പതിനഞ്ച് വർഷങ്ങൾക്കിപ്പുറവും നമ്മളെ അസ്വസ്ഥമാക്കുന്ന ലാലേട്ടന്റെ കഥാപാത്രമാണത്: ബ്ലെസി
Entertainment
പതിനഞ്ച് വർഷങ്ങൾക്കിപ്പുറവും നമ്മളെ അസ്വസ്ഥമാക്കുന്ന ലാലേട്ടന്റെ കഥാപാത്രമാണത്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd July 2024, 12:59 pm

വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബ്ലെസി. തൂവാനത്തുമ്പികള്‍ എന്ന പദ്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ, സമയമെടുത്ത് മികച്ച സിനിമകള്‍ മാത്രം ചെയ്യാറുള്ള ബ്ലെസി 2009ല്‍ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമരം. മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഭ്രമരത്തിലെ ശിവന്‍കുട്ടി. ഭ്രമരം ഇറങ്ങി പതിനഞ്ച് വർഷം പൂർത്തിയാവുമ്പോൾ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി.

എഴുത്തിൽ ഒരു മാജിക് അനുഭവിച്ച ചിത്രമാണ് ഭ്രമരമെന്നും ഇമോഷണലി ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിലെ ശിവൻകുട്ടിയെന്നും ബ്ലെസി പറയുന്നു. തന്റെ എഴുത്തിന് മികച്ച ഭാവ പകർച്ച നൽകാൻ മോഹൻലാലിന് സാധിച്ച ചിത്രം കൂടിയാണ് ഭ്രമരമെന്നും ബ്ലെസി കൂട്ടിച്ചേർത്തു. കൗമുദി മുവീസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എഴുത്തിന്റെ ഒരു മാജിക് ഞാൻ അനുഭവിച്ച ചിത്രമാണ് ഭ്രമരം. അതുകൊണ്ട് തന്നെ വല്ലാതെ ഞാൻ ഇമോഷണലി അടുത്ത് നിൽക്കുന്ന ചിത്രമാണത്. ശിവൻ കുട്ടിയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും പ്രയാസമാണ്. ഈയിടെ മുരളി ഗോപി വിളിച്ചു പറയുമ്പോഴാണ് അതിന്റെ പതിനഞ്ചാം വാർഷികത്തെ കുറിച്ച് ഞാൻ ഓർക്കുന്നത്.

മുരളിയുമായിട്ടുള്ള ഒരു ബന്ധവും തുടങ്ങുന്നത് അവിടെ നിന്നാണ്. അതിനുശേഷം ഞാൻ ലാലേട്ടന് ഒരു വോയിസ് മെസേജ് അയച്ചു. പതിനഞ്ചു വർഷം കഴിഞ്ഞിട്ടും ഈ ശിവൻകുട്ടി ഇടയ്ക്ക് ഇറങ്ങിവന്നിട്ട് നമ്മളെ അസ്വസ്ഥമാക്കുന്ന പോലെയാണ്. അതിന്റെ അക്ഷരങ്ങൾക്ക് അത്രയധികം ഭാവ പകർച്ച നൽകാൻ മോഹൻലാൽ എന്ന നടന് സാധിച്ച ഒരു ചിത്രം കൂടിയാണ് ഭ്രമരം.

ശിവൻകുട്ടി അലക്ഷ്യമായി വണ്ടിയോടിച്ചു ഒരു താഴ്ചയിലേക്ക് പോവുകയാണ്. വളരെ ഭ്രാന്തമായ ഒരു ആവേശത്തോടെ പോവുന്നു. ഈ ശിവൻകുട്ടിക്ക് എന്തുപറ്റി. ആ മനുഷ്യന്റെ നന്മ കാരണം ജീവിതത്തിലെ ഒരു ഘട്ടത്തിൽ പ്രതികാരം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ.

എന്റെയടുത്തു ആ സമയത്തു ഒരാൾ പറഞ്ഞിട്ടുണ്ട്, ലോക സിനിമയിൽ തന്നെ പ്രതികാരത്തിന് വേണ്ടി ഒരാളെ കൊണ്ടുവന്നിട്ട് , ഞാൻ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് പോയി രക്ഷപ്പെട്ടോയെന്ന് പറഞ്ഞു അലറുന്ന ഒരു നായകൻ ഇല്ലെന്ന്. അത് ശരിക്കും ഒരുപാട് തലങ്ങളുള്ള ഒരു കഥാപാത്രമാണ്,’ബ്ലെസി പറയുന്നു.

 

Content Highlight: Blessy Talk About Mohanlal’s Character In Bramaram