ്റ്റാഫ് തിരിച്ചു ചോദിച്ചു.

സുല്‍ത്താന്‍ മറുപടി പറഞ്ഞില്ല. സുല്‍ത്താനും ഒരു സംശയം ചെറുതായി തോന്നി. പക്ഷെ വിമാനത്തിലെ ക്യാപ്റ്റന്‍ സൗദ് തങ്ങളെ വിശ്വസിക്കാനായി വിമാനത്തിലെ 10 ക്രൂ അംഗങ്ങളെ പാരീസില്‍ തന്നെ നിര്‍ത്താം എന്നു പറഞ്ഞു. ഇതൊരു തട്ടിക്കൊണ്ടു പോവലല്ലെന്ന് വിശ്വസിക്കാന്‍ സുല്‍ത്താന് അത്രയും മതിയായിരുന്നു.

തന്റെ അനുയായികളോട് റെഡി ആവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നഴ്സുമാര്‍, സഹായികള്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, സ്വിസ് മോഡലിംഗ് ഏജന്‍സിയില്‍ നിന്നും വന്നവരിലെ ഒരു ഗേള്‍ഫ്രണ്ട് , ഇങ്ങനെ ഒരു ഡസനോളം പേര്‍ സുല്‍ത്താനൊപ്പം വിമാനത്തില്‍ കയറി.

പാരീസില്‍ നിന്നും വിമാനം യാത്ര തിരിച്ചു. രണ്ടു മണിക്കൂറോളം വിമാനം കെയ്റോയിലേക്കുള്ള വഴിയേ ആണെന്ന് സ്‌ക്രീനില്‍ നിന്നും മനസ്സിലായി. പിന്നീട് ആ സ്‌ക്രീനുകള്‍ മിന്നിമറഞ്ഞ് അണഞ്ഞു…

സുല്‍ത്താന്റെ സ്റ്റാഫുകള്‍ക്ക് അപകടം മണത്തു. എന്തു പറ്റി? ക്യാപ്റ്റന്‍ സൗദിനോട് സ്റ്റാഫുകളിലൊരാള്‍ ചോദിച്ചു. അദ്ദേഹം ചെക്ക് ചെയ്യുകയും ഒരു സാങ്കേതിക പ്രശ്നമാണിതെന്നും ഇത് ശരിയാക്കാന്‍ പറ്റുന്ന തങ്ങളുടെ ക്രൂ അംഗത്തെയാണ് പാരീസില്‍ നിര്‍ത്തിയിരിക്കുന്നതെന്നും മറുപടി നല്‍കി.

അപ്പോഴേക്കും വിമാനം ലാന്റ് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് ഈ വിമാനം കെയ്റോയിലല്ല ഇറങ്ങുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. നഗരത്തിനു താഴെയായി നൈല്‍ നദിയില്ല, പരിമിഡുകള്‍ കാണാനില്ല, അത് റിയാദായിരുന്നു.

തങ്ങളെന്തു ചെയ്യുമെന്ന് സുല്‍ത്താനൊപ്പമുള്ള അനുയായികളിലെ സൗദി ഇതര പൗരന്‍മാര്‍ ചോദിച്ചു. അവരുടെ കൈയ്യില്‍ സൗദിയിലേക്കുള്ള വിസ ഉണ്ടായിരുന്നില്ല.

എനിക്കൊരു തോക്കു തരൂ.. ക്ഷീണത്തോടെ സുല്‍ത്താന്‍ ആക്രോശിച്ചു. പക്ഷെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ തോക്കു നല്‍കിയില്ല. ക്യാപ്റ്റന്‍ സൗദിന്റെയും സംഘത്തിന്റെയും കൈയ്യില്‍ തോക്കുണ്ടായിരുന്നു. വിമാനത്തില്‍ വെച്ച് വെടിവെപ്പ് നടന്നാല്‍ അപകടമാവും. വിമാനം നിലത്തിറങ്ങുന്നതു വരെ സുല്‍ത്താന്‍ നിശബ്ദനായി ഇരുന്നു.

ക്യാപ്റ്റന്‍ സൗദ് ജെറ്റ് വേയില്‍ വെച്ച് സുല്‍ത്താനെ വേറെ കൊണ്ടുപോയി. അവസാനമായി തന്റെ സ്റ്റാഫുകള്‍ സുല്‍ത്താനെ കണ്ടത് അപ്പോഴാണ്…

സുരക്ഷാ സേനയുടെ കസ്റ്റഡിയില്‍ സുല്‍ത്താന്റെ അനുയായികള്‍ ആ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞു. പിന്നീട് ഇവരെ ഒരു ഹോട്ടലിലേക്ക് മാറ്റി. മൂന്നു ദിവസം അവിടെ കഴിഞ്ഞു.

നാലാമത്തെ ദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ഒരു ഗവണ്‍മെന്റ് ഓഫീസില്‍ എത്തിച്ചു. ഇവരിലോരോരുത്തരെയായി നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു കോണ്‍ഫറന്‍സ് ഹാളിലേക്ക് വിളിപ്പിച്ചു. അവിടത്തെ ഹെഡ് ക്യാപ്റ്റന്‍ സൗദ് ആയിരുന്നു. പൈലറ്റ് യൂണിഫോമിനു പകരം ഒരു പരമ്പരാഗത അറബി വേഷം ആയിരുന്നു അയാള്‍ ധരിച്ചത്.

‘ഞാന്‍ സൗദ് അല്‍ ഖഹ്താനി, റോയല്‍ കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നു,’

മിസ്റ്റര്‍ ഹാഷ്ടാഗ് എന്ന അപരനാമത്തില്‍ സൗദ് അല്‍ ഖഹ്താനിയെ നേരത്ത സൗദി ജനങ്ങള്‍ക്ക് അറിയാം. മുഹമ്മദ് ബിന്‍ സല്‍മാനെ ട്വിറ്ററില്‍ പുകഴ്ത്തുകയും സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകരെ താറടിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമാണ് സൗദ് അല്‍ ഖഹ്താനി.

സുല്‍ത്താനെ തട്ടിക്കൊണ്ടു പോയതിനു ശേഷം സൗദി സുരക്ഷാ വൃത്തങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണ് സൗദ് അല്‍ ഖഹ്താനി. സല്‍മാന്‍ രാജകുമാരന്‍ എല്ലാ രഹസ്യ നീക്കങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നയാള്‍. കോണ്‍ഫറന്‍സ് റൂമിലെ ടേബിളിലിരുന്ന് അയാള്‍ സുല്‍ത്താന്റെ അനുയായികളില്‍ നിന്നും ചില രഹസ്യ ധാരണകളില്‍ ഒപ്പു വെപ്പിച്ചു. ചിലര്‍ക്ക് പണം വാഗ്ദാനം ചെയ്തു. ഇവരെ തിരിച്ച് നാട്ടിലേക്കയച്ചു.

ശല്യമായി മാറിയ ഒരു വിമര്‍ശകനെ അങ്ങനെ ആ ഓപ്പറേഷന്‍ നിശബ്ദമാക്കി. എതിര്‍ ശബ്ദമുയര്‍ത്തുന്ന രാജകുടുംബാംബങ്ങള്‍ക്ക് ഒരു പാഠമായി. ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം സുല്‍ത്താന്‍ രാജകുമാരനെ തട്ടിക്കൊണ്ടുപോയതിന്റെ വ്യക്തമായ ചിത്രം ലഭിക്കുന്നത് രാജാധികാരികള്‍ക്കെതിരെ വന്ന മറ്റൊരു കേസ് പരിശോധിക്കുമ്പോഴാണ്.

നാടുവിട്ട് കാനഡയില്‍ കഴിയുന്ന സാദ് അല്‍ ജാബ്രി എന്ന മുന്‍ സൗദി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ആഗസ്റ്റില്‍ സല്‍മാന്‍ രാജകുമാരനെതിരെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ടൈഗര്‍ സ്‌ക്വാഡ് എന്ന ടീമിനെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു പരാതി.

2015 ലെ ചില സംഭവങ്ങളും ഈ ടൈഗര്‍ സ്‌ക്വാഡും തമ്മില്‍ ബന്ധമുണ്ട്. തന്നെ വിമര്‍ശിച്ച യൂറോപ്പില്‍ താമസിക്കുന്ന ഒരു സൗദി രാജകുമാരനെതിരെ പ്രതികാര നടപടി സ്വീകരിക്കാനായി ഭീകരവിരുദ്ധ സേനയെ വിന്യസിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ സാദ് അല്‍ ജാബ്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ജാബ്രി എതിര്‍ത്തു, ജാബ്രി നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്.

ഇതിനു പിന്നാലെയാണ് സല്‍മാന്‍ രാജകുമാരന്‍ ടൈഗര്‍ സ്‌ക്വാഡ് എന്ന സംഘം രൂപീകരിക്കുകയും ഖഹ്താനിയെ ഇതിന്റെ നേതൃത്വം ഏല്‍പിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നുണ്ട്.

2017 ല്‍ ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയതിനു പിന്നിലും ഈ ടൈഗര്‍ സ്‌ക്വാഡ് ആണെന്നായിരുന്നു കണ്ടെത്തിയത്. ഈ കേസില്‍ ഖഹ്താനിക്ക് ഇതുവരെ സൗദിയില്‍ ശിക്ഷ ലഭിച്ചിട്ടില്ല.

‘ബ്ലഡ് ആന്റ് ഓയില്‍ : മുഹമ്മദ് ബിന്‍ സല്‍മാന്‍സ് റത്ത് ലെസ്സ് ക്വസ്റ്റ് ഫോര്‍ ഗ്ലോബല്‍ പവര്‍’ എന്ന പുസ്തകത്തിലെ ഭാഗങ്ങളുടെ സ്വതന്ത്ര്യ പരിഭാഷ

പരിഭാഷ: അഭിനന്ദ് ബി.സി

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഭിനന്ദ് ബി.സി

ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more