|

ആ സിനിമയിലെ വേഷം ലാലേട്ടൻ ചോദിച്ച് വാങ്ങിയത്; അദ്ദേഹം വന്നതോടെ ആ കഥാപാത്രവും വളർന്നു: ബ്ലെസ്സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ബ്ലെസി. ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിലെ മാത്യൂസ് എന്ന കഥാപാത്രം മോഹൻലാൽ ചോദിച്ച് വാങ്ങിയതാണെന്നും മോഹൻലാൽ ഏറ്റെടുത്തതുകൊണ്ടുമാത്രം വളർന്ന് വന്ന കഥാപാത്രമാണ് അതെന്നും ബ്ലെസ്സി പറയുന്നു.

കയ്യും കാലുമെല്ലാം ആകാശത്തേക്ക് വലിച്ചെറിഞ്ഞ് ആക്രോശിക്കുന്നത് മാത്രമല്ല അഭിനയമെന്നും സൂക്ഷ്‌മചലനങ്ങൾ കൊണ്ട് ഭാവപ്രപഞ്ചം സൃഷ്ടിക്കാമെന്നും തെളിയിച്ച കഥാപാത്രമായിരുന്നു പ്രണയത്തിലെ മോഹൻലാലിന്റെ മാത്യൂസെന്നും ബ്ലെസ്സി പറഞ്ഞു. ആ ചിത്രത്തിൽ മോഹൻലാൽ ചെയ്തൊരു മാനറിസം അങ്ങനെയുള്ള രോഗികൾ ചെയ്യുന്നതാണെന്ന് പിന്നീട് തന്നോടൊരു ന്യൂറോളജിസ്റ്റ് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രണയത്തിലെ കഥാപാത്രത്തെ ലാലേട്ടൻ ചോദിച്ചു വാങ്ങിച്ചതാണ്. ലാലേട്ടൻ ഏറ്റെടുത്തതുകൊണ്ട് വളരെ പ്രാധാന്യത്തോടെ വളർന്നു വന്ന കഥാപാത്രവുമാണ് മാത്യൂസ്. ഫ്ളാഷ്ബാക്കിൽ മാത്രമേ നിന്നുകൊണ്ട് അഭിനയിക്കുന്നുള്ളൂ.

ബാക്കിയെല്ലാം ഇരുന്നും കിടന്നുമാണ് കയ്യും കാലുമെല്ലാം ആകാശത്തേക്ക് വലിച്ചെറിഞ്ഞ് ആക്രോശിക്കുന്നത് മാത്രമല്ല അഭിനയമെന്നും സൂക്ഷ്‌മചലനങ്ങൾ കൊണ്ടാരു ഭാവപ്രപഞ്ചം സൃഷ്ടിക്കാമെന്നും തെളിയിച്ച കഥാപാത്രമായിരുന്നു അത്. അതിൽ ലാലേട്ടൻ ഇടയ്ക്കിങ്ങനെ മൂക്കുപിടിക്കുന്നൊരു മാനറിസമുണ്ട്.

പ്രണയത്തിലെ കഥാപാത്രത്തെ ലാലേട്ടൻ ചോദിച്ചു വാങ്ങിച്ചതാണ്

പിന്നീടൊരു ന്യൂറോളജിസ്റ്റ് എന്നോടു പറഞ്ഞു, അത് വളരെ കറക്ടായൊരു ചലനമാണ്. ഇങ്ങനെയുള്ള രോഗികൾ ഐ.സി.യു വിൽ കിടക്കുമ്പോൾ മൂക്ക് ചൊറിയാൻ ശ്രമിക്കുന്നതും അത് പരാജയപ്പെടുന്നതും കാണാറുണ്ടെന്നും ആ ഡോക്ടർ പറഞ്ഞു. അതാണ് ഞാൻ പറഞ്ഞത് പലതും വന്നുഭവിക്കുന്നതാണെന്ന്.

ഉത്തമബോധ്യത്തോടെ, പൂർണ സമർപ്പണത്തോടെ കഥാപാത്രത്തിന് വേണ്ട നിമിഷങ്ങൾ ഈ ശരീരത്തിൽ വന്നുഭവിക്കുന്നു. ഈശ്വരൻ നൽകുന്നതാവാം, ഗുരുത്വമാവാം, ജൻമനാ ആർജിതമായ പ്രതിഭാവിലാസമാവാം എന്തായാലും അവയിൽ ചിലത് സാക്ഷാത്കരിക്കാൻ ഈശ്വരൻ എനിക്കും ഭാഗ്യം തന്നു. നന്ദി,’ ബ്ലെസി പറയുന്നു.

Content Highlight: Blessy Talks About Mohanlal’s Performance In Pranayam movie