നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, ക്ഷമിക്കണം; പൊതുജനങ്ങളോട് കര്‍ഷകര്‍
farmers protest
നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, ക്ഷമിക്കണം; പൊതുജനങ്ങളോട് കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th December 2020, 9:26 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ സമരത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് കര്‍ഷകര്‍. ദല്‍ഹിയിലേക്കുള്ള സിംഗു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികളും രാജസ്ഥാന്-ഹരിയാന അതിര്‍ത്തികളും അടച്ചാണ് കര്‍ഷകരുടെ പ്രതിഷേധം.

‘ഞങ്ങള്‍ കര്‍ഷകരാണ്. അന്നദാതാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത്. പ്രധാനമന്ത്രി പറയുന്നത് ഇത് ഞങ്ങള്‍ക്കുള്ള സമ്മാനമാണെന്നാണ്. ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത് സമ്മാനമല്ല, ശിക്ഷയാണെന്നാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനം തരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളുടെ വിളകള്‍ക്ക് വില നല്‍കൂ’, കര്‍ഷകര്‍ സമരസ്ഥലത്ത് പതിച്ച നോട്ടീസില്‍ പറയുന്നു.

റോഡ് ബ്ലോക്ക് ചെയ്യാനോ പൊതുജനങ്ങളെ ബുദ്ധിക്കാനോ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെന്നും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ കാരണം ആരേലും വേദനിക്കുന്നുണ്ടെങ്കില്‍ കൈകൂപ്പി മാപ്പപേക്ഷിക്കുന്നുവെന്നും കര്‍ഷകര്‍ പറഞ്ഞു. തങ്ങള്‍ക്ക് സഹതാപം വേണ്ടെന്നും വിലയാണ് വേണ്ടതെന്നും നോട്ടീസില്‍ പറയുന്നു.

സമരത്തില്‍പ്പെട്ട് ഏതെങ്കിലും വയോധികര്‍ക്കോ രോഗികള്‍ക്കോ ആംബുലന്‍സുകള്‍ക്കോ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ തങ്ങളുടെ വളന്റിയര്‍മാരുമായി ബന്ധപ്പെടണമെന്നും നോട്ടീസില്‍ പറയുന്നു.

അതേസമയം കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ രംഗത്തെത്തി. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഹസാരെ രംഗത്തെത്തുന്നത്.

ഇതുസംബന്ധിച്ച് കേന്ദ്ര കാര്‍ഷികവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിന് കത്തയച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.എ.സി.പി കമ്മീഷന് സ്വയംഭരണാധികാരം നല്‍കുക, എം.എസ്.പി സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീരുമാനം ഉടനെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത്. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നും ഹസാരെ പറഞ്ഞു.

അതേസമയം കര്‍ഷകസമരം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തെ അടിച്ചമര്‍ത്താന്‍ കര്‍ഷകര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കിയും പൊലീസിനെയും അര്‍ധസൈന്യത്തെയും ഉപയോഗിച്ച് സമരം പൊളിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഇടത് ചിന്താഗതിയില്‍ വിശ്വസിക്കുന്ന ചിലര്‍ സമരത്തില്‍ ‘നുഴഞ്ഞ്’ കയറി കര്‍ഷകരെ സ്വാധീനിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആരോപിച്ചിരുന്നു. മോദി വിരുദ്ധ വികാരമാണ് പ്രതിഷേധത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും തോമര്‍ ആരോപിച്ചിരുന്നു.

‘സര്‍ക്കാര്‍ വിജയകരമായി ചര്‍ച്ച ആരംഭിച്ചുവെങ്കിലും ഏകകണ്ഠമായ തീരുമാനത്തിലെത്താന്‍ കര്‍ഷക യൂണിയന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഈ പ്രതിഷേധത്തെ സ്വാധീനിക്കുന്നു.

രാജ്യദ്രോഹികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത് അപലപനീയമാണ്, ഒരു തീരുമാനത്തില്‍ എത്തുന്നതിന് ഈ ഘടകങ്ങള്‍ തടസ്സമാകുന്നു. ഈ ഘടകങ്ങള്‍ കര്‍ഷകരല്ല, മോദിവിരുദ്ധരാണ്”, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നേരത്തെ, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും കര്‍ഷക പ്രതിഷേധത്തിനെതിരെ രംഗത്തുവന്നിരുന്നു. സര്‍ക്കാരിന്റെയും ദേശത്തിന്റെയും പുരോഗതിക്ക് വിഘാതം സൃഷ്ടിക്കണമെന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന വാദമായിരുന്നു രവിശങ്കര്‍ ഉയര്‍ത്തിത്.

കര്‍ഷക സമരത്തിന് പിന്നില്‍ തുക്കടേ തുക്കടേ ഗാങ്ങുകളാണെന്നും രവിശങ്കര്‍ പ്രസാദ് ബീഹാറില്‍ സംസാരിക്കവേ ആരോപിച്ചിരുന്നു.

അതേസമയം പുതിയ നിയമങ്ങളെ പിന്തുണക്കുന്ന കര്‍ഷകരുടേതെന്ന പേരില്‍ ബി.ജെ.പി കിസാന്‍ ചൗപാല്‍ സമ്മേളനവും ആരംഭിച്ചിട്ടുണ്ട്.

കര്‍ഷകര്‍ ഡിസംബര്‍ 17ന് അകം ഒഴിഞ്ഞു പോയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നും ഹിന്ദുത്വ നേതാവ് രാഗിണി തിവാരി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, റാവോ സാഹേബ് ദാന്‍വെ തുടങ്ങി നിരവധി പേരാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

എന്നാല്‍, കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Blocking roads not our aim, apologise to general public inconvenienced by it: Farmers’ union