| Friday, 25th October 2024, 7:38 pm

ആ തമിഴ് ചിത്രത്തിൽ അച്ഛനായി ഞാൻ അഭിനയിച്ചിട്ടുണ്ട്, കോളേജിലെ ബെസ്റ്റ് ആക്ടറായിരുന്നു ഞാൻ: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ബ്ലെസി. പത്മരാജനൊപ്പം സഹ സംവിധായകനായി തന്റെ കരിയർ തുടങ്ങിയ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി നായകനായ കാഴ്ചയായിരുന്നു. മലയാളത്തിൽ അധികം കണ്ട് പരിചയമില്ലാത്ത ഒരു വിഷയത്തെയായിരുന്നു ബ്ലെസി ആദ്യ ചിത്രത്തിനായി തെരഞ്ഞെടുത്തത്. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി വന്ന സിനിമകളെല്ലാം മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാർക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയ അദ്ദേഹം ആടുജീവിതത്തിലൂടെ പൃഥ്വിരാജിനും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്തു.

പഠനക്കാലത്ത് താൻ ബെസ്റ്റ് ആക്ടറായിരുന്നുവെന്നും എന്നാൽ സിനിമയിൽ അഭിനയിക്കാൻ തനിക്ക് താത്പര്യമില്ലെന്നും ബ്ലെസി പറയുന്നു. എന്നാൽ തമിഴിൽ ശശികുമാർ ഒരുക്കിയ ഈശൻ എന്ന ചിത്രത്തിൽ ഒരു അച്ഛൻ കഥാപാത്രമായി താൻ അഭിനയിച്ചിട്ടുണ്ടെന്നും മലയാളത്തിൽ അഭിനയിക്കാൻ ചിലർ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഥ പറയുമ്പോൾ ചില സീനുകൾ ഞാൻ കാണിക്കുന്നു എന്ന് മാത്രമേയുള്ളൂ. ഞാൻ കോളേജിൽ ബെസ്റ്റ് ആക്ടറൊക്കെയായിരുന്നു. ഒന്ന് രണ്ട് സിനിമകളിൽ മാത്രമേ ഞാൻ അഭിനയിച്ചിട്ടുള്ളൂ.

ബെസ്റ്റ് ആക്ടർ എന്ന സിനിമയിൽ ബ്ലെസി ആയിട്ട് തന്നെയാണ് ഞാൻ അഭിനയിച്ചത്. അല്ലാതെ അതിനെ അഭിനയം എന്നൊന്നും വിളിക്കാൻ പറ്റില്ല. ശശികുമാറിന്റെ ഈശൻ എന്ന് പറയുന്ന ഒരു സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.

ഈശന്റെ അച്ഛനായിട്ടാണ് ആ കഥാപാത്രം. അല്ലാതെ വേറെയൊന്നുമില്ല. മലയാളത്തിൽ അഭിനയിക്കാൻ പലരും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്കതിനോട് അത്ര വലിയ താത്പര്യം തോന്നിയിട്ടില്ല. താത്പര്യത്തിന്റേതല്ല നമുക്കത് പറ്റുമോ എന്നൊരു സംശയമാണ്,’ബ്ലെസി പറയുന്നു.

Content Highlight: Blessy Talk About His Acting Skill

We use cookies to give you the best possible experience. Learn more