വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി.
ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ആടുജീവിതം എന്ന ചലച്ചിത്രാവിഷ്ക്കാരം തിയേറ്ററിൽ ഗംഭീര അഭിപ്രായവുമായി മുന്നേറുകയാണ്.
മമ്മൂട്ടിയെ നായകനാക്കി കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. ഹൃദയസ്പർശിയായ ചിത്രത്തിൽ കൊച്ചുണ്ടാപ്രിയായി വേഷമിട്ട കൊച്ചു പയ്യനെ മലയാളികൾ മറക്കാനിടയില്ല.
സിനിമയിലേക്ക് കൊച്ചുണ്ടാപ്രിയെ കണ്ടെത്തിയതിനെ കുറിച്ച് പറയുകയാണ് ബ്ലെസി. മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്കൂളിൽ നിന്നാണ് അവനെ കണ്ടത്തിയതെന്നും അവിടെ പരിപാടി അവതരിപ്പിക്കുന്ന കുട്ടികളുടെ വീഡിയോ കാണുന്നതിനിടയിലാണ് പരിപാടി നന്നായി ആസ്വദിക്കുന്ന പയ്യനെ കാണുന്നതെന്നും ബ്ലെസി പറഞ്ഞു. എന്നും അതിശയത്തോടെ ഓർക്കുന്ന കാസ്റ്റിങ്ങാണ് അവന്റേതെന്നും ബ്ലെസി പറഞ്ഞു.
‘ഞാൻ എപ്പോഴും അതിശയത്തോടെ ഓർക്കുന്ന കാസ്റ്റിങ്ങാണ് കാഴ്ചയിലെ കൊച്ചുണ്ടാപ്രി. കൊച്ചുണ്ടാപ്രിയെന്ന ഗുജറാത്തി പയ്യനെ ഞാൻ കണ്ടെത്തുന്നത് മട്ടാഞ്ചേരിയിൽ നിന്നാണ്. മട്ടാഞ്ചേരി ഗുജറാത്തി സ്കൂളിന്റെ കലോത്സവത്തിന്റെ ഒരു വീഡിയോ എനിക്ക് കിട്ടിയിരുന്നു.
അതിൽ പരിപാടി അവതരിപ്പിക്കുന്ന ഒരുപാട് കുട്ടികളുണ്ട്. ഞാൻ ആ പരിപാടിയൊക്കെ കണ്ടിട്ട് അതിൽ നിന്നൊരു കുട്ടിയെ എടുക്കാനാണ് ഇരിക്കുന്നത്. അത് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ സ്റ്റേജിന്റെ സൈഡിൽ ഇരിക്കുന്ന ഒരു പയ്യനെ ശ്രദ്ധിച്ചത്. ക്യാമറ അങ്ങനെയായിരുന്നു വെച്ചത്.
അവൻ ഇങ്ങനെ കാലുകൊണ്ട് താളം പിടിക്കുകയാണ്. സ്റ്റേജിൽ വേറൊരു പയ്യനാണ് ഡാൻസ് ചെയ്യുന്നത്. പക്ഷെ ഇവന്റെയൊരു താളം കൊട്ടലുണ്ട് ആ ഡാൻസിനനുസരിച്ച്. അതായിരുന്നു ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചത്. പിന്നീട് ഇവന്റെ തന്നെ മറ്റൊരു പരിപാടിയുണ്ട്. അതും കണ്ടു.
അതുകൂടെ കണ്ടപ്പോഴാണ് ഇവൻ തന്നെയാണ് കൊച്ചുണ്ടാപ്രിയെന്ന് എനിക്ക് തോന്നുകയും അവനിലേക്ക് എത്തുകയും ചെയ്യുന്നത്. എനിക്ക് അതോർക്കുമ്പോൾ പലപ്പോഴും അതിശയം തോന്നാറുണ്ട്,’ബ്ലെസി പറയുന്നു.
Content Highlight: Blessy Talk About Casting Of Kochundapri In Kazcha