| Wednesday, 23rd September 2020, 6:56 pm

വീഡിയോ ഗെയിമുകളുടെ ലോകത്ത് നിന്ന് സൗദിയുടെ ഏകാധിപതിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ മാറിയ കഥ

നാസിറുദ്ദീന്‍

‘There’s not going to be any milk in the grocery store [in Qatar].” Tillerosn said.

‘I don’t give a fuck about milk,’ Trump responded

ഖത്തറിനെതിരെ സൗദിയും യു.എ.ഇയും ചേര്‍ന്ന് പ്രഖ്യാപിച്ച ഉപരോധത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് റ്റില്ലേഴ്‌സന്‍ ഡോണള്‍ഡ് ട്രംപുമായി നടത്തിയ സംഭാഷണത്തില്‍ നിന്നാണ് മുകളിലത്തെ വാചകങ്ങള്‍. മാനുഷിക പരിഗണന വെച്ചെങ്കിലും പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന റ്റില്ലേഴ്‌സന്റെ അഭ്യര്‍ത്ഥനയോടാണ് ട്രംപ് ഇങ്ങനെ പ്രതികരിക്കുന്നത്.

കറ കളഞ്ഞ വംശീയ വാദിയും മണ്ടന്‍ സിദ്ധാന്തങ്ങളുടെ ആശാനുമായ ട്രംപിനെ കൃത്യമായി വരച്ചു കാട്ടുന്ന ഈ വാചകങ്ങള്‍ ഉദ്ധരിച്ചത് ബ്രാഡ്‌ലി ഹോപും ജസ്റ്റിന്‍ ഷെക്കും ചേര്‍ന്നെഴുതിയ Blood and Oil : Mohammed bin Salman’s ruthless quest for global power എന്ന പുസ്തകത്തില്‍ നിന്നാണ്.

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പുസ്തകം സൗദി കിരീടാവകാശിയും യഥാര്‍ത്ഥ അധികാര കേന്ദ്രവുമായ മുഹമ്മദ് ബിന്‍ സല്‍മാനെ പറ്റിയാണ്. ട്രംപ് അടക്കമുള്ള മറ്റ് നേതാക്കള്‍ സാന്ദര്‍ഭികമായും സ്വാഭാവികമായും കടന്ന് വരുന്നു എന്നേയുള്ളൂ. പക്ഷേ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന താരതമ്യേന അപ്രസക്തനും അറിയപ്പെടാത്തവനുമായിരുന്ന ആള്‍ എങ്ങനെ ലോകത്തെ ഏറ്റവും സമ്പന്നമായൊരു രാജ്യം സമ്പൂര്‍ണമായി കൈപ്പിടിയിലൊതുക്കി എന്നതാണ് പുസ്തകം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.

അല്‍-സഊദ് രാജ കുടുംബം പല രീതിയിലും ഒരത്ഭുതമാണ്. സമഗ്രാധിപത്യത്തോടെ ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരം കൈകാര്യം ചെയ്യുന്നു എന്നത് മാത്രമല്ല പ്രധാനം. ഒരേ സമയം ആധുനികതയുടെ പ്രതീകമായ അത്യാഡംബര സൗകര്യങ്ങളുടെ ധാരാളിത്തവും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ലോകം കയ്യൊഴിഞ്ഞ സാമൂഹിക, ഭരണ ശീലങ്ങളും സൗദിയില്‍ കാണുന്നു.

സുഖലോലുപതയിലും ധൂര്‍ത്തിലും മറ്റാരെയും പിന്നിലാക്കുന്ന രാജകുടുംബവും ഏറ്റവും തീവ്രവും പിന്തിരിപ്പനുമായ മത വ്യാഖ്യാനം പേറുന്ന വഹാബിസ്റ്റ് മത വ്യാഖ്യാനങ്ങളും സൗദിയുടെ മുഖമുദ്രയാണ്. പതിനായിരങ്ങളെ ബോംബിട്ട് കൊല്ലുന്നതോ ലക്ഷങ്ങളെ പട്ടിണിക്കിടുന്നതിലോ പ്രശ്‌നം കാണാത്തവര്‍ പെണ്ണുങ്ങളുടെ പുറത്ത് കാണുന്ന തലമുടി ഏറ്റവും രൂക്ഷമായി എതിര്‍ക്കപ്പെടേണ്ടതാണെന്ന മത വ്യാഖ്യാനം പ്രചരിപ്പിക്കുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്‍

പക്ഷേ ഈ വ്യാഖ്യാനങ്ങള്‍ അത്ര നിഷ്‌കളങ്കമായിരുന്നില്ല. അല്‍ സഊദിന്റെ ധൂര്‍ത്തും കൊള്ളയടിയും തുടരാന്‍ ഏറ്റവും വലിയ ഊര്‍ജമായി മാറിയത് ഈ മത വ്യാഖ്യാനങ്ങളായിരുന്നു. മേഖലയിലുടനീളം നാശം വിതക്കാനും അപകടകരമായ ഈ സൈദ്ധാന്തിക അടിത്തറ കാരണമായി.

വഹാബിസം അല്‍ സഊദിന്റെ ഊര്‍ജമായിരുന്നെങ്കില്‍ ഓക്‌സിജന്‍ ആയി മാറിയത് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും അവരുടെ സാമ്പത്തിക താല്‍പര്യങ്ങളുമായിരുന്നു. അവരുടെ സാമ്രാജ്യത്വ, കോളനി താല്‍പര്യങ്ങള്‍ക്ക് ഏറ്റവും യോജിച്ച പങ്കാളികളായിരുന്നു അല്‍ സഊദും മേഖലയിലെ മറ്റ് ശിങ്കിടി രാജ്യങ്ങളും.

സ്ഥാപകനായ അബ്ദുല്‍ അസീസിന്റെ നിരവധി ഭാര്യമാരിലായി ഉണ്ടായ ഡസന്‍ കണക്കിന് മക്കളും അവരുടെ സന്താന പരമ്പരയുമെല്ലാം ചേര്‍ന്നതാണ് അല്‍ സഊദ് രാജ കുടുംബം. കൊള്ളയടിക്കാനുള്ള അധികാരത്തിന്റെ ഏക മാനദണ്ഡം സ്ഥാപകനുമായുള്ള ജീവ ശാസ്ത്രപരമായ അടുപ്പം മാത്രമായിരുന്നു.

മക്കളില്‍ ഓരോരുത്തരായി രാജാവായി. പേരമക്കളും മറ്റും നിര്‍ണായക സ്ഥാനങ്ങളില്‍ ഇരുന്നു. ഗ്രേഡനുസരിച്ച് എല്ലാ സ്ഥാനങ്ങളും ഇവര്‍ തന്നെ വീതം വെച്ചു. കൂടുതല്‍ ഉയര്‍ന്ന പദവിയിലേക്കുള്ള മാറ്റവും അത്യപൂര്‍വമായ ചില അപവാദങ്ങളുമൊഴിച്ചാല്‍ വൈദ്യശാസ്ത്രം പരാജയപ്പെടുന്നത് വരെ അധികാര സ്ഥാനത്ത് തുടരുന്നതാണ് രീതി.

അബ്ദുല്‍ അസീസ്‌

ഇപ്പോഴത്തെ രാജാവ് സല്‍മാന്‍ 48 വര്‍ഷമാണ് തന്ത്ര പ്രധാനമായ റിയാദ് പ്രവിശ്യയുടെ ഗവര്‍ണര്‍ പദവി വഹിച്ചിരുന്നത്. സല്‍മാന്റെ നേര്‍ സഹോദരന്‍ നായിഫ് 37 വര്‍ഷം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സഊദ് ബിന്‍ ഫൈസല്‍ 40 വര്‍ഷം വിദേശകാര്യ മന്ത്രിയായി ഭരിച്ചു. പലരും വെന്റലേറ്ററില്‍ വര്‍ഷങ്ങളോളം ‘രാജാവായി’ തന്നെ കിടന്നു.

80 വയസ്സ് കഴിഞ്ഞ ‘രാജ കുമാരന്‍മാര്‍’ സൗദിയുടെ മുഖമുദ്രയായി മാറി. സ്ത്രീകള്‍ക്ക് ഏറ്റവും അടിസ്ഥാന സഞ്ചാര സ്വാതന്ത്രം പോലും നിഷേധിക്കപ്പെടുന്ന തെരുവുകളില്‍ തന്നെ ബുഗാട്ടിയും ഫെരാറിയും ചീറിപ്പാഞ്ഞു.

ഏതെങ്കിലും രീതിയിലുള്ള ആശയാടിത്തറയോ മറ്റു ലക്ഷ്യങ്ങളോ ഇല്ലാതെ അധികാരം മാത്രം ലക്ഷ്യമിട്ട ഏര്‍പ്പാടായതിനാല്‍ പരസ്പരമുള്ള പാര വെപ്പും പിടലപ്പിണക്കങ്ങളും ഇവര്‍ക്കിടയില്‍ സര്‍വ സാധാരണമായിരുന്നു. അബ്ദുല്‍ അസീസിന്റെ ഇഷ്ട ഭാര്യയായ ഹസാ അല്‍ സുദൈരിയില്‍ ഉണ്ടായ 7 ആണ്‍മക്കളുടെ ചേരിയായിരുന്നു ഇതിലേറ്റവും പ്രബലമായ വിഭാഗം.

ഇപ്പോഴത്തെ രാജാവ് സല്‍മാനും സുദൈരിയില്‍ പെടും. പക്ഷേ ചേരിതിരിവും പാരവെപ്പും ‘അല്‍ സഊദ് ‘ എന്ന ഏര്‍പ്പാട് തന്നെ ഇല്ലാതാക്കുന്ന രീതിയിലേക്ക് പോവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു. ജനങ്ങളിലേക്ക് അധികാരമെത്തുന്ന ‘ദുരന്തം’ ഉണ്ടായാല്‍ തങ്ങളുടെ കൊള്ളയടി പൂര്‍ണമായും ഇല്ലാതാവുമെന്ന തിരിച്ചറിവായിരുന്നു കാരണം.

ഈയൊരു ‘പൊതു മിനിമം പരിപാടി’ വെല്ലുവിളികളേയും കാലഘട്ടത്തെയും അതിജീവിച്ച് 8 പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന അത് വരെ അധികമാരും ശ്രദ്ധിക്കാതിരുന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ MbS എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ ലോക രാഷ്ട്രീയത്തിലെ നിര്‍ണായക നാമമായി.

ലക്ഷക്കണക്കിനാളുകളുടെ ജീവിതവും ബില്യന്‍ കണക്കിന് ഡോളറിന്റെ സമ്പത്തും ഇന്ന് മുഹമ്മദിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. ജനങ്ങളോടെന്നല്ല, അധികാര കേന്ദ്രമായിരുന്ന അല്‍ സഊദ് രാജകുടുംബത്തോട് പോലും ഏതെങ്കിലും രീതിയിലുള്ള ഉത്തരവാദിത്തമോ പ്രതിബദ്ധതയോ ആവശ്യമില്ല. എല്ലാം പൂര്‍ണമായും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാം. ഒരുപക്ഷേ ലോകത്ത് മറ്റൊരു നേതാവിനുമില്ലാത്ത അധികാരം.

ഇത്ര ചെറിയ കാലയളവിനുള്ളില്‍ തുല്യതയില്ലാത്തത്ര അധികാര ശേഷിയോടെ രാജ്യം കൈ പിടിയിലൊതുക്കാന്‍ കഴിഞ്ഞ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് പുസ്തകം വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്. അതിന് മുതിരുന്നത് ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ ലേഖകരായി പേരെടുത്ത ബ്രാഡ്‌ലി ഹോപും ജസ്റ്റിന്‍ ഷെക്കും.

പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ പശ്ചിമേഷ്യന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു പക്ഷേ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ആയിരിക്കും. പശ്ചിമേഷ്യന്‍ ജിയോ പൊളിറ്റിക്‌സിലെ സാമ്പത്തിക വശം വസ്തു നിഷ്ഠമായും പലപ്പോഴും ഏറെ നേരത്തേയും റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്.

‘അറാംകോ’ IPO, ‘റിറ്റ്‌സ് കാള്‍ട്ടണ്‍’ അറസ്റ്റുകള്‍ തുടങ്ങിയവയിലെല്ലാം ഇവരുടെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമായിരുന്നു. കൊട്ടാരത്തിനകത്തെ കാര്യങ്ങള്‍ തൊട്ട് കമ്പനി ബോര്‍ഡ് റൂമുകള്‍ക്കുള്ളിലുള്ള കാര്യങ്ങള്‍ വരെ നിയന്ത്രിക്കുന്ന പാശ്ചാത്യരുമായി, പ്രത്യേകിച്ച് വാള്‍ സ്ട്രീറ്റ് ബാങ്കുകളുമായുള്ള ഇവരുടെ ബന്ധം പലപ്പോഴും വാര്‍ത്തകള്‍ക്ക് പിന്നിലെ സാമ്പത്തിക വശങ്ങള്‍ കൃത്യമായി കാണിക്കാന്‍ സഹായിക്കാറുണ്ട്.

ഈ അനുഭവ സമ്പത്തും മൂല സ്രോതസുകളുമായുള്ള അടുപ്പവും തന്നെയാണ് പുസ്തകത്തിന്റെ കരുത്ത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ കുടുംബ പശ്ചാത്തലവും സല്‍മാന്‍ രാജാവിന്റെ ഇതര ഭാര്യമാരിലെ മക്കളുടെ അമേരിക്കന്‍ ബന്ധവുമെല്ലാം മോശമില്ലാത്ത രീതിയില്‍ വിശദീകരിക്കുന്ന പുസ്തകം ശ്രദ്ധയൂന്നുന്നത് പക്ഷേ അബ്ദുള്ള രാജാവിന്റെ അവസാനം തൊട്ടുള്ള കാലത്തിനാണ്.

അഥവാ, മുഹമ്മദ് തന്റെ നീക്കങ്ങള്‍ സജീവമാക്കിയ ശേഷം. പ്രത്യേകിച്ച് എന്തെങ്കിലും സര്‍ഗ ശേഷിയോ ക്രിയാത്മക ഇടപെടലുകളോ കാണിക്കാതെ വീഡിയോ ഗെയിം അഡിക്റ്റായി ജീവിച്ചിരുന്ന മുഹമ്മദിന്റെ മനസ്സില്‍ എന്നുമുണ്ടായിരുന്ന പണത്തോടും അധികാരത്തോടുമുണ്ടായിരുന്ന അടങ്ങാത്ത വാജ്ഞ പുസ്തകം വരച്ചു കാട്ടുന്നുണ്ട്. പ്രധാനപ്പെട്ട സംഭവങ്ങള്‍ വള്ളി പുളളി വിടാതെ വിശദീകരിച്ചുകൊണ്ടാണ് പുസ്തകം മുഹമ്മദിനേയും മറ്റ് കഥാപാത്രങ്ങളേയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്.

സുദൈരി ചേരിക്ക് പുറത്തായിരുന്ന അബ്ദുള്ളാ രാജാവിന്റെ അവസാന കാലത്ത് അബ്ദുള്ളയുടെ മക്കളെ മുന്നില്‍ നിര്‍ത്തി റോയല്‍ കോര്‍ട്ട് മേധാവിയായിരുന്ന ഖാലിദ് അല്‍ തുവൈജിരിയും കൂട്ടരും യഥാര്‍ത്ഥ അവകാശിയായ സല്‍മാന്‍ രാജാവാകുന്നത് തടയാന്‍ രഹസ്യ നീക്കങ്ങള്‍ നടത്തിയിരുന്നു. ഇത് മുഹമ്മദ് മണത്തറിഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

താനല്ലാത്ത ഏതൊരാളും തന്റെ ശത്രുവായേക്കാമെന്ന നിഗമനത്തിന്റെ പുറത്താണ് മുഹമ്മദ് കരുക്കള്‍ നീക്കുന്നത്. അസാമാന്യ ധൈര്യത്തോടെ മുഹമ്മദ് അന്ന് നടത്തിയ നിര്‍ണായക നീക്കങ്ങളാണ് പിതാവായ സല്‍മാന് രാജാവാകാനുള്ള അവസരമൊരുക്കുന്നത്. തന്റെ പിതാവ് (അത് വഴി താനും) അധികാരം കയ്യിലാക്കുന്നത് തടയാന്‍ ശ്രമിച്ചവരോടുള്ള കടുത്ത പക തീര്‍ക്കാന്‍ മുഹമ്മദ് നടത്തുന്ന ശ്രമങ്ങളാണ് പിന്നീടുള്ള മുഹമ്മദിന്റെ എല്ലാ അറസ്റ്റുകളുടേയും വെട്ടിനിരത്തലുകളുടേയും അടിസ്ഥാനം.

സല്‍മാന്‍ രാജാവായ നിമിഷം തൊട്ട് മുഹമ്മദ് തന്റെ അധികാര സ്വപ്നങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുന്നുണ്ട്, ഇപ്പോഴും തുടരുന്നു. ആരോഗ്യ പ്രശ്‌നങ്ങളും മുഹമ്മദിനോടുള്ള അമിത വാല്‍സല്യവുമാണെങ്കില്‍ സല്‍മാനെ ഫലത്തില്‍ നോക്ക് കുത്തിയുമാക്കി. 2017 നവംബറില്‍ ‘റിറ്റ്‌സ് കാള്‍ട്ടണ്‍’ ഹോട്ടലില്‍ രാജ കുടുംബത്തിലെ ഏറ്റവും പ്രമുഖരായ നിരവധി പേരെയും രാജ്യത്തെ ഏറ്റവും സമ്പന്നരായ ഒരു പാട് വ്യവസായികളേയും പിടിച്ചിട്ടത് അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ തന്നെ ഞെട്ടിച്ചു.

അത് വരെ ചോദ്യം ചെയ്യപ്പെടാത്ത ഉത്തരവുകള്‍ മാത്രം നല്‍കി ശീലിച്ചവരെ സെക്യൂരിറ്റി ഗാര്‍ഡുകളെ ഉപയോഗിച്ച് മര്‍ദിച്ചു. അവര്‍ തങ്ങളുടെ കുടുംബ സ്വത്ത് പോലെ രാജ്യം മൊത്തം കണ്ട് ഇടപാടുകള്‍ നടത്തിയതിലെ ‘അഴിമതി’ തെളിവുകള്‍ സഹിതം മുന്നിലിട്ടു. പലരേയും ജയിലിലേക്ക് മാറ്റി. അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി അറിയപ്പെട്ടിരുന്ന അല്‍വലീദ് ബിന്‍ തലാലിനെ പോലുള്ളവരെ പരസ്യമായി അപമാനിച്ചു. ചിലരെങ്കിലും കൊല്ലപ്പെട്ടു.

കൂടുതല്‍ പേരും സ്വത്തിന്റെ വലിയൊരു ഭാഗം സര്‍ക്കാരിലേക്ക് നല്‍കി കീഴടങ്ങി. അബ്ദുള്ളയുടെ ഇഷ്ടക്കാരെയും മക്കളേയും പ്രത്യേകം ടാര്‍ഗറ്റ് ചെയ്തിരുന്നു. മുഹമ്മദിന്റെ സന്ദേശം വ്യക്തമായിരുന്നു – രാജ്യം സമ്പൂര്‍ണമായും തന്റെ അധികാരത്തിലാണ്. തന്റെ ഇഷ്ടത്തിനെതിരായ ഏത് ശബ്ദവും ഏറ്റവും മോശമായ പ്രതികരണം ഉളവാക്കും.

റിറ്റ്‌സ് കാള്‍ട്ടണ്‍ ഓപറേഷനോടെ അല്‍ സഊദ് എന്ന അധികാര കേന്ദ്രം തീര്‍ത്തും അപ്രസക്തമായി. മുഹമ്മദും മുഹമ്മദിന്റെ ഇഷ്ടക്കാരും മാത്രമായി അധികാര കേന്ദ്രം ചുരുങ്ങി. പ്രതിരോധം, ആഭ്യന്തരം, നാഷനല്‍ ഗാര്‍ഡ്, അറാംകോ തുടങ്ങിയവയെല്ലാം പരിപൂര്‍ണമായും മുഹമ്മദിന്റെ കീഴിലായി. ഏറ്റവും അടുത്ത ഉപദേശകരും മനസ്സാക്ഷി സൂക്ഷിപ്പുകാരുമായി അല്‍ സഊദ് കുടുംബത്തിന് പുറത്തുള്ളവര്‍ വന്നു, കൂടുതലും മുഹമ്മദിന്റെ കൂട്ടുകാര്‍.

മുഹമ്മദാണെങ്കില്‍ അറസ്റ്റുകളുടേയും വെട്ടി നിരത്തലുകളുടേയും പരമ്പര തുടര്‍ന്ന് കൊണ്ടിരുന്നു. വെട്ടി നിരത്തലുകള്‍ ചിലപ്പോഴെങ്കിലും അതിര്‍ത്തി കടക്കുകയും ചെയ്തു. ‘അബ്ദുള്ളാ ചേരി’ യുമായുള്ള അടുപ്പവും തന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കനുസരിച്ച് നീങ്ങാത്തതും ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരിയെ ലക്ഷ്യമിടാന്‍ കാരണമായി. ഹരീരിയെ സൌദിയിലേക്ക് വിളിച്ചു വരുത്തി രാജി വെപ്പിച്ച സംഭവം അന്താരാഷ്ട്ര, ലബനീസ് സമ്മര്‍ദം കാരണം പൊളിഞ്ഞത് വീണ്ടും തിരിച്ചടിയായി. ഖത്തറിനെതിരായ നീക്കം പാളിയെന്ന് മാത്രമല്ല, ഖത്തറിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഖത്തര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ തോതില്‍ സ്വയം പര്യാപ്തത നേടുകയും പൂര്‍ണമായി എതിര്‍ ചേരിയിലേക്ക് മാറുകയും ചെയ്തു.

തന്റെ സ്വപ്ന പദ്ധതിയായ അറാംകോ ഷെയര്‍ മാര്‍ക്കറ്റിലേക്കുള്ള രംഗപ്രവേശം പ്രതീക്ഷിച്ചതിലും എത്രയോ പകിട്ട് കുറഞ്ഞായി. ‘നിയോം’ , വിഷന്‍ 2030 എന്നിവയും എങ്ങുമെത്താതെ കിടക്കുന്നു. ഖശോഗ് ജിയുടെ നിഷ്ഠൂര കൊലപാതകം അന്താരാഷ്ട്ര സമൂഹത്തില്‍ അവശേഷിക്കുന്ന പേരും ഇല്ലാതാക്കി. എന്നാലും അതി സങ്കീര്‍ണമായ ഒരു കുടുംബാധിപത്യ വ്യവസ്ഥിതി ഒറ്റയടിക്ക് തച്ചുടച്ച് സമ്പൂര്‍ണ ഏകാധിപത്യത്തിലേക്ക് രാജ്യം മുഹമ്മദിലൂടെ നീങ്ങുന്നുണ്ട്.

എതിര്‍ ശബ്ദങ്ങള്‍ അതി ഭീകരമായി അടച്ചമര്‍ത്തപ്പെടുന്നു. പെണ്ണുങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ ആരംഭിച്ചെങ്കിലും അതിന് വേണ്ടി സമരം ചെയ്തവരെല്ലാം ജയിലിലെത്തുകയോ രാജ്യം വിടാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ ലൌ ജെയ്ന്‍ അല്‍ ഹത് ലൂമിന്റെ വേദനാജനകമായ എപ്പിസോഡും പുസ്തകം നന്നായി പറയുന്നുണ്ട്.

മുഹമ്മദിന്റെ ചര്‍ച്ച ചെയ്യപ്പെട്ട നിര്‍ണായക ഇടപെടലുകളെല്ലാം പുസ്തകം വളരെ കൃത്യമായും സൂക്ഷ്മമായും വിവരിക്കുന്നുണ്ട്. അതിലെ പിന്നാമ്പുറ കഥകള്‍ വായനാ സുഖത്തിലപ്പുറം ഒരു കൊടിയ ചൂഷണ വ്യവസ്ഥയുടെ ഭാഗമായ ക്രൂരതകളും അക്രമവും വ്യക്തമാക്കുന്നവയാണ്. ഖശോഗ്ജി വധം പോലുള്ള പുസ്തകത്തിലെ പല പേജുകളും ഹൃദയഭേദകമാണ്.

സംഭവങ്ങളുടെ വിവരണങ്ങള്‍ വസ്തുതാപരവും സത്യസന്ധവും ഒറ്റയടിക്ക് വായിച്ച് തീര്‍ക്കാന്‍ പോന്നവയുമാണെങ്കിലും പുസ്തകത്തിന്റെ ചില പോരായ്മകള്‍ എടുത്ത് പറയേണ്ടതാണ്. ഇതിനോടകം തന്നെ പല വിമര്‍ശകരും ചൂണ്ടിക്കാണിച്ച പോലെ അതിന്റെ ‘ഓറിയന്റല്‍’ ശൈലിയാണ്.

അറിയപ്പെടുന്ന പശ്ചിമേഷ്യന്‍ വിദഗ്ദനായ ഡേവിഡ് വിയറിംഗ് പുസ്തകത്തെ പറ്റി പറഞ്ഞതില്‍ ഇതിന്റെ കാമ്പുണ്ട്, ‘ഈ പുസ്തകം മുഹമ്മദ് ബിന്‍ സല്‍മാനെ സംബന്ധിച്ച ഓറിയന്റല്‍ വ്യാഖ്യാനങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമല്ലെന്ന് മാത്രമല്ല, അത് പലപ്പോഴും പിന്തുടരുന്നത് അതേ ശൈലി തന്നെയാണ്. ഒരു പ്രാകൃത അറബ് രാജ്യത്തെ പാശ്ചാത്യ നിലവാരത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ആള്‍ എന്നതാണ് ആ ശൈലി’

മുഹമ്മദിന്റെ ഭ്രാന്തവും അതിലേറെ ക്രൂരവുമായ ആശയങ്ങളെയും നടപടികളേയും ‘പരിഷ്‌കരണം’ ആയി തെറ്റിദ്ധരി(പ്പി)ക്കുന്ന പ്രവണത പാശ്ചാത്യ ലോകത്ത് സജീവമായിരുന്നു. ‘ന്യൂയോര്‍ക് ടൈംസില്‍’ തോമസ് ഫ്രെഡ്മാന്‍ 2017ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടികളെ പറ്റി എഴുതിയത് ‘സൌദിയുടെ അറബ് വസന്തം’ എന്നായിരുന്നു.

ഖശോഗ്ജിയുടെ വധം വരെ പാശ്ചാത്യ മാധ്യമങ്ങള്‍ ഏറെക്കുറെ ഇതേ പാറ്റേണിലായിരുന്നു. യമനില്‍ മുഹമ്മദിന്റെ യുദ്ധ ഭ്രാന്തിന്റെ ഇരയായി പതിനായിരങ്ങള്‍ മരിച്ച് വീഴുന്നതോ ലക്ഷങ്ങള്‍ പട്ടിണി കിടക്കുന്നതോ ഇവര്‍ക്ക് വിഷയമല്ലായിരുന്നു. ഏതൊരു ഏകാധിപത്യ വ്യവസ്ഥിതിയും യുദ്ധവും പാശ്ചാത്യ സമ്പദ് ഘടനക്ക് ഗുണകരമാവുന്നിടത്തോളം കാലം അവര്‍ക്ക് പ്രശ്‌നമല്ല. അതിന് ഗുണകരമാവാത്ത എന്തും പ്രശ്‌നവുമാണ്.

ഖശോഗ്ജി

ഈ മനോഭാവത്തിന് പുസ്തകത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങള്‍ കാണാനാവും. ഖശോഗ്ജി വധത്തെ തുടര്‍ന്ന് സൗദി സര്‍ക്കാരും മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ബന്ധം പുനപ്പരിശോധിക്കാന്‍ സമ്മര്‍ദം ശക്തമായപ്പോള്‍ പലരും നിക്ഷേപം പദ്ധതികള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായി. അതിലൊന്നായിരുന്നു ‘Virgin group ‘ ഉടമ റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സന്‍’ ന്റെ 1 ബില്യന്‍ ഡോളറിന്റെ ടൂറിസം പദ്ധതി. കരാര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ച ബ്രാന്‍ഡ്‌സന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു,

‘സൗദി ഗവണ്‍മെന്റിന് ഇതില്‍ (ഖശോഗ്ജി വധം) എന്തെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാശ്ചാത്യ ലോകത്തെ ഞങ്ങള്‍ക്കാര്‍ക്കും സൗദി സര്‍ക്കാരുമായി ബിസിനസ് ചെയ്യാന്‍ പറ്റാതെ വരും” പക്ഷേ പരസ്യമായി ഇങ്ങനെ പറഞ്ഞ ബ്രാന്‍സന്‍ രഹസ്യമായി മുഹമ്മദുമായി ബന്ധം തുടര്‍ന്നു.

ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി മുഹമ്മദിനുള്ള ബ്രാന്‍സന്റെ ഉപദേശം രസകരമായിരുന്നു, ‘ജയിലിലാക്കപ്പെട്ട കുറച്ച് വനിതാ ആക്റ്റിവിസ്റ്റുകളെ മോചിപ്പിക്കണം, കുറച്ച് ആണുങ്ങളേയും. അങ്ങനെ ചെയ്താല്‍ സര്‍ക്കാര്‍ ശരിക്കും 21 ആം നൂറ്റാണ്ടിലേക്ക് നീങ്ങുകയാണെന്ന് ലോകത്തെ കാണിക്കാനാവും. തുര്‍ക്കിയില്‍ വെച്ച് നടന്നത് (ഖശോഗ്ജി വധം) മാറ്റാന്‍ ഈ നീക്കങ്ങള്‍ക്ക് പറ്റില്ല; പക്ഷേ ജനങ്ങളുടെ മനസ്സ് വലിയ തോതില്‍ മാറ്റാന്‍ ആ നടപടിക്കാവും’

ഇതിനേക്കാള്‍ പച്ചയായിട്ടാണ് ജേയ് പെന്‍സ്‌കെ എന്ന മറ്റൊരു നിക്ഷേപകന്‍ പറയുന്നത്. ഖശോഗ്ജി വധത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിക്ഷേപമിറക്കുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം വളരെ തുറന്നതായിരുന്നു,

‘ഈ ഖശോഗ്ജി സംഭവമൊന്നും ഒരു ചുക്കുമല്ല, ഒരേയൊരാളുടെ മരണമേ പ്രശ്‌നമാക്കേണ്ടതുള്ളൂ – അത് സാക്ഷാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ്. ഖശോഗ്ജി ഒന്നുമല്ല.’

അത്രയേ ഉള്ളൂ. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പറ്റിയ ചില ‘നടപടികള്‍ ‘ ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് വേണം. എന്നാല്‍ പരിഷ്‌കരണ പട്ടം കിട്ടും. വിട്ടുവീഴ്ചയില്ലാത്തത് ഒറ്റ കാര്യത്തിലാണ്. അത് സാമ്പത്തിക താല്‍പര്യമാണ്. പാശ്ചാത്യ മൂലധന താല്‍പര്യങ്ങള്‍ക്കനുസൃതമായ നടപടികള്‍ നിര്‍ബന്ധമാണ്, പൊടിക്കൈകള്‍ പോരാ. അതിന് വിരുദ്ധമായ ചെറിയ നടപടികള്‍ പോലും വളരെ മോശം പ്രതികരണം ഉളവാക്കും.

ബില്യന്‍ കണക്കിന് ഡോളര്‍ ഒരേയൊരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ലോകത്തെവിടെയും എങ്ങനെയും ചിലവഴിക്കാന്‍ ഒരു വ്യക്തിക്ക് അവസരമൊരുക്കുന്ന സമഗ്രാധികാര വ്യവസ്ഥിതി മുതലാളിത്ത വ്യവസ്ഥിയുമായി ഏറ്റവും യോജിക്കുന്നതാണ്. അത് കൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് മനുഷ്യാവകാശങ്ങളുടെയോ ജനാധിപത്യത്തിന്റെയോ പേരില്‍ മാത്രം മുഹമ്മദ് ബിന്‍ സല്‍മാനെതിരായി ക്രിയാത്മക നീക്കമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്.

ബാക്കിയുള്ള ഇടങ്ങളിലെ യുദ്ധവും ഏകാധിപത്യ ഭരണ രീതികളും പാശ്ചാത്യ സമ്പദ് വ്യവസ്ഥക്ക് ഗുണകരമായതുകൊണ്ട് തന്നെ അത് നിലനിര്‍ത്താനായിരിക്കും അവരുടെ ശ്രമം, മാറ്റാനല്ല. മുഹമ്മദിന്റെ മനസ്സില്‍ വരുന്ന തീര്‍ത്തും അപ്രായോഗികമായ മണ്ടന്‍ ആശയങ്ങള്‍ക്ക് രൂപം നല്‍കാനെന്ന് പറഞ്ഞ് മില്യന്‍ കണക്കിന് ഡോളര്‍ കണ്‍സല്‍റ്റി ഇനത്തില്‍ കൈപ്പറ്റുന്ന Mckinsey പോലുള്ള കമ്പനികളെ പറ്റി പുസ്തകത്തില്‍ തന്നെ നിരവധി പരാമര്‍ശങ്ങളുണ്ട്.

മുഹമ്മദിന്റെ സ്വപ്ന നഗരമായ നിയോമില്‍ കൃത്രിമ ചന്ദ്രന്‍, പറക്കുന്ന കാറുകള്‍ എന്നിവക്കായി കണ്‍സല്‍റ്റി കമ്പനികള്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി ഈടാക്കുന്നത് ഭീമമായ തുകയായിരുന്നു. ആ പദ്ധതികളെല്ലാം ഏറെക്കുറെ നിലച്ച മട്ടുമാണ്.

ട്രംപ് വളരെ സത്യസന്ധമായി ഇക്കാര്യം പറഞ്ഞതാണ്. അമേരിക്കന്‍ പിന്തുണ ഇല്ലെങ്കില്‍ സൗദി രാജാവിന് രണ്ടാഴ്ചയില്‍ അധികം ആയുസ്സുണ്ടാവില്ലെന്നായിരുന്നു 2018 ഒക്‌റ്റോബറില്‍ ട്രംപ് തുറന്നടിച്ചത്. ഇതുപോലുള്ള രാജ്യങ്ങളുമായുള്ള ബന്ധമാണ് അമേരിക്കന്‍ പ്രതിരോധ മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ജോലിയുടെ അടിസ്ഥാനമെന്നും പല തവണ ട്രംപ് പറഞ്ഞതാണ്.

ഇക്കാര്യം പറഞ്ഞാണ് മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ജനാധിപത്യ അട്ടിമറികളുടേയും പേരില്‍ അല്‍ സൗദിനെതിരായ നടപടികള്‍ക്കായുള്ള എല്ലാ മുറവിളികളേയും ട്രംപ് നേരിട്ടതും. സ്വാതന്ത്രത്തോടും ജനാധിപത്യത്തോടുമുള്ള അടങ്ങാത്ത അഭിനിവേശം അറബ് വസന്തത്തില്‍ ജീവന്‍ പണയം വെച്ച് തെരുവിലിറങ്ങിയ അറബ് ജനത തെളിയിച്ചതാണ്. ലക്ഷക്കണക്കിനാളുകള്‍ സിറിയയിലും മറ്റിടങ്ങളിലുമായി ജീവന്‍ ത്യജിച്ചിട്ടുണ്ട്. അതിനെ തകര്‍ക്കാന്‍ ഈ ഏകാധിപതികള്‍ക്ക് തുണയായത് ട്രംപ് പറഞ്ഞ അമേരിക്കന്‍ പിന്തുണ മാത്രമാണ്.

സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും

പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചൂഷക വ്യവസ്ഥിതി തുടരാനുള്ള അനിവാര്യത ആണെങ്കില്‍ പല ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. പാകിസ്ഥാന്‍ ഇതിനേറ്റവും മികച്ചൊരുദാഹരണമാണ്. 2019 ഡിസംബറില്‍ മലേഷ്യ, തുര്‍ക്കി, ഖത്തര്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്നൊരു ‘ഇസ്ലാമിക ഉച്ചകോടി ‘ നടത്താന്‍ തീരുമാനിച്ചിരുന്നു. ആദ്യം പാകിസ്ഥാനും ഉച്ചകോടിയുടെ ഭാഗമാവുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറി. സൗദി- യു.എ.ഇ സമ്മര്‍ദമായിരുന്നു കാരണം.

ഈ നയം മാറ്റത്തിന് നിര്‍ബന്ധിതമായ സാഹചര്യത്തെ പറ്റി ഇമ്രാന്‍ ഖാന്‍ തന്നെ ഉപദേശകനോട് സ്വകാര്യമായി പങ്കു വെച്ച വാക്കുകള്‍ പുസ്തകം ഉദ്ധരിക്കുന്നുണ്ട്, ‘(മുഹമ്മദ് ബിന്‍ സല്‍മാന്‍) ഒരു നശിച്ച സന്തതിയാണ്. പക്ഷേ അയാള്‍ക്കെതിരെ നില്‍ക്കാന്‍ നമുക്കാവില്ല! ‘

സൗദിയിലും യു.എ.ഇയിലുമായുള്ള 40 ലക്ഷം പാകിസ്ഥാനികളുടെ വിസ റദ്ദാക്കുമെന്നതായിരുന്നു ഭീഷണി. നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ നട്ടം തിരിയുന്ന ഇമ്രാനെ സംബന്ധിച്ചിടത്തോളം ഭേദപ്പെട്ട രീതിയില്‍ ജീവിക്കുന്ന 40 ലക്ഷം കുടുംബങ്ങളെ ഒറ്റയടിക്ക് വഴിയാധാരമാക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കാത്തതിനാല്‍ മുഹമ്മദിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടു മടക്കുകയായിരുന്നു.

ഇങ്ങനെയുള്ള സംഭവങ്ങളുടെ കൃത്യമായ വിശദാംശങ്ങളും പിന്നാമ്പുറ കഥകളുമാണ് പുസ്തകത്തില്‍ കൂടുതലും. പലതും സൂക്ഷ്മമായി സൗദി/ പശ്ചിമേഷ്യന്‍ രാഷ്ട്രീയം പിന്തുടരുന്നവര്‍ക്ക് പരിചിതമായിരിക്കുമെങ്കിലും ചില വിശദാംശങ്ങളെങ്കിലും ഈ സംഭവങ്ങളിലേക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കും.

ഒരുദാഹരണം പറഞ്ഞാല്‍ 2019 ല്‍ ഇറാന്‍ മിലീഷ്യകളെന്ന് കരുതപ്പെടുന്നവര്‍ അബ്‌ഖൈക് അടക്കമുള്ള നിര്‍ണായക എണ്ണ സംസ്‌കരണ ശാലകള്‍ അക്രമിച്ച സംഭവം. വളരെ കൃത്യവും ആസൂത്രിതവുമായിരുന്നു ഈ ആക്രമണമെന്ന് പറയുന്ന പുസ്തകം ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി കൂട്ടി ചേര്‍ക്കുന്നുണ്ട്. പ്ലാന്റിന്റെ എളുപ്പത്തില്‍ നന്നാക്കാവുന്ന ഭാഗങ്ങള്‍ (മാത്രം) ആണ് ആക്രമിക്കപ്പെട്ടത്. കൂടുതല്‍ അടിസ്ഥാനപരമായ ഭാഗങ്ങള്‍ (ബോധപൂര്‍വ്വം ) ലക്ഷ്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. വലിയ തോതില്‍ സൗദിയെ നശിപ്പിക്കാനോ സമ്മര്‍ദത്തിലാക്കാനോ മുതിരാതെ തങ്ങളുടെ ആക്രമണ ശേഷി ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ചുരുക്കം.

അല്‍ സഊദിന്റെ അതിഭീകരവും വ്യവസ്ഥാപിതവുമായ കൊള്ളയടിയുടെയും ധൂര്‍ത്തിന്റെയും വിശദാംശങ്ങളാണ് പുസ്തകത്തിന്റെ മറ്റൊരു പ്രധാന വശം. ഉദാഹരണത്തിന് അബ്ദുള്ള രാജാവിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ശേഖരിച്ച കാര്യം പുസ്തകത്തില്‍ പറയുന്നുണ്ട്. പെണ്‍ മക്കള്‍ക്ക് ഓരോരുത്തര്‍ക്കും 1 ബില്യന്‍ ഡോളര്‍ ആയിരുന്നു വകയിരുത്തിയത്. ഇതിന്റെ ഇരട്ടിയെങ്കിലും ആണ്‍ മക്കള്‍ക്ക് ഓരോരുത്തര്‍ക്കും കിട്ടിയിട്ടുണ്ടെന്നാണ് പുസ്തകം പറയുന്നത്. അബ്ദുള്ളക്കാണെങ്കില്‍ നിരവധി ഭാര്യമാരിലായി 16 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളും ഉണ്ട്. ചുരുങ്ങിയത് 50 ബില്യന്‍ ഡോളറിലധികം വരും അബ്ദുള്ളയുടെ മാത്രം നീക്കിയിരിപ്പ്.

രസകരമായ കാര്യം, അബ്ദുള്ള പൊതുവേ രാജ കുടുംബാംഗങ്ങള്‍ക്കുള്ള വിഹിതം കുറച്ച് കൊണ്ടു വന്ന ആളായിട്ടാണ് അറിയപ്പെട്ടിരുന്നത് എന്നതാണ്! മറ്റു രാജാക്കന്‍മാരും രാജകുമാരന്‍മാരും കൂടി ചേരുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ അഴിമതി പ്രസ്ഥാനമായി അല്‍ സഊദ് എളുപ്പത്തില്‍ മാറുന്നു. രാജകുമാരന്‍മാരിലെ ധൂര്‍ത്ത് മാത്രമല്ല, ലഹരിയും വ്യഭിചാരവും എങ്ങനെ ബ്ലാക് മെയിലിങ്ങിനായി ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളും നിരവധിയുണ്ട്.

പുസ്തകം വായിക്കുമ്പോള്‍ പലപ്പോഴും വികിലീക്‌സിലെ സൗദി കേബിളുകള്‍ ഓര്‍മ വരും. പലരും പലപ്പോഴായി പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ ആധികാരികമായുള്ള വിവരണം. വികി ലീക്‌സ് പോലെ തന്നെ പാശ്ചാത്യ കണ്ണിലൂടെ മാത്രമായി പോവുന്നു എന്നതാണ് പുസ്തകത്തിന്റെ പരിമിതിയും.350 ല്‍ അധികം പേജുണ്ടായിട്ടും പല വിഷയങ്ങള്‍ക്കും പുസ്തകത്തില്‍ അര്‍ഹിക്കുന്ന ഇടം കിട്ടിയിട്ടില്ല. യമന്‍ യുദ്ധവും ഇസ്രായേലുമായുള്ള സൌദി- യു എ ഇ ബന്ധവും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും വേണ്ടത്ര വെളിച്ചം വീശുന്നതായി തോന്നിയില്ല. പക്ഷേ പറയുന്ന വിവരങ്ങളുടെ കൃത്യത കൊണ്ടും വിഷയത്തിന്റെ പ്രാധാന്യത്താലും സൌദി/ പശ്ചിമേഷ്യന്‍ രാഷ്ട്രീയം പിന്തുടരുന്നവര്‍ എന്ത് കൊണ്ടും വായിക്കേണ്ട ഒരു പുസ്തകമായി മാറാന്‍ ഇതിന് സാധിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more