എന്റെ ആ ചിത്രം കണ്ടിറങ്ങിയപ്പോൾ ആളുകൾ എന്നെ എടുത്ത് പൊക്കി, അന്ന് ഞാനൊരു തീരുമാനമെടുത്തു: ബ്ലെസി
Entertainment
എന്റെ ആ ചിത്രം കണ്ടിറങ്ങിയപ്പോൾ ആളുകൾ എന്നെ എടുത്ത് പൊക്കി, അന്ന് ഞാനൊരു തീരുമാനമെടുത്തു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th April 2024, 9:35 am

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

എന്നും മികച്ച സിനിമകൾ മാത്രം സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ബ്ലെസി. കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ച ബ്ലെസി തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി മികച്ച സിനിമകൾ മലയാളത്തിന് നൽകിയിട്ടുണ്ട്.

ആദ്യ സിനിമയായ കാഴ്ച ഇറങ്ങിയപ്പോൾ വലിയ പ്രശംസകൾ തനിക്ക് ലഭിച്ചിരുന്നുവെന്നും പടം കണ്ട് പുറത്തിറങ്ങിയ തന്നെ ആളുകൾ എടുത്ത് പൊക്കിയെന്നും ബ്ലെസി പറയുന്നു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ബ്ലെസി.

‘ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളിലൂടെ യാത്ര ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. കാഴ്ച എന്ന സിനിമ റിലീസ് ചെയ്ത ആദ്യ ദിനം തിയേറ്ററിൽ കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. സവിത തിയേറ്ററിൽ അത് കണ്ട് കഴിഞ്ഞു ഇറങ്ങിയപ്പോൾ ആളുകളൊക്കെ എന്നെ എടുത്ത് പൊക്കി നടന്നിരുന്നു. ആ കാലത്താണ്. അന്ന് ഞാൻ കുറച്ചൂടെ ചെറുപ്പമാണല്ലോ. ഇരുപത് വയസ് കുറവായിരിക്കാം,’ബ്ലെസി പറയുന്നു.

സ്വന്തം വിജയങ്ങളിൽ ഒരുപാട് സന്തോഷിക്കരുതെന്ന തീരുമാനം അന്ന് താനെടുത്തെന്നും അങ്ങനെ ആഘോഷിക്കപ്പെടേണ്ടതല്ലായെന്ന തോന്നൽ അറിഞ്ഞോ അറിയാതെയൊ ഉണ്ടായെന്നും ബ്ലെസി കൂട്ടിചേർത്തു.

‘അന്ന് ധാരാളം അഭിമുഖങ്ങളും പ്രശംസകളുമൊക്കെ കിട്ടിയപ്പോൾ അന്ന് ഞാനെടുത്ത ഒരു തീരുമാനമുണ്ട്. ഓരോ പ്രശംസയും എന്റെ തലക്കടിക്കുന്ന ഒരു ആണിയാവണമെന്ന്. കാരണം അങ്ങനെ ആഘോഷിക്കപ്പെടേണ്ടതല്ലാ എന്നൊരു തോന്നൽ അറിഞ്ഞോ അറിയാതെയോ എനിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒത്തിരി ഞാൻ സന്തോഷിക്കാറില്ല,’ബ്ലെസി പറഞ്ഞു.

Content Highlight: Blessy Talk About First Day Theatre  Experience Of Kazcha Movie