മമ്മൂക്കക്ക് ബുദ്ധിമുട്ടാവുമെന്ന തരത്തിൽ ചർച്ച വന്നപ്പോൾ അദ്ദേഹം പിന്മാറി, പിന്നീടൊരിക്കൽ ആ കഥാപാത്രം തനിക്ക് വേണമെന്ന് ലാലേട്ടൻ പറഞ്ഞു: ബ്ലെസി
Entertainment
മമ്മൂക്കക്ക് ബുദ്ധിമുട്ടാവുമെന്ന തരത്തിൽ ചർച്ച വന്നപ്പോൾ അദ്ദേഹം പിന്മാറി, പിന്നീടൊരിക്കൽ ആ കഥാപാത്രം തനിക്ക് വേണമെന്ന് ലാലേട്ടൻ പറഞ്ഞു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th July 2024, 3:03 pm

ബ്ലസി എന്ന സംവിധായകന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച സിനിമകളിലൊന്നായിരുന്നു പ്രണയം. 2011ല്‍ റിലീസായ ചിത്രത്തില്‍ മോഹന്‍ ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിലെ മാത്യൂസ് എന്ന കഥാപാത്രമായിട്ടുള്ള മോഹൻലാലിൻറെ പ്രകടനം ഏറെ പ്രശംസകൾ നേടിയിരുന്നു.

എന്നാൽ കഥാപാത്രത്തിനായി താൻ ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്നും പിന്നീട് മമ്മൂട്ടി പിന്മാറിയെന്നും ബ്ലെസി പറയുന്നു. ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യത്തെ നായകനാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും ഒടുവിലാണ് മോഹൻലാലിലേക്ക് കഥാപാത്രം എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിനായി മോഹൻലാൽ ഇങ്ങോട്ട് താത്പര്യം കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ബ്ലെസി.

ശരിക്കും മമ്മൂക്കയുടെ അടുത്ത് കഥ പറഞ്ഞിട്ട് എഴുതി തുടങ്ങിയതാണ് പ്രണയം. അന്ന് മാത്യൂസ് എന്ന കഥാപാത്രം അത്ര വലിയ ഇമ്പാക്ട് ഉള്ളതല്ലായിരുന്നു. അങ്ങനെ എഴുതി ഒരു ഘട്ടത്തിൽ എത്തിയപ്പോൾ മമ്മൂക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന തരത്തിലാണ് കഥ മുന്നോട്ട് പോവുന്നതെന്ന് എനിക്ക് തോന്നി. അങ്ങനെ ഒരു ചർച്ച വന്നപ്പോഴാണ് മമ്മൂക്ക അതിൽ നിന്ന് പിന്മാറിയത്. പിന്നീട് ആരെ വേണമെന്ന് കുറെ ആലോചിച്ചു. എസ്.പി ബാലസുബ്രഹ്‌മണ്യത്തെയൊക്കെ ആലോചിച്ചു.

അദ്ദേഹത്തിന്റെ കേളഡി കണ്മണിയൊക്കെ നല്ല രസമുള്ള പ്രകടനമാണ്. എനിക്ക് വളരെ ഇഷ്ടമാണത്. അദ്ദേഹത്തോട് ഞാൻ കഥ പറഞ്ഞു.

പുള്ളിക്ക് കഥയൊക്കെ ഇഷ്ടമായി. വളരെ നന്നായി ആ പ്രണയം ആസ്വദിക്കുകയൊക്കെ ചെയ്തു. പക്ഷെ ഇത്രയും ഡീറ്റൈലായി തനിക്ക് അഭിനയിക്കാൻ പറ്റുമോയെന്ന് അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നു. പിന്നെ പുള്ളിക്ക് നല്ല തിരക്കുള്ള സമയവുമായിരുന്നു.

അങ്ങനെ അനിശ്ചിത്വത്തം നിൽക്കുമ്പോഴാണ് റോഷൻ ആൻഡ്രൂസിന്റെ ഒരു സിനിമയുടെ ഷൂട്ടിനായി ദുബായിൽ ചെല്ലുന്നത്. ലാലേട്ടനെ അവിടെ വെച്ച് കണ്ടു. എന്താ പരിപാടിയെന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ ഇങ്ങനെയൊരു സിനിമയെഴുതി കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു.

എന്താ കഥയെന്ന് ചോദിച്ചപ്പോൾ ഞാനത് പറഞ്ഞു കൊടുത്തു. പിന്നീട് ഭക്ഷണമൊക്കെ കഴിഞ്ഞ ശേഷം അദ്ദേഹം എന്നോട് ചോദിച്ചു, ആ മാത്യൂസ് എന്ന കഥാപാത്രം ഞാൻ ചെയ്തോട്ടെയെന്ന്. ആ സമയത്ത് മാത്യൂസ് വലിയൊരു കഥാപാത്രമായി എഴുതിയിട്ടില്ല. പിന്നെ അവിടെ നിന്ന് മാത്യൂസ് വേറെ വലിയൊരു ലെവലിലേക്ക് വളരുകയായിരുന്നു,’ബ്ലെസി പറയുന്നു.

Content Highlight: Blessy Talk About Pranayam Movie Casting And Mohanlal