| Sunday, 18th August 2024, 2:00 pm

ഗസ വെടിനിർത്തൽ; ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രഈലിൽ എത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസ വെടിനിർത്തൽ കരാർ അംഗീകരിക്കാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഇസ്രഈലിൽ എത്തും. ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്നാണ് സൂചന.

2024 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഈ മേഖലയിലേക്കുള്ള യു.എസ് നയതന്ത്രജ്ഞൻ്റെ പത്താമത്തെ യാത്രയാണിത്.

ഗസയിൽ ഇസ്രഈൽ-ഹമാസ് യുദ്ധം പത്ത് മാസത്തോളമായി നീണ്ടതോടെ വെടി നിർത്തലിനായി അന്താരാഷ്ട്ര സമ്മർദം ഉയർന്നിരുന്നു. തുടർന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ വെടിനിർത്തൽ കരാറിനായി ചർച്ച മുന്നോട്ട് വെക്കുകയായിരുന്നു. ഈജിപ്ത്, ഖത്തർ, യു.എസ് എന്നിവരുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച പുരോഗമിച്ചത്. ഇതിന്റെ ഭാഗമായാണ് ആന്റണി ബ്ലിങ്കൻ ഇസ്രഈലിൽ എത്തുന്നത്.

വെടിനിർത്തൽ കരാർ അംഗീകാരത്തിൽ കൊണ്ടുവരുമെന്ന ശുഭാപ്തി വിശ്വാസം തങ്ങൾക്കുണ്ടെന്ന് യു.എസ് പറഞ്ഞിരുന്നു. എന്നാൽ അതിനായി ഇനിയും ജോലികൾ ബാക്കിയുണ്ടെന്നും യു.എസ് പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗസ വെടിനിർത്തൽ കരാറിൽ ഇസ്രഈൽ മുന്നോട്ട് വെച്ച വ്യവസ്ഥകൾ ഹമാസ് അംഗീകരിച്ചിരുന്നില്ല.

ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഫിലാഡൽഫിയിൽ സൈനിക സേനയെ നിർബന്ധമായും നിലനിർത്തുക, തടങ്കലിൽ പാർപ്പിച്ചിട്ടുള്ള ചില ഫലസ്തീൻ തടവുകാരെ നാടുകടത്താനുള്ള അവകാശം നൽകുക തുടങ്ങിയ ഇസ്രഈലിന്റെ നിബന്ധനകൾ ഹമാസിന് സ്വീകാര്യമായിരുന്നില്ല.

ജൂലൈ 31 ന് ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇസ്രഈലിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു.

ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഒക്‌ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈൽ യുദ്ധം ആരംഭിച്ചത്.

Content Highlight: Blinken to arrive in Israel on Sunday, meet Netanyahu, Axios reports

We use cookies to give you the best possible experience. Learn more