|

അന്ന് ക്ലാരയുടെ ചിരിയെ പറ്റി പത്മരാജന്‍ സാര്‍ എഴുതിയത് കണ്ട് എനിക്ക് കൗതുകം തോന്നി: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്പികള്‍. മലയാളത്തിലെ പ്രണയ ചിത്രങ്ങളില്‍ ഏറെ ആരാധകരുള്ള ഈ സിനിമ പുറത്തിറങ്ങിയത് 1987ലാണ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയാണുള്ളത്.

ജയകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ എത്തിയത്. ഇന്ന് വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്ന സിനിമയായിട്ടും അന്ന് ഇറങ്ങിയപ്പോള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു ഇത്.

ജയകൃഷ്ണനെയും ക്ലാരയെയും രാധയെയും ചുറ്റിപറ്റിയായിരുന്നു ഈ സിനിമയുടെ കഥ മുന്നോട്ട് പോയത്. രാധയായി പാര്‍വതിയും ക്ലാരയായി സുമലതയുമായിരുന്നു എത്തിയത്. ഇപ്പോള്‍ സിനിമയില്‍ ക്ലാരയുടെ ചിരിയെ പറ്റി പി. പത്മരാജന്‍ എഴുതിയത് എങ്ങനെയായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ബ്ലെസി. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ പത്മരാജന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് ഏറ്റവും അധികം കൗതുകം തോന്നിയ ഒരു കാര്യമുണ്ട്. ക്ലാരയുടെ ഉള്ളില്‍ നിന്ന് ചിരിയുടെ നുര പതഞ്ഞു പുറത്തേക്ക് വന്നു എന്നായിരുന്നു അവളുടെ ചിരിയെ കുറിച്ച് എഴുതിയിരുന്നത്. ഒരാളുടെ ചിരിയെ കുറിച്ച് എഴുതി വെച്ചതാണ് അത്.

ഒരാള്‍ അര്‍ത്ഥം മനസിലാക്കി സ്‌ക്രിപ്റ്റ് വായിക്കുന്ന സമയത്ത് അയാളുടെ ഉള്ളില്‍ നിന്ന് ആ ചിരി പുറത്തേക്ക് നുരഞ്ഞ് പൊങ്ങും. ഇത് സ്‌ക്രിപ്റ്റിനെ കൊതിക്കുമ്പോള്‍ നമ്മള്‍ പഠിച്ചു പോകുന്ന കാര്യങ്ങളാണ്. അതുപോലെയാണ് ഞാന്‍ എന്റെ സിനിമകളില്‍ ഓരോ ക്ലോസ് ഷോട്ടുകളും റിയാക്ഷനും എടുക്കുന്നത്.

ഓരോ ക്ലോസ് ഷോട്ടും റിയാക്ഷനും എടുക്കുമ്പോള്‍ അതിന്റെ സ്‌ക്രിപ്റ്റില്‍ ആവശ്യമായ എക്‌സ്പ്രഷനുണ്ടാകും. എന്തിനാണ് അയാള്‍ നോക്കുന്നതെന്നൊക്കെ എഴുതി വെക്കും. സ്‌ക്രിപ്റ്റില്‍ തന്നെ അത് വ്യക്തമാക്കും,’ ബ്ലെസി പറഞ്ഞു.


Content Highlight: Blessy Talks About P Pathmarajan And Thoovanathumbikal

Latest Stories