കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പവന്‍ എന്ന ബാലനെ ചുറ്റിപ്പറ്റിയാണ് കാഴ്ചയുടെ കഥ.
ചിത്രത്തില്‍ പവന്‍ അഥവാ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രമായി എത്തിയത് യാഷ് ഗാവ്ലിയായിരുന്നു. സനുഷയും പത്മപ്രിയയും മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ഇപ്പോള്‍ കാഴ്ച സിനിമയെ കുറിച്ചും യാഷിനെ കുറിച്ചും പറയുകയാണ് ബ്ലെസി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സനുഷ അതിനോടകം തന്നെ നല്ല രീതിയില്‍ മികച്ച പ്രകടനം നടത്തിയ കുട്ടിയാണ്. അതുകൊണ്ട് തന്നെ അവളെ അഭിനയിപ്പിക്കാന്‍ വലിയ പ്രയാസം തോന്നിയില്ല. പക്ഷെ യാഷിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. വളരെ ചെറിയ കുട്ടിയായിരുന്നത് കൊണ്ട് അവനെ കാര്യങ്ങള്‍ അത്രയധികം പറഞ്ഞ് മനസിലാക്കാന്‍ പറ്റില്ലായിരുന്നു.
അവനെ എങ്ങനെയാണ് ആ സിനിമയിലേക്ക് സെലക്റ്റ് ചെയ്തതെന്ന് ചോദിച്ചാല്‍, ഓഡിഷനിലൂടെ തന്നെയാണ്. അവന്‍ സ്‌ക്കൂളില്‍ നടത്തിയ ചില പ്രകടനങ്ങളൊക്കെ ഞങ്ങള്‍ക്ക് അയച്ചു തന്നിരുന്നു. അതില്‍ അവന്റെ ഡാന്‍സും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് മറ്റൊന്നായിരുന്നു.
മറ്റൊരു കുട്ടി ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജിന്റെ സൈഡില്‍ നിന്നിട്ട് ഇവന്‍ കാലുവെച്ച് താളം പിടിക്കുന്ന ഒരു വീഡിയോ കണ്ടു. ഞാന്‍ മാര്‍ക്ക് കൊടുത്തത് അതിനായിരുന്നു. കാരണം സാധാരണയായി കൊച്ചുകുട്ടികളൊന്നും അങ്ങനെ ചെയ്യാറില്ല.
കുട്ടികള്‍ പൊതുവെ പാട്ട് ഇഷ്ടമായാല്‍ കൈ കൊണ്ടോ തല കൊണ്ടോ താളം പിടിക്കുക മാത്രമാണ് ചെയ്യുക. അവന്‍ കാലുവെച്ച് താളം പിടിക്കുന്നത് എനിക്ക് വലിയ ഇന്‍ട്രസ്റ്റിങ്ങായി തോന്നി. അതില്‍ നിന്നാണ് ഞാന്‍ അവനെ കൊച്ചുണ്ടാപ്രിയായി സെലക്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy Talks About Kochundapri And Kazhcha Movie