മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.
തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.
ചിത്രത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകൻ ബ്ലെസി. നജീബ് മരുഭൂമിയിൽ കുടുങ്ങിയപ്പോൾ ഒറ്റയ്ക്കായ സൈനുവിനെ കുറിച്ച് താൻ ആലോചിക്കാറുണ്ടെന്നും അതിനെ കുറിച്ച് അമല പോളിനോട് സംസാരിച്ചിട്ടുണ്ടെന്നും ബ്ലെസി പറയുന്നു. അത് വേണമെങ്കിൽ ആലോചിക്കാവുന്നതാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞു.
‘അമലയോട് ഞാൻ ഒരു ഘട്ടത്തിൽ പറഞ്ഞിട്ടുണ്ട് സൈനുവിന് ഒരു ജീവിതമുണ്ട്. സൈനുവിന് ഒരു കാത്തിരിപ്പുണ്ട്. മൂന്ന് വർഷകാലത്തെ കാത്തിരിപ്പാണ്. പ്രത്യേകിച്ച് നജീബിന്റെ ഉമ്മ മരിക്കുന്നു.
സൈനു വീട്ടിൽ തനിച്ചാവുന്നു. സുന്ദരിയായ ഒരു പെൺകുട്ടി തനിച്ചാവുമ്പോഴുള്ള സാഹചര്യങ്ങൾ, പ്രയാസങ്ങൾ. ഇതൊക്കെ പറയുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ വല്ലാതെയുണ്ട്. അതിനെകുറിച്ചൊക്കെ ഞങ്ങൾ ഇടയ്ക്കിങ്ങനെ സംസാരിക്കാറുണ്ട്. പക്ഷെ എനിക്ക് തോന്നുന്നില്ല. വേണമെങ്കിൽ ആലോചിക്കാവുന്നതാണ്,’ബ്ലെസി പറയുന്നു.
ചിത്രത്തിലെ അവസാന ഷോട്ട് എടുക്കുമ്പോൾ താൻ ബെഡിൽ ആയിരുന്നുവെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
‘ജോർദാനിലെ മരുഭൂമിയിലെ അവസാന ഷോട്ടുകളിൽ രാജുവിന്റെ അവസാന ഷോട്ട് എടുക്കുമ്പോൾ ഒരു ബെഡിൽ കിടന്നുകൊണ്ടാണ് ഞാൻ അത് കാണുന്നത്. അതിന് ശേഷം അന്ന് തന്നെ ഞാൻ ഹോസ്പിറ്റലിലായി. എന്റെ സോഡിയം ലെവലൊക്കെ കുറഞ്ഞ് തിരിച്ച് നാട്ടിലേക്ക് ഞാൻ വീൽ ചെയറിലാണ് വരുന്നത്. വീണ്ടും കുറച്ച് നാൾ ഹോസ്പിറ്റലിൽ കിടന്ന ശേഷമാണ് എനിക്ക് വീട്ടിലേക്ക് പോവാൻ പറ്റിയത്,’ബ്ലെസി പറഞ്ഞു.
Content Highlight: Blessy Talk About Second Part Of Aadujeevitham