ആ മമ്മൂട്ടി ചിത്രം ഒരിക്കലും 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് തോന്നില്ല: ബ്ലെസി
Entertainment
ആ മമ്മൂട്ടി ചിത്രം ഒരിക്കലും 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് തോന്നില്ല: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd September 2024, 8:25 am

കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പവന്‍ എന്ന ബാലനെ ചുറ്റിപ്പറ്റിയാണ് കാഴ്ചയെന്ന സിനിമയുടെ കഥ.

കാഴ്ചക്ക് ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിക്കാനും ബ്ലെസിക്ക് സാധിച്ചിരുന്നു. 20 വര്‍ഷത്തെ കരിയറില്‍ ഇതുവരെ അദ്ദേഹം എട്ട് സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളത്.

Blessy

കാഴ്ചയെ സിനിമ 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് തോന്നില്ലെന്ന് പറയുകയാണ് ബ്ലെസി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ കടന്നു പോയ ഓരോ സന്ദര്‍ഭങ്ങളെ കുറിച്ചുമുള്ള ഓര്‍മകളും വളരെ വ്യക്തവും കൃത്യവുമായി തന്റെ മനസിലേക്ക് എത്തുകയാണെന്നും ബ്ലെസി പറയുന്നു.

‘എനിക്ക് ഏറ്റവും സന്തോഷം തോന്നുന്ന ഒരു കാര്യമുണ്ട്. കാഴ്ചയെ കുറിച്ച് പറയുമ്പോള്‍ ആ സിനിമ 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് തോന്നില്ല. കാരണം ഞാന്‍ കടന്നു പോയ ഓരോ സന്ദര്‍ഭങ്ങളെ കുറിച്ചുമുള്ള ഓര്‍മകളും വളരെ വ്യക്തവും കൃത്യവുമായി എന്റെ മനസിലേക്ക് എത്തുകയാണ്.

അങ്ങനെ തന്നെയാണ് എന്റെ എല്ലാ സിനിമകളും. പിന്നെ 20 വര്‍ഷത്തിന്റെ ഇടയില്‍ എട്ട് സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അതില്‍ ആദ്യത്തെ ഒമ്പത് വര്‍ഷങ്ങളിലാണ് ഏഴ് സിനിമകള്‍ ചെയ്തത്. പിന്നീട് അടുത്ത സിനിമക്ക് വേണ്ടി 11 വര്‍ഷങ്ങള്‍ എടുക്കേണ്ടി വന്നു.

ഈ 20 വര്‍ഷത്തിനിടയില്‍ ഒരുപാട് സിനിമകള്‍ ചെയ്തത് പോലെ എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ഈയിടെ എന്റെ വീട്ടില്‍ ചോദിച്ചിരുന്നു, എനിക്ക് ഇനി അടുത്ത ഒരു സിനിമ എഴുതാന്‍ പറ്റുമോയെന്ന്. അങ്ങനെയാണ് ഞാന്‍ അതിനെ കാണുന്നത്. വളരെ സീരിയസായി തന്നെയാണ് സിനിമയെ കാണുന്നത്. നമ്മള്‍ ചെന്ന് എത്തപ്പെടുന്ന സിനിമകള്‍ എപ്പോഴും ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാക്കും. അതിന് ഒരുപാട് പഠനങ്ങളുണ്ടാകും,’ ബ്ലെസി പറഞ്ഞു.


Content Highlight: Blessy Talks About 20 Years Of Kazhcha Movie And His Career