ആടുജീവിതത്തിന്റെ ഐഡിയ പൃഥ്വിരാജിനോട് പറയുന്ന കാലത്തെ വിവരിച്ചു കൊടുത്ത സീനാണ് അത്: ബ്ലെസി
Film News
ആടുജീവിതത്തിന്റെ ഐഡിയ പൃഥ്വിരാജിനോട് പറയുന്ന കാലത്തെ വിവരിച്ചു കൊടുത്ത സീനാണ് അത്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 1:00 pm

തന്റെ കഥാപാത്രങ്ങളെല്ലാം എങ്ങനെ ആയിരിക്കണമെന്ന കൃത്യമായ ധാരണ തനിക്കുണ്ടെന്ന് സംവിധായകൻ ബ്ലെസി. ആടുജീവിതത്തിൽ സൈനുവിന്റെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നെന്നും ബ്ലെസി പറഞ്ഞു. സൈനുവും നജീബും തമ്മിലുള്ള പുഴയിലെ ലിപ് ലോക്ക് സീൻ ചുംബന ഭാരത്താൽ താഴ്ന്നുപോയി എന്നാണ് താൻ എഴുതിയതെന്നും അതുപോലെ ആടുജീവിതത്തിന്റെ ഐഡിയ പൃഥ്വിരാജിനോട് ആദ്യം പറയുന്ന കാലത്തെ വിവരിച്ചു കൊടുത്ത സീനാണ് നജീബിന്റെ മീശ സൈനു കടിച്ചെടുക്കുന്നതെന്നും ബ്ലെസി കൂട്ടിച്ചേർത്തു. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോഹിദാസ് തന്റെ കഥാപാത്രങ്ങൾക്കെല്ലാം വിശദമായ ബാക്ക് സ്റ്റോറി തയ്യാറാക്കുമായിരുന്നു. എന്റെ ഓരോ കഥാപാത്രവും എങ്ങനെയായിരിക്കണം എന്നും കൃത്യമായ ധാരണയുണ്ട്. സൈനുവിന്റെ കാര്യത്തിലും അങ്ങനെതന്നെ.

സൈനു നജീബ് തമ്മിലുള്ള പുഴയിലെ ലിപ് ലോക്ക് സീൻ ഞാൻ എഴുതിയത് ‘ചുംബന ഭാരത്താൽ താഴ്ന്നുപോയി’ എന്നാണ്. അതുപോലെ ആടുജീവിതത്തിന്റെ ഐഡിയ പൃഥ്വിരാജിനോട് ആദ്യം പറയുന്ന കാലത്തെ വിവരിച്ചു കൊടുത്ത സീനാണ് നജീബിന്റെ മീശ സൈനു കടിച്ചെടുക്കുന്നത്. പിന്നീട് അത് പാട്ട് സീനിൽ ഉൾപ്പെടുത്തി,’ ബ്ലെസി പറഞ്ഞു.

സൈനുവായി അമല പോളിനെ തെരഞ്ഞെടുത്തതിനെക്കുറിച്ചും ബ്ലെസി അഭിമുഖത്തിൽ പറയുന്നുണ്ട്.’നജീബ് ഇല്ലാത്ത സൈനുവിന്റെ ജീവിതകഥ മനസിലുണ്ട്. അവളുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണത്. സിനിമയെ സംബന്ധിച്ച് നോവലിൽ നിന്നും വ്യത്യസ്തമായ ഒരു വൈകാരിക തുടർച്ച ആവശ്യമാണ്. അകലെയായിരിക്കുമ്പോൾ നമ്മളെ ഏറ്റവും അധികം സ്പർശിക്കുക പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമകളാണ്. ഞാൻ വൈകാരികമായി ചിന്തിക്കുന്ന ആളാണ്.

 

സൈനുവിനെ പിരിഞ്ഞിരിക്കുക എന്നത് നജീബിനെ ആഴത്തിൽ ബാധിച്ചിട്ടുള്ള കാര്യമാണ്. കാത്തിരിക്കാൻ ഒരാൾ ഉണ്ടെന്ന ബോധ്യമാണ് നജീബിനെ ആ ദുരിതമൊക്കെ താണ്ടാൻ പ്രാപ്തനാക്കുന്നത്. തിരിച്ചും നജീബ് മടങ്ങി വരുമെന്ന് സൈനുവിന്റെ വിശ്വാസമാണ് അവളെ മുന്നോട്ടു നയിക്കുന്നത്.

ആ ഫീൽ സിനിമയിൽ വരണമെങ്കിൽ, പ്രേക്ഷകരിലേക്ക് പകരണമെങ്കിൽ അത്രയും അഭിനയ ശേഷിയുള്ള ഒരാൾ ആ കഥാപാത്രം ചെയ്യണമെന്ന് തോന്നി. അപ്പോൾ മനസിൽ തെളിഞ്ഞ മുഖം അമല പോളിന്റേതാണ്. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് പല ആർട്ടിസ്റ്റുകളുടെയും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന്, അങ്ങനെ ഒരാളാണ് അമല.

ആടുജീവിതം സിനിമയിൽ ഒരുപാട് സീനുകൾ ഉള്ള കഥാപാത്രമല്ല അമലയുടേത്. ഏതാനും രംഗങ്ങളിൽ പ്രേക്ഷകരുടെ മനസിൽ മായാതെ പതിയണം. അതായിരുന്നു വെല്ലുവിളി. അമലയ്ക്ക് അത് മനോഹരമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഏറ്റവും വലിയ ആകർഷകത നജീബ് നാട്ടിൽ നിന്ന് പോകുമ്പോൾ സൈനു ഗർഭിണിയായിരുന്നു എന്നതു പോലെ സിനിമ റിലീസ് ആകുമ്പോൾ അമലയും അമ്മയും ആകാനുള്ള തയ്യാറെടുപ്പിലാണ്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blesy about a scene that he told to prithviraj