| Sunday, 19th May 2024, 8:56 am

ആ ലൊക്കേഷൻ കണ്ട് മമ്മൂക്ക ബഹളം വെച്ചു, ഷൂട്ട്‌ കഴിഞ്ഞ് വഴക്ക് കേൾക്കാമെന്ന് ഞാൻ ക്യാമറമാനോട് പറഞ്ഞു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. അവസാനം ഇറങ്ങിയ ആടുജീവിതവും ഗംഭീര അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്ന് നേടിയത്.

മമ്മൂട്ടി നായകനായി ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പളുങ്ക്. മമ്മൂട്ടിയുടെ പ്രകടനം കൊണ്ട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബ്ലെസി.

മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിലേക്ക് വന്നപ്പോൾ ലൊക്കേഷൻ കണ്ട് ദേഷ്യപ്പെട്ടെന്നും അങ്ങോട്ട് എത്തിപ്പെടാൻ കുറച്ച് പ്രയാസമായിരുന്നുവെന്നും ബ്ലെസി പറയുന്നു. ആർട്ട്‌ ഡയറക്ടർക്കെല്ലാം നല്ല വഴക്ക് കേട്ടെന്നും മമ്മൂട്ടിയെ സിനിമ നന്നായി കൺവീൻസ് ചെയ്യുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പളുങ്ക് എന്ന ചിത്രത്തിൽ തോപ്രാംകുടിയിൽ ഒരു വലിയ കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് ഷൂട്ട് ഉണ്ടായിരുന്നു. അവിടെയാണ് സെറ്റ് ഇട്ടിരിക്കുന്നത്. മമ്മൂക്ക വരുമ്പോൾ ഞാൻ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ആദ്യത്തെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞാണ് മമ്മൂക്ക വരുന്നത്.

മമ്മൂക്ക ഒരു പുതിയ കാറൊക്കെ വാങ്ങിച്ചിട്ടാണ് വരുന്നത്. പക്ഷെ അതൊന്നും അങ്ങോട്ട് പോവില്ല. കയറി ഇറങ്ങി നടന്നൊക്കെ വേണം ഈ ലൊക്കേഷനിലേക്ക് വരാൻ. ആരാണ് ഈ ലൊക്കേഷൻ കണ്ടത്, എടുത്തത് എന്നൊക്കെ ചോദിച്ച് അവിടെ നിന്നെ ബഹളം വെച്ചാണ് മമ്മൂക്ക വരുന്നത്.

ആർട്ട്‌ ഡയറക്ടർക്കൊക്കെ നല്ല ചീത്ത വിളി കേൾക്കുന്നുണ്ട്. സന്തോഷ്‌ തൊണ്ടീൽ ആണ് ക്യാമറ. സന്തോഷ് മലയാളം അങ്ങനെ ചെയ്യാത്തത് കൊണ്ട് ഒരു ഭയം ഉണ്ടായിരുന്നു. നസ്രിയയെ വെച്ചൊരു സീനാണ് എടുക്കാൻ ഉണ്ടായിരുന്നത്. ഞാൻ പറഞ്ഞു, ഇപ്പോൾ ഒന്നും മിണ്ടണ്ട നമുക്കിതങ്ങ് ചെയ്യാം. ഇത് കഴിഞ്ഞിട്ട് ചീത്ത വിളി കേൾക്കാമെന്ന്.

ഇത്തരത്തിൽ സ്നേഹത്തിലുള്ള വഴക്കുകളൊക്കെ നടക്കും. മമ്മൂക്കയെ സംബന്ധിച്ച് അദ്ദേഹത്തെ കൃത്യമായി കൺവിൻസ് ചെയ്യിപ്പിക്കുക എന്നതാണ് പ്രധാനം. മമ്മൂക്കക്ക് ഒരുപാട് സംശയങ്ങളുണ്ടാവും. അതിന് കൃത്യമായി മറുപടി കൊടുക്കാൻ കഴിഞ്ഞാൽ അദ്ദേഹം നല്ല കംഫർട്ടബിൾ ആയിരിക്കും,’ബ്ലെസി പറയുന്നു.

Content Highlight: Blessy Talk About Shooting Experience Of  Palung Movie

We use cookies to give you the best possible experience. Learn more