| Saturday, 30th March 2024, 11:57 am

ഭീതി പടർത്തി കൊണ്ട് എന്തോ വ്യാപനത്തെ കുറിച്ച് അന്ന് കേട്ടു, ഏറ്റവും ഭയപ്പെടുത്തിയ കാര്യമായിരുന്നു അത്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

ആടുജീവിതത്തിന്റെ ഷൂട്ടിനിടയിൽ കൊവിഡ് മഹാമാരി വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ബ്ലെസി. ഏറ്റവും ഭയപ്പെടുത്തിയ കാര്യമായിരുന്നു അതെന്നും ഒന്ന് രണ്ടാഴ്ച കൊണ്ട് നേരെയാവുമെന്ന് കരുതിയെങ്കിലും കാര്യങ്ങളെല്ലാം വഷളായെന്നും ബ്ലെസി പറയുന്നു. മൂവി വേൾഡ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളെ ഏറ്റവും ഭയപ്പെടുത്തിയ ഒരു കാര്യം എന്താണെന്ന് വെച്ചാൽ, 2020 മാർച്ച്‌ 9നാണ് സെക്കന്റ്‌ ഷെഡ്യൂൾ എന്ന രീതിയിൽ ജോർദാനിലേക്ക് പോവുന്നത്. ആ സമയത്ത് രാജു ശരീര ഭാരം കുറക്കാനായിട്ടുള്ള യാത്രയിലാണ്. ഞങ്ങൾ അവിടെ ചെന്നു. നല്ല രസമുള്ള ലൊക്കേഷനാണ്. പല ഭാഗത്ത്‌ നിന്നുള്ള ആളുകളുള്ള സ്ഥലമാണ്. എന്നും വൈകുന്നേരം ഡാൻസും പാട്ടുമെല്ലാം നടക്കുന്ന ഇടമാണ്.

പെട്ടെന്ന് രണ്ട് ദിവസത്തിനുള്ളിൽ ലോകം മുഴുവൻ എന്തോ ഭീതി പടർത്തി കൊണ്ട് ഒരു വ്യാപനം എന്ന് കേൾക്കുകയും, ഈച്ചകളൊക്കെ പറന്നു പോയെന്ന് പറയുന്ന പോലെ അവിടെ ഉണ്ടായിരുന്ന വിദേശീയരെല്ലാവരും മാറുകയും ഞങ്ങൾ മൂന്ന് നാല് ആളുകൾ മാത്രമാവുകയും ചെയ്തു.

അടുത്ത ദിവസം നാട്ടിൽ നിന്നുള്ള ടീം ജോർദാനിൽ വന്നിറങ്ങി. അതിന് മുമ്പേ രാജു വന്നു. രാജു ശരീര ഭാരം മുപ്പത് കിലോയൊക്കെ കുറച്ചിട്ടാണ് വരുന്നത്. അപ്പോഴും നമ്മൾ ഭയന്നില്ല. കാരണം ഇത് എക്സ്പീരിയൻസ് ചെയ്യാത്ത ഒരു കാര്യമായത് കൊണ്ട് ഒരാഴ്ച രണ്ടാഴ്ച കൊണ്ട് റെഡിയാവുമെന്ന് കരുതി. ഇത്രയും കാലത്തേക്ക് പോവുമെന്ന് കരുതിയില്ല. പിന്നീട് കാര്യങ്ങൾ മുറുകാൻ തുടങ്ങി. നമുക്ക് ചുറ്റും കാര്യങ്ങൾ വഷളാവാൻ തുടങ്ങി,’ബ്ലെസി പറയുന്നു.

അതേസമയം, ആടുജീവിതം ഗംഭീര അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നേടുന്നത്. നീണ്ട പതിനാറ് വർഷത്തെ പരിശ്രമത്തിനൊടുവില്ലാണ് ബ്ലെസി ആടുജീവിതം തിയേറ്ററിൽ എത്തിക്കുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോർമേഷൻ വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Blessy Talk About Struggling Of Aadujeevitham Shoot

Latest Stories

We use cookies to give you the best possible experience. Learn more