ആടുജീവിതത്തിലെ ആ സീൻ എടുത്തിരുന്നെങ്കിൽ അതിന്റെ തുടർച്ചയും വേണ്ടി വരും, അതുകൊണ്ടാണ് ഒഴിവാക്കിയത്: ബ്ലെസി
Entertainment
ആടുജീവിതത്തിലെ ആ സീൻ എടുത്തിരുന്നെങ്കിൽ അതിന്റെ തുടർച്ചയും വേണ്ടി വരും, അതുകൊണ്ടാണ് ഒഴിവാക്കിയത്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th March 2024, 8:47 am

ബെന്യാമിന്റെ ആടുജീവിതം വായിച്ചവർ ഇന്നും ഓർക്കുന്ന കഥയിലെ ഒരു ഭാഗമായിരുന്നു നജീബ് ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഭാഗം.

ബ്ലെസിയുടെ സംവിധാനത്തിൽ ആടുജീവിതം വരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ നോവൽ വായിച്ചവരിലുള്ള കൗതുകമായിരുന്നു ഈ രംഗങ്ങളെല്ലാം സിനിമയിലുണ്ടാകുമോയെന്നത്. എന്നാൽ മൂന്ന് മണിക്കൂറുള്ള സിനിമയിൽ എല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

സിനിമയിൽ കണ്ടിന്യൂവിറ്റി വളരെ പ്രധാനപ്പെട്ടതാണെന്നും നോവലിൽ ആ പ്രശ്നമില്ലെന്നും ബ്ലെസി പറയുന്നു. അങ്ങനെയൊരു രംഗം ഉൾപ്പെടുത്തിയാൽ തീർച്ചയായും അതിന്റെ വൈകാരികമായിട്ടുള്ള തുടർച്ചകളും എടുക്കേണ്ടി വരുമെന്നും ബ്ലെസി പറയുന്നു. ദി ഫോർത്തിനോട്‌ സംസാരിക്കുകയായിരുന്നു ബ്ലെസി.

‘ആ ചോദ്യത്തിന് ഉത്തരം പറയാൻ യാതൊരു ഉത്തരവാദിത്തവുമുള്ള ആളല്ല ഞാൻ. ഇതെല്ലാം ഞാൻ ചെയ്തോളാം എന്നൊരു എഗ്രിമെന്റ് ഞാനും ബെന്യാമിനും തമ്മിലില്ല. ഇതിനൊരു മറുചോദ്യം ചോദിക്കുകയാണെങ്കിൽ, സൈനുവെന്ന തന്റെ പെണ്ണിനെ നെഞ്ചിൽ കൊണ്ടുനടക്കുന്ന ഒരു മനുഷ്യനെയാണ് ഞാൻ അവതരിപ്പിച്ചിട്ടുള്ളത്. വൈകാരികമായാണ് അത് കാണിക്കുന്നത്.

സിനിമക്കൊരു കണ്ടിന്യൂവിറ്റിയുണ്ട്. ഇന്നൊരു സാധനം ചെയ്തു എന്നുണ്ടെങ്കിൽ അതിന്റെ ഹൃദയഭാരത്തിലാവണം അടുത്ത സീൻ ഉണ്ടാവേണ്ടത്. ഇപ്പോൾ ചെയ്ത ഒരു കാര്യത്തെ വഹിച്ചു കൊണ്ടാണ് നമ്മൾ യാത്ര ചെയ്യുന്നത്. ഇമോഷണൽ കണ്ടിന്യൂവിറ്റി പ്രധാനപ്പെട്ടതാണ്.

 

നോവലിനെ സംബന്ധിച്ച് അടുത്ത ചാപ്റ്റർ തുടർച്ചയായി തോന്നണമെന്നില്ല. ചിലപ്പോൾ പത്തുവർഷം കഴിഞ്ഞ ഒരു കാര്യമായിരിക്കാം പറയുന്നത്. അല്ലെങ്കിൽ ഇന്നലെ പറഞ്ഞതിനെ കുറിച്ച് ഒരു പരാമർശവുമില്ലാതെ പോവാൻ പറ്റും. നജീബ് വഹിക്കേണ്ട മാനസികാവസ്ഥകൾക്ക് തുടർച്ചയുണ്ടോ.

ആടുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപെട്ടതിന് ശേഷമുള്ള തുടർച്ചയെന്താണ്. അത് തുടർച്ചയാണെങ്കിൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരുപാട് സീനുകളിലേക്ക് പോവേണ്ടി വരും. അതിന്റെ തുടർച്ച എനിക്ക് ചെയ്യേണ്ടി വരും. പിന്നീട് ഉണ്ടാവുന്ന കാത്തിരിപ്പിനൊന്നും ഒരു ധാരണ ഇല്ലാത്ത പോലെയാവും. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്,’ബ്ലെസി പറയുന്നു.

അതേസമയം, ആടുജീവിതം ഗംഭീര അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നേടുന്നത്. നീണ്ട പതിനാറ് വർഷത്തെ പരിശ്രമത്തിനൊടുവില്ലാണ് ബ്ലെസി ആടുജീവിതം തിയേറ്ററിൽ എത്തിക്കുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോർമേഷൻ വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Blessy Talk About The Continuity Of Scenes In Aadujeevitham