54ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിറഞ്ഞ് നിൽക്കുകയാണ് ആടുജീവിതം. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ചായഗ്രാഹകൻ തുടങ്ങി ഒമ്പതോളം അവാർഡാണ് ആടുജീവിതം സ്വന്തമാക്കിയത്.
എന്നാൽ മികച്ച സംഗീത സംവിധായകനായി ചിത്രത്തിൽ സംഗീതം ചെയ്ത എ.ആർ. റഹ്മാനെ തെരഞ്ഞെടുക്കാത്തതിന്റെ പരിഭവം പറയുകയാണ് ബ്ലെസി. ആടുജീവിതം തന്റെ ഏട്ടാമത്തെ സിനിമയാണെന്നും ചിത്രത്തിലെ ഏറ്റവും ഗംഭീര സെക്ഷൻ അതിന്റെ റീ റിക്കോർഡിങ് ആയിരുന്നുവെന്നും ബ്ലെസി പറയുന്നു.
പക്ഷെ എ. ആർ റഹ്മാന് പുരസ്‌കാരം നൽകാത്തതിൽ തനിക്ക് ഖേദമുണ്ടെന്നും അതുപോലൊരു ലെജൻഡിനെ നമ്മൾ എങ്ങനെ കണ്ടുവെന്നത് ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതെന്റെ ഏട്ടാമത്തെ സിനിമയാണ്. ഭയങ്കര ഔട്ട് സ്റ്റാൻഡിങ് ആയിട്ടുള്ള ഒരു പെർഫോമൻസ് ഞാൻ കണ്ടത് ഇതിന്റെ റീ റിക്കോർഡിങ് സമയത്താണ്. പല ഭാഷയിലുള്ള മ്യൂസിക് പാർട്ടുകൾ വെച്ചിട്ടൊക്കെയാണ് ഇതിന്റെ സംഗീതം ഒരുക്കിയത്.
അത് പരിഗണിക്കാതെ പോയതിലാണ് ഞാൻ എന്റെ ഖേദം പ്രകടിപ്പിക്കുന്നത്. ഓരോന്നിന്റെയും വേദന എനിക്കറിയാം. അത്രത്തോളം റീ വർക്ക് ചെയ്ത ഭാഗമാണ് റീ റിക്കോർഡിങ്. അത് ആര് ചെയ്തു എന്നതിനെ കുറിച്ചല്ല.
അത്രയധികം വലിയ ബാക്ക്ഗ്രൗണ്ട് സ്കോറും കേരളം മുഴുവൻ പാടി നടക്കുന്ന ഒരു പാട്ടുകൾ ഉള്ളൊരു സിനിമയാണ്. അങ്ങനെയൊരു വലിയ ലെജൻഡിനെ നമ്മൾ എങ്ങനെ കണ്ടു എന്നതാണ് ചോദ്യം,’ബ്ലെസി പറയുന്നു.
എന്നാൽ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ സംഗീതത്തിന് നാഷണൽ അവാർഡ് നേടാൻ എ. ആർ റഹ്മാന് സാധിച്ചിട്ടുണ്ട്. മികച്ച ചിത്രമായി ആട്ടം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നിവയിലും ആട്ടം പുരസ്‌കാരം കരസ്ഥമാക്കി.
Content Highlight: blessy Talk About State Award And A.r.Rahman