| Tuesday, 22nd November 2016, 8:46 pm

ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ.ഐ.എമ്മുകളില്‍ പാഠപുസ്തകമാക്കുക; മോഹന്‍ലാലിനെ പരിഹസിച്ച് എന്‍.എസ് മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ഡ്രൈവറില്‍ നിന്ന് 100 കോടി ക്ലബ്ബ്  ആന്റണി പെരുമ്പാവൂറിന്റെ ജീവചരിത്രം ഐ.ഐ.എമ്മുകളില്‍ പാഠപുസ്തകമാക്കുക” എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. 


തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെ പരോക്ഷമായി പരിഹസിച്ച് പ്രമുഖ സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഡ്രൈവറില്‍ നിന്ന് 100 കോടി ക്ലബ്ബ്  ആന്റണി പെരുമ്പാവൂറിന്റെ ജീവചരിത്രം ഐ.ഐ.എമ്മുകളില്‍ പാഠപുസ്തകമാക്കുക” എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

മദ്യഷോപ്പിനു മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പസമയം വരി നില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന ബ്ലോഗിലെ പരാമര്‍ശത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇതിനു പിന്നാലെയാണ് എന്‍.എസ് മാധവന്റെ പരിഹാസവും.

സമ്പൂര്‍ണ ദുരന്തമെന്ന് ഫേസ്ബുക്കില്‍ കുറിച്ച് മോഹന്‍ലാലിനെ പരിഹാസിച്ച് വി.ടി ബല്‍റാം എം.എല്‍.എയും രംഗത്തെത്തിയിരുന്നു. വി.ഡി സതീശന്‍ എം.എല്‍.എയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും വിഷയത്തില്‍ മോഹന്‍ലാലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.


Also Read: ഫസല്‍ വധക്കേസ്; ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മൊഴി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബി.ജെ.പി


എന്നാല്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന നടനെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും കുറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍ പറഞ്ഞു.

മോഹന്‍ലാല്‍ പറഞ്ഞതില്‍ വിയോജിപ്പുണ്ടെങ്കില്‍ അതിലെ കാര്യകാരണങ്ങള്‍ നിരത്തി അദ്ദേഹത്തെ എതിര്‍ക്കുകയാണ് ജനാധിപത്യ മര്യാദ, അല്ലാതെ അദ്ദേഹത്തിനെതിരെ തത്വദീക്ഷയില്ലാതെ പുലഭ്യം പറയുന്നത് ഭൂഷണമല്ലെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടുവെന്നും ആത്മാര്‍ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗവും അതിന് ശേഷം നടന്ന സംഭവങ്ങളുമെന്നുമാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞത്.

“സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്” എന്ന തലക്കെട്ടോടെയായിരുന്നു കഴിഞ്ഞ ദിവസം ലാലിന്റെ കുറിപ്പ്. മദ്യഷോപ്പിനു മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പസമയം വരി നില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല എന്നാണ് മോഹന്‍ ലാലിന്റെ അഭിപ്രായം.

We use cookies to give you the best possible experience. Learn more