കുറഞ്ഞ സിനിമകള്‍ കൊണ്ട് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ സംവിധായകനാണ് ബ്ലെസി. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയത്. മമ്മൂട്ടിയെ നായകനാക്കി എത്തിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിച്ച സംവിധായകന്‍ കൂടെയാണ് അദ്ദേഹം.
ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ ഇറങ്ങിയ സിനിമയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ് ബ്ലെസി. എം. മുകുന്ദന്റെ മയ്യഴിയുടെ പുഴയുടെ തീരങ്ങള്‍ എന്ന നോവല്‍ വായിച്ച് മയ്യഴിയില്‍ പോയതിനെ കുറിച്ചാണ് സംവിധായകന്‍ പറയുന്നത്.
‘കോളേജ് കാലഘട്ടത്തില്‍ ഒരു ദിവസം വീട്ടിലുള്ളവരോട് പിണങ്ങി. അന്ന് ഞാനും ജേഷ്ഠനും മാത്രമേ ഉണ്ടായിരുന്നുള്ളു. ജേഷ്ഠനോട് വഴക്കുണ്ടാക്കി ഞാന്‍ പുറപ്പെട്ടു പോകാന്‍ തീരുമാനിച്ചു. അന്നൊക്കെ പുസ്തകങ്ങളില്‍ പറയാറുള്ളത് ബോംബൈയിലോ ചെന്നൈയിലോ ഒക്കെ പോയി വലിയ ഫിലിംമേക്കറായി തിരിച്ചു വരുന്നു എന്നാണ്.
അന്ന് ഞാന്‍ പുറപ്പെട്ടു പോകാന്‍ തീരുമാനിച്ചു. പക്ഷെ എങ്ങോട്ട് പോകണം എന്നതിന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. ആ സമയത്ത് എന്നെ മാത്രമല്ല ഒരുപാട് കുട്ടികളെ സ്വാധീനിച്ച ആളാണ് എം. മുകുന്ദന്‍. അങ്ങനെയാണ് മയ്യഴിക്ക് പോകാമെന്ന് കരുതി ട്രെയിന്‍ കയറുന്നത്. മയ്യഴിയില്‍ ബംഗ്ലാവ് തിരക്കി നടക്കുകയും മാഹി പള്ളിയില്‍ കിടന്ന് ഉറങ്ങുകയും കടപ്പുറത്ത് തുണി അലക്കി ഇടുകയുമൊക്കെ ചെയ്ത ഒരു ബാല്യമുണ്ട് എനിക്ക്.
പക്ഷെ അവിടെ വെച്ച് ഞാന്‍ ഛര്‍ദ്ദിക്കുകയുണ്ടായി. അതിന്റെ ഒന്നോ രണ്ടോ വര്‍ഷം മുമ്പായിരുന്നു എനിക്ക് ജോണ്ടിസ് വന്നത്. അന്ന് ഛര്‍ദ്ദിച്ചതോടെ എന്റെയുള്ളിലെ ഭീരു ഉണര്‍ന്നു. ചിലപ്പോള്‍ ഇവിടെ കിടന്ന് ചത്ത് പോകുകയേയുള്ളു എന്ന് തോന്നി. അത് കാരണം തിരിച്ച് പോയേക്കാമെന്ന് കരുതി തിരിച്ച് വീട്ടിലേക്ക് പോയി,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy Talks About His Childhood