| Thursday, 3rd December 2015, 5:52 pm

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കാഴ്ച്ചയില്ലാത്തവരുടെ പ്രതീകാത്മക മരണം വരിക്കല്‍ സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോക ഭിന്നശേഷി ദിനത്തില്‍ തൃശൂര്‍ നഗരത്തില്‍ കാഴ്ച്ചയില്ലാത്തവരുടെ പ്രതിഷേധസമരം. കേരള ബ്ലൈന്റ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ്, മിഷന്‍ റ്റു ദി ബ്ലൈന്റ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കേരള സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴില്‍ നടന്ന പരിപാടിക്ക് മുന്നില്‍ വെച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

ഭിന്നശേഷിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ലക്ഷക്കണക്കിന് രൂപ നീക്കിവെക്കുമ്പോഴും അതിന്റെ യാതൊരു ഗുണഫലവും ലഭിക്കാതെ ഭിന്നഷേശിയുള്ളവര്‍ നരകയാതന അനുഭവിക്കുകയണെന്ന് ഇവര്‍ പറയുന്നു. ഇതില്‍ ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് കാഴ്ച്ചയില്ലാത്തവരാണെന്നും നിരവധിതവണ ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഇതിനിടയില്‍ വികലാംഗദിനാഘോഷങ്ങള്‍ സംഘടിപ്പിച്ച് ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്റ്റ് പ്രകാരമുള്ള മൂന്ന് ശതമാനം തൊഴില്‍ സംവരണം നടപ്പിലാക്കണം.  2004-2007 പി.എസ്.സി നടത്തിയ നിയമനത്തില്‍ 1188 തസ്തികകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണം. വികലാംഗപെന്‍ഷന്‍ 800-1100 രൂപയയില്‍ നിന്നും വര്‍ധിപ്പിക്കണം. തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

200 ഓളം ആളുകള്‍ പങ്കെടുത്ത് പ്രതിഷേധ പ്രകടനം കിഴക്കേനടയില്‍ നിന്നും ആരംഭിച്ച് കേരള സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴില്‍ നടന്ന പരിപാടി നടക്കുന്നതിനടുത്ത് റീജിയണല്‍ തീയറ്ററിന് മുന്നിലാണ് അവസാനിച്ചത്.

കേരള ബ്ലൈന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ മുരളീധരന്‍, ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് സെക്രട്ടറി കെ.എസ് വിനോദ്, എന്‍.പി ജോണ്‍സണ്‍, കെ.പി ലിജുകുമാര്‍, രെഹന ഫാത്തിമ, പ്രീത തുടങ്ങിയവര്‍ സംസാരിച്ചു. പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സംഘടനകളുടെ നേതൃത്വത്തില്‍ സാമൂഹിക ക്ഷേമ വകുപ്പിന് നിവേദനം നല്‍കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more