| Monday, 25th March 2024, 10:42 pm

മമ്മൂക്ക സുന്ദരനാണ്; അന്ന് സിനിമക്ക് വേണ്ടി അദ്ദേഹത്തിന്റെ ഫോട്ടോ ഫോട്ടോഷോപ്പിലിട്ട് ഗെറ്റപ്പുകള്‍ പരീക്ഷിച്ചു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2004ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ സിനിമയാണ് കാഴ്ച. അന്ന് മലയാള സിനിമയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന് സാധിച്ചിരുന്നു. ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു കാഴ്ച.

ഒരു വന്‍ദുരന്തം ചിലരിലേല്‍പ്പിക്കുന്ന പോറലുകളും അതില്‍ സഹജീവികള്‍ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമായിരുന്നു ഈ സിനിമയിലൂടെ ബ്ലെസി പറഞ്ഞത്.

ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ ഫിലിം ഓപ്പറേറ്റര്‍ മാധവനായാണ് മമ്മൂട്ടി അഭിനയിച്ചത്. ആ സിനിമയില്‍ മമ്മൂട്ടിയെ കൊണ്ടുവന്നതിനെ കുറിച്ച് പറയുകയാണ് ബ്ലെസി. തന്റെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ എല്ലാ സിനിമകളിലും നായകന്മാരെ അതുവരെ കാണാത്ത രീതിയില്‍ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ആടുജീവിതത്തിലും ഞാന്‍ അങ്ങനെ ശ്രമിച്ചിട്ടുണ്ട്. എന്റെ ആദ്യ സിനിമയായ കാഴ്ച തൊട്ട് അങ്ങനെ ചെയ്യാറുണ്ട്.

മമ്മൂക്ക വളരെ സുന്ദരനായ ഒരാളാണ്. അങ്ങനെയുള്ള മമ്മൂക്കയെ ഒരു സാധാ കുട്ടനാട്ടുകാരനായി അവതരിപ്പിക്കാനാണ് ഞാന്‍ ചിത്രത്തില്‍ നോക്കിയിട്ടുള്ളത്. അതിന് വേണ്ടി മമ്മൂക്കയുടെ ഫോട്ടോ ഞാന്‍ ഫോട്ടോഷോപ്പിലൊക്കെ ഇട്ട് പല ഗെറ്റപ്പും പരീക്ഷിച്ചു.

മുടി നീട്ടി വളര്‍ത്തിയും താടി വളര്‍ത്തിയുമൊക്കെ പലതരം പരീക്ഷണം ചെയ്തു. താടിവെച്ച ഗെറ്റപ്പ് നോക്കിയപ്പോള്‍ അതുപോലെ ഒരെണ്ണം മഹാനഗരം എന്ന സിനിമയില്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടു. അതുമാത്രമല്ല, അങ്ങനെ താടി വെക്കുമ്പോള്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഫീലാണ് തോന്നാറുള്ളത്.

അദ്ദേഹത്തിന്റെ സൗന്ദര്യത്തെ ഉടക്കാന്‍ പറ്റാത്ത അവസ്ഥയായി. പിന്നീട് ഇദ്ദേഹത്തെ ഞാന്‍ കഥാപാത്രത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചു. അതിന് വേണ്ടി ചെയ്തത് മമ്മൂക്കയുടെ പോക്കറ്റില്‍ എപ്പോഴും ഒരു ചീപ്പ് വെച്ചുകൊടുത്തു.

ആളുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, അയാള്‍ എപ്പോഴും ഇങ്ങനത്തെ കാര്യത്തില്‍ കോണ്‍ഷ്യസാണ്. അതുമാത്രമല്ല, പണ്ടുതൊട്ടേ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ള ഒരു കഥാപാത്രമായി അയാളെ മാറ്റി,’ ബ്ലെസി പറഞ്ഞു.


Content highlight: Blessy Talks About Mammootty’s Get Up In Kazhcha Movie

We use cookies to give you the best possible experience. Learn more