ധാക്ക: ബംഗ്ലാദേശില്‍ പുസ്തകപ്രസാധകനെ കഴുത്തറുത്ത് കൊന്നു. നേരത്തെ ആക്രമികള്‍ കൊലപ്പെടുത്തിയ ബംഗ്ലാദേശി ബ്ലോഗര്‍ അവിജിത് റോയിയുടെ പുസ്തകത്തിന്റെ പ്രസാധകരായ ജാഗ്രതീ പബ്ലിഷഴ്‌സിന്റെ ഉടമ ഫൈസല്‍ അരെഫിന്‍ ദിപാനാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരന്‍ അബുല്‍ ഖാഷിം ഫസ്ലുല്‍ ഹഖിന്റെ മകനാണ് കൊല്ലപ്പെട്ട അരെഫിന്‍.
നിരീശ്വരവാദിയായ അവിജിത് റോയിയുടെ പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് ഫൈസല്‍ അരെഫിന്‍ ദിപാനെ കൊലപ്പെടുത്തിയത്.
അതേസമയം സമാനമായ മറ്റൊരു ആക്രമണത്തില്‍ പ്രസാധകനും രണ്ട് എഴുത്തുകാരുമുള്‍പ്പടെ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ധാക്കയില്‍ പ്രവര്‍ത്തിക്കുന്ന ശുദ്ധേശ്വര്‍ പബ്ലിക്കേഷന്റെ ഓഫീസിലാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അവിജിത് റോയിയുടെ പുസ്തകം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് തന്നെയാണ് ഈ ആക്രമണങ്ങള്‍ എന്നാണ് കരുതുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബംഗ്ലാദേശിലെ ഇസ്‌ലാം മതമൗലികവാദികളുടെ ആക്രമണത്തില്‍ അവിജിത് റോയി കൊലചെയ്യപ്പെട്ടത്. അവിജിത് റോയിയുടെ ബ്ലോഗുകളെ മതമൗലികവാദികള്‍ എതിര്‍ത്തിരുന്നു. ബംഗ്ലാദേശില്‍ ഈ വര്‍ഷം വിവിധ ആക്രമണങ്ങളിലായി നിരീശ്വരവാദികളും മതേതരവാദികളുമായ അഞ്ചോളം എഴുത്തുകാരാണ് കൊല്ലപ്പെട്ടത്.