മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ബ്ലെസി. പത്മരാജനൊപ്പം സഹ സംവിധായകനായി തന്റെ കരിയർ തുടങ്ങിയ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി നായകനായ കാഴ്ചയായിരുന്നു. മലയാളത്തിൽ അധികം കണ്ട് പരിചയമില്ലാത്ത ഒരു വിഷയത്തെയായിരുന്നു ബ്ലെസി ആദ്യ ചിത്രത്തിനായി തെരഞ്ഞെടുത്തത്. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി വന്ന സിനിമകളെല്ലാം മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാർക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയ അദ്ദേഹം ആടുജീവിതത്തിലൂടെ പൃഥ്വിരാജിനും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്തു.
ഇടവേളകളെടുത്ത് സിനിമ ചെയ്യുന്ന സംവിധായകനാണ് ബ്ലെസി. കുട്ടിക്കാലം മുതലേ ഒരു സംവിധായകൻ ആവണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും ചെറുപ്പത്തിൽ അമ്മ ചോദിച്ചപ്പോൾ താനത് പറഞ്ഞിരുന്നുവെന്നും ബ്ലെസി പറയുന്നു. ലോക പ്രശസ്ത ചലച്ചിത്രമായ സിനിമ പാരഡിഡോയിലെ കുട്ടിയെ പോലെയായിരുന്നു തന്റെ ജീവിതമെന്നും അതെല്ലാം കാഴ്ചയിൽ കാണാമെന്നും ബ്ലെസി പറയുന്നു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബ്ലെസി.
‘സിനിമ പാരഡിസോ പോലെ തന്നെയായിരുന്നു എന്റെ ജീവിതം. എപ്പോൾ വേണമെങ്കിലും തിയേറ്റർ ഓപ്പറേറ്ററുടെ അടുത്ത് പോയിരുന്ന് ആ കിളിവാതിലിലൂടെ എനിക്ക് സിനിമ കാണാമായിരുന്നു.
അവരോടൊക്കെ, എന്റെ സിനിമ ഞാൻ എടുക്കും സംവിധാനം ചെയ്യുമെന്നൊക്കെ പറയുമായിരുന്നു. കാഴ്ചക്കകത്ത് നമുക്ക് കാണാം. ഈ ഫിലിം സ്ട്രിപ്പ് കൊണ്ട് വന്ന് ബൾബ് പൊട്ടിച്ച് വെള്ളം നിറച്ച് ലെൻസാക്കി കാണിക്കുന്നതെല്ലാം നമ്മൾ കുട്ടിക്കാലത്ത് ചെയ്ത് കൊണ്ടിരുന്ന പരിപാടിയാണ്.
ഞാനൊരു അഞ്ചാം ക്ലാസിലൊ ആറാം ക്ലാസിലോ പഠിക്കുമ്പോഴാണ് എന്റെ അമ്മ വലുതാകുമ്പോൾ ആരാവണം എന്ന് ചോദിക്കുന്നത്, അന്ന് ഞാൻ പറഞ്ഞത് എനിക്കൊരു സിനിമ സംവിധായകൻ ആവണമെന്നായിരുന്നു,’ബ്ലെസി പറയുന്നു.
1988ൽ ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത ഇറ്റാലിയൻ ചലച്ചിത്രമാണ് സിനിമ പാരഡിസോ. സാൽവറ്റോർ എന്ന സംവിധായകന്റെ കുട്ടിക്കാലവും അയാൾക്ക് ആൽഫ്രഡോ എന്ന സിനിമ ഓപ്പറേറ്ററുമായുള്ള ആത്മബന്ധവും പറയുന്ന ചിത്രം ഒരു ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്.
Content Highlight: Blessy Talk About Cinema Paradiso Movie and his childhood