| Wednesday, 7th August 2024, 9:19 pm

മാന്യമായ വസ്ത്രമാണെങ്കില്‍ നിങ്ങളെന്നെ സാറേയെന്ന് വിളിക്കും; അഴുക്ക് കുപ്പായമാണേല്‍ എടാ എന്നും: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം തിയേറ്ററിലെത്തി വലിയ വിജയമായ ചിത്രമായിരുന്നു ആടുജീവിതം. ഏറെ നാളത്തെ പ്രീ പ്രൊഡക്ഷന് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. മലയാളികള്‍ക്കിടയിലെ ഏറെ സ്വീകാര്യത നേടിയ ആടുജീവിതം എന്ന ചലച്ചിത്രാവിഷ്‌കാരം ബ്ലെസിയാണ് ഒരുക്കിയത്.

നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ ഗംഭീര പ്രകടനം കണ്ട ചിത്രമാണ് ആടുജീവിതം. സിനിമയുടെ അവസാന ഭാഗത്തിലെ നജീബിന്റെ നൂഡ് സീനിനെ കുറിച്ച് പറയുകയാണ് ബ്ലെസി. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഈ സീനിനെ എങ്ങനെയാണ് സ്‌ക്രിപ്റ്റില്‍ എഴുതി വെച്ചിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘നമ്മളൊക്കെയും പുറം തോലില്‍ അല്ലെങ്കില്‍ പുറംചട്ടയിലാണ് ഓരോരുത്തരെയും വിലയിരുത്തുന്നത്. ‘ഞാന്‍ മാന്യമായി വസ്ത്രം ധരിച്ചാല്‍ നിങ്ങളെന്നെ സാറേ എന്ന് വിളിക്കും. ഞാനൊരു അഴുക്ക് കുപ്പായം ഇട്ടാല്‍ എടാ എന്ന് വിളിക്കും’ ഇങ്ങനെയൊക്കെ പറയുന്ന സൊസൈറ്റിയാണ് നമുക്ക് ചുറ്റുമുള്ളത്.

അതുകൊണ്ട് തന്നെ ഈ വസ്ത്രം എന്ന് പറയുന്നത് ഒരാളെ പാകപ്പെടുത്തുന്ന രീതി കൂടെയാണ്. ഈ പുറംചട്ടക്ക് ഉള്ളിലേക്ക് തന്റെ അടിമത്തവും ഭീരുത്തവുമെല്ലാം അവനെ പൊതിയുന്ന ഒരു അവസ്ഥയുണ്ടല്ലോ, ആ അവസ്ഥയില്‍ നിന്ന് അവന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കുതിച്ച് ചാട്ടമാണ് അത്,’ ബ്ലെസി പറഞ്ഞു.

ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആയിരുന്നു ബ്ലെസി ആടുജീവിതം ഒരുക്കിയത്. പത്ത് വര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റിന്റെ ചിത്രീകരണത്തിനായി ആറ് വര്‍ഷത്തോളം ബ്ലെസി ചെലവഴിച്ചു. തിയേറ്ററില്‍ വന്‍ വിജയം നേടിയ ശേഷം ഒ.ടി.ടി റിലീസിലും മികച്ച പ്രതികരണമാണ് ആടുജീവിതം സ്വന്തമാക്കിയത്. നജീബ് എന്ന കഥാപാത്രമായി പകരം വെക്കാനില്ലാത്ത പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവെച്ചത്.

Content Highlight: Blessy Talks About Climax Scene Of Najeeb In Aadujeevitham

We use cookies to give you the best possible experience. Learn more