Entertainment
കൊച്ചുണ്ടാപ്രി മാധവനെ തിരക്കി വരുമോയെന്ന് ചിന്തിക്കാറുണ്ട്; എന്നും ഓര്‍ക്കാറുള്ളത് ആ മോഹന്‍ലാല്‍ കഥാപാത്രത്തെ: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 06, 09:59 am
Saturday, 6th July 2024, 3:29 pm

കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

മിക്കവാറും തന്റെ സിനിമകളിലെ എല്ലാ കഥാപാത്രങ്ങളെ കുറിച്ചും താന്‍ പിന്നീട് ചിന്തിക്കാറുണ്ടെന്ന് പറയുകയാണ് ബ്ലെസി. കാഴ്ച സിനിമയിലെ കുട്ടിയെ കുറിച്ചും തന്മാത്രയിലെ മകനെ കുറിച്ചും ഓര്‍ക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ഭ്രമരത്തിലെ ശിവന്‍ക്കുട്ടി ജീവനോടെയുണ്ടോയെന്ന് ചിന്തിക്കാറുണ്ടെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

‘മിക്കവാറും എല്ലാ കഥാപാത്രങ്ങളെ കുറിച്ചും പിന്നീട് ചിന്തിക്കാറുണ്ട്. കാഴ്ച സിനിമയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. കൊച്ചുണ്ടാപ്രി അവിടെ എങ്ങനെയാകും കഴിയുന്നത്? അവന്‍ എന്നെങ്കിലും നാട്ടില്‍ മാധവനെ തിരക്കി വരുമോ? എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. അങ്ങനെ തന്നെ ഓരോ സിനിമയെ കുറിച്ചും ആലോചിക്കാറുണ്ട്. തന്മാത്രയെ സംബന്ധിച്ചിടത്തോളം ആ സിനിമക്ക് ഒരു എന്‍ഡിങ്ങുണ്ട്. എങ്കില്‍ പോലും ആ മകനെ കുറിച്ച് ഞാന്‍ ഇടക്ക് ഓര്‍ക്കും.

പിന്നെ ഭ്രമരത്തിലെ ശിവന്‍ക്കുട്ടിയെ എന്നും ഓര്‍ക്കുന്നതാണ്. അയാള്‍ ജീവനോടെയുണ്ടോ? അതോ ആ യാത്രയില്‍ മരണപ്പെട്ടോ? ജീവനോടെ ഉണ്ടെങ്കില്‍ എങ്ങനെയാകും ജീവിക്കുന്നത്? ആരോടും മിണ്ടാതെ മറ്റൊരു മോശം അവസ്ഥയിലാകുമോ? എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. പക്ഷെ എഴുത്തിന്റെ ഘട്ടത്തില്‍ ഇതൊന്നും മാറിനിന്ന് കാണുന്ന ആളല്ല ഞാന്‍. എല്ലാവര്‍ക്കും സന്തോഷം ഉണ്ടാകണമല്ലോ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. ഈ കഥക്കും കഥാപാത്രത്തിനും ഒപ്പമാണ് ഞാന്‍ സഞ്ചരിക്കുന്നത്,’ ബ്ലെസി പറഞ്ഞു.


Content Highlight: Blessy Talks About Kazhcha And Bramaram