പദ്മരാജന്‍, ഭരതന്‍ എന്നിവരുടെ ശിഷ്യനായി സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. മാനുഷിക വികാരങ്ങളെ പിടിച്ച് കുലുക്കുന്ന രീതിയിലുള്ള സിനിമകളാണ് അദ്ദേഹം ചെയ്യാറുള്ളത്. ബ്ലെസിയുടെ കാഴ്ച, പ്രണയം, ഭ്രമരം, തന്മാത്ര, തുടങ്ങിയ ചിത്രങ്ങള്‍ അത്രമേല്‍ മനോഹരമാണെങ്കിലും വീണ്ടും കാണാന്‍ ഉള്ള ധൈര്യം പല പ്രേക്ഷകര്‍ക്കും ഇന്നും ഇല്ല.
ബ്ലെസി സംവിധാനം ചെയ്ത് 2009 തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഭ്രമരം. മോഹന്‍ലാല്‍ ശിവന്‍ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത് ബ്ലെസി തന്നെയാണ്. ഭൂമിക ചൗള, സുരേഷ് മേനോന്‍, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം, മലയാള സിനിമയിലെ വണ്‍ ടൈം മാജിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ്.
ഭ്രമരത്തിലെ ക്ലൈമാക്‌സ് സീനില്‍ മലയുടെ മുകളില്‍ വണ്ടി ഓടിച്ച് ചെന്ന് വണ്ടിയില്‍ നിന്നും ഇറങ്ങി കൈകൊട്ടി അട്ടഹസിക്കുന്ന ശിവന്‍ കുട്ടിയുടെ രംഗമുണ്ട്. ആ രംഗം എഴുതുമ്പോള്‍ തനിക് തന്റെ ഗുരുവായ പദ്മരാജനെ ഓര്‍മ വന്നെന്ന് പറയുകയാണ് ബ്ലെസി. പദ്മരാജന്റെ ട്രീറ്റ്‌മെന്റ് എല്ലാം ആ ഭാഗത്ത് വന്ന പോലെ തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനും അങ്ങനെ വൈകാരികമായിട്ടുള്ള മനുഷ്യനാണെന്നും ചുമ്മാ വര്‍ത്തമാനം ഒക്കെ പറയുമെന്നും ബ്ലെസി പറയുന്നു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി.
‘സെക്കന്റ് ഹാഫില്‍ ശിവന്‍ കുട്ടി വളരെ ഭ്രാന്തമായ അവസ്ഥയില്‍ വണ്ടി ഓടിച്ചു കൊണ്ട് വന്ന് ഒരു മലയുടെ മുനമ്പില്‍ ചവിട്ടി നിര്‍ത്തുകയാണ്. എന്നിട്ട് വണ്ടിയില്‍ നിന്നിറങ്ങി കയ്യടിച്ച് അട്ടഹസിച്ച് ചിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ തന്നെ എന്നോട് ചോദിച്ചത് ഇയാള്‍ക്കെന്താ ഭ്രാന്താണോയെന്ന്.
അത് എഴുതിയ സമയത്ത് എനിക്കപ്പോള്‍ പത്മരാജന്‍ സാറിനെയാണ് ഓര്‍മ വന്നത്. അദ്ദേഹത്തിന്റെ ഒരു ട്രീറ്റ്മെന്റ് എല്ലാം ഉണ്ടല്ലോ എന്ന്. അങ്ങനെയാണ് ഞാനും. ഞാന്‍ ഇമോഷണലി അങ്ങനൊക്കെയുള്ളോരു മനുഷ്യനാണ്. ചുമ്മാ കിടന്ന് ഞാന്‍ വര്‍ത്തമാനമൊക്കെ പറയും,’ ബ്ലെസി പറയുന്നു.