| Friday, 24th May 2024, 8:26 am

തന്മാത്രയിലെ ആ ഡയലോഗ് എന്റെ അനുഭവത്തിൽ നിന്നാണ് എഴുതിയത്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി.

ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അവസാനമിറങ്ങിയ ആടുജീവിതം എന്ന ചലച്ചിത്രവും തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു. മമ്മൂട്ടിയെ നായകനാക്കി കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്.

ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ച സംവിധായകനാണ് അദ്ദേഹം.

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു തന്മാത്രയിലെ രമേശൻ. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന പല സംഭാക്ഷണങ്ങളും തന്റെ അനുഭവങ്ങളിൽ നിന്നാണ് എഴുതിയതെന്ന് ബ്ലെസി പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തന്മാത്രയിലെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. നല്ലൊരു ഇഞ്ചി കറി കൂട്ടുമ്പോൾ എന്റെ അമ്മയെ ഓർത്ത് എന്റെ കണ്ണ് നിറയുമെന്ന്. അത് എന്റെ അനുഭവം തന്നെയാണ്.

എന്റെ അമ്മ നന്നായിട്ട് ഇഞ്ചി കറി വെക്കുന്ന ഒരാളായിരുന്നു. ഇപ്പോഴും അതിന്റെ രുചിയും മണവുമെല്ലാം ഞാൻ റിലേറ്റ് ചെയ്യുന്നത് അമ്മയുമായിട്ടാണ്. ഒരു യാത്ര പോവുന്ന ഒരാളുടെ ഒരുക്കമുണ്ട്. ആ ഒരുക്കത്തോടൊപ്പം അയാളിൽ ഹോൾഡ് ചെയ്യുന്ന ഓരോ അനുഭവവുമുണ്ട്. എല്ലാ കാര്യങ്ങളിലും അതുണ്ട്. ആ ഇമോഷൻസ് പെട്ടെന്ന് ഒരു ദിവസം കൊണ്ട് തീർന്ന് പോവുന്നതല്ല.

അത് ഉണ്ടാവുമ്പോഴാണ് സിനിമക്ക് ഒരു കാല്പനികതയും, നാടകീയമായ രീതിയിൽ ഒരു വേദനയുമെല്ലാം ഉണ്ടാവുന്നത്,’ബ്ലെസി പറയുന്നു.

Content Highlight: Blessy Talk About Dialogues Of Thanmathra Movie

We use cookies to give you the best possible experience. Learn more