തന്മാത്രയിലെ ഇഞ്ചിക്കറിയും, ആടുജീവിതത്തിലെ അച്ചാർ കുപ്പിയും; തന്റെ സിനിമയിലെ എലമെന്റ്സിനെക്കുറിച്ച് ബ്ലെസി
Film News
തന്മാത്രയിലെ ഇഞ്ചിക്കറിയും, ആടുജീവിതത്തിലെ അച്ചാർ കുപ്പിയും; തന്റെ സിനിമയിലെ എലമെന്റ്സിനെക്കുറിച്ച് ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd April 2024, 7:27 pm

വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബ്ലെസി. തൂവാനത്തുമ്പികള്‍ എന്ന പദ്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ബ്ലെസി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര.

തികച്ചും വൈകാരികമായ സിനിമയിൽ ഇഞ്ചി കറിയുടെ രുചി അറിയുമ്പോൾ അമ്മയെ ഓർമവരുന്നുണ്ട്, അതുപോലെ ആടുജീവിതത്തിൽ അച്ചാർ കുപ്പിയുടെ മണത്തിലൂടെ സൈനുവിനെ നജീബിന് ഓർമ വരുന്നുണ്ട്. ഈ മണവും രുചിയുമൊക്കെ തന്റെ സിനിമയിലെ എലമെന്റ്സ് ആയതിനെക്കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി. ഈ മണം രുചി എന്നൊക്കെ പറയുന്നത് തന്റെ സിനിമയിൽ അറിയാതെ കയറി പോകുന്ന കാര്യങ്ങളാണെന്നും അങ്ങനെ കയറിപോയതായിരിക്കും അച്ചാറെന്നും ബ്ലെസി കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തന്മാത്രയിൽ ഇഞ്ചിക്കറി കൂട്ടുമ്പോൾ അമ്മയെ കണക്ട് ചെയ്യുന്നു എന്ന് പറയുന്നുണ്ട്. ഈ മണം രുചി എന്നൊക്കെ പറയുന്നത് അറിയാതെ കയറി പോകുന്ന കാര്യങ്ങളാണ്. അങ്ങനെ കയറിപ്പോയത് ആയിരിക്കാം അച്ചാറും എന്നെനിക്ക് തോന്നുന്നു.

എനിക്ക് കിട്ടുന്ന എലമെന്റുകൾ പലപ്പോഴും ഉപയോഗിക്കാൻ വരാറുണ്ട്. ഇത് അവസാനം വരെ കാത്തുസൂക്ഷിച്ചുകൊണ്ട് പോകുന്നനുണ്ട്. അപ്പോഴൊന്നും പോകുന്നതിന് മുപ് കഴിക്കുന്നു എന്നൊന്നും തുടക്കത്തിൽ ആലോചിച്ചിട്ടുണ്ടാവില്ല,’ ബ്ലെസി പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളിത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ എത്തിയപ്പോള്‍ ഗംഭീര പ്രതികരണങ്ങളാണ് ആദ്യദിനം മുതല്‍ ലഭിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പൃഥ്വിരാജ് എന്ന നടനില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.

ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ പലതും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് ചിത്രം. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Blesy about taste and smell elements in his film