പ്രേക്ഷകരെ കരയിപ്പിക്കുന്ന സിനിമകള്‍ മനഃപൂര്‍വം ഉണ്ടാക്കുന്നതല്ല, അതിനൊരു കാരണമുണ്ട്: ബ്ലെസി
Entertainment
പ്രേക്ഷകരെ കരയിപ്പിക്കുന്ന സിനിമകള്‍ മനഃപൂര്‍വം ഉണ്ടാക്കുന്നതല്ല, അതിനൊരു കാരണമുണ്ട്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd July 2024, 7:53 pm

വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറാന്‍ ബ്ലെസിക്ക് സാധിച്ചു. തൂവാനത്തുമ്പികള്‍ എന്ന പദ്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ, സമയമെടുത്ത് മികച്ച സിനിമകള്‍ മാത്രം ചെയ്യാറുള്ള സംവിധായകനാണ് ബ്ലെസി.

കാഴ്ച, തന്മാത്ര, പളുങ്ക്, ഭ്രമരം എന്നീ സിനിമകള്‍ രണ്ടാമത് ഒന്നുകൂടി കാണാന്‍ കഴിയാത്ത വിധം പ്രേക്ഷകരെ കരയിപ്പിച്ച സിനിമകളാണ്. അത്തരം സിനിമകള്‍ ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ബ്ലെസി. സാധാരണക്കാരന് വേണ്ടി സിനിമ ചെയ്യണമെന്നും അത് നല്ല സിനിമയായിരിക്കണമെന്നും ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ബ്ലെസി പറഞ്ഞു.

സന്തോഷവും സങ്കടവും ജീവിതത്തിന്റെ ഭാഗമാണെന്നും സന്തോഷം ഒരു പെര്‍ഫ്യൂം കുപ്പി പോലെയാണെന്നും സങ്കടം മുറിവിന്റെ വേദന പോലെയാണെന്നും ബ്ലെസി പറഞ്ഞു. ജീവിതത്തില്‍ പെട്ടെന്ന് വന്നുപോകുന്ന കാര്യമാണ് സന്തോഷമെന്നും എന്നാല്‍ സങ്കടം അത്ര പെട്ടെന്ന് പോകാത്ത ഒന്നാണെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

‘എന്റെ സിനിമകളെല്ലാം പ്രേക്ഷകരെ വല്ലാതെ വിഷമിപ്പിക്കുന്നതിന്റെ കാരണം എന്താണെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിനുള്ള ഏറ്റവും സിംപിളായിട്ടുള്ള ഉത്തരം പലരോടും ഞാന്‍ പറഞ്ഞിട്ടുമുണ്ട്. സന്തോഷം എന്നത് പെര്‍ഫ്യൂമിന്റെ കുപ്പി പോലെയും, സങ്കടമെന്നത് മുറുവിന്റെ വേദ പോലെയാണെന്നുമാണ് എനിക്ക് പറയാനുള്ളത്.

ഒരു മുറിയില്‍ പെര്‍ഫ്യൂമിന്റെ കുപ്പി തുറന്നുവെച്ചാല്‍ അതിന്റെ മണം എല്ലാവര്‍ക്കും കിട്ടും. എന്നാല്‍ ആ മണം പെട്ടെന്ന് പോവുകയും ചെയ്യും. നമ്മള്‍ എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം വരുന്നത് അതുപോലെയാണ്. എന്നാല്‍ സങ്കടം എന്നത് മുറിവിന്റെ വേദന പോലെയാണ്. അത്ര പെട്ടെന്നൊന്നും ആ വേദന നമ്മളെ വിട്ട് പോകില്ല. അതുകൊണ്ടാണ് എന്റെ സിനിമകളെല്ലാം ആളുകളെ വിഷമിപ്പിക്കുന്ന തരത്തിലുള്ളതായത്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy talking about Kazhcha, Thanmathra, Palunku and Bhramaram