വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീമിനെ രക്ഷിക്കാൻ മലയാളികൾ ഒത്തൊരുമിച്ചത് എല്ലാവരും അത്ഭുതത്തോടെ കണ്ടതാണ്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീമിനെ രക്ഷിക്കാൻ മലയാളികൾ ഒത്തൊരുമിച്ചത് എല്ലാവരും അത്ഭുതത്തോടെ കണ്ടതാണ്.
ഇതിന് പിന്നാലെ വ്യവസായി ബോബി ചെമ്മണ്ണൂർ അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും സംവിധായകൻ ബ്ലെസിയോട് സംസാരിച്ചിരുന്നുവെന്നും പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നിരുന്നു.
എന്നാൽ ആടുജീവിതത്തിന്റെ തുടർച്ച പോലൊരു സിനിമ ചെയ്യാൻ തനിക്ക് ഇപ്പോൾ താത്പര്യമില്ലെന്നും അബ്ദുൽ റഹീമിന്റെ കഥ ബോച്ചേ വിളിച്ചപ്പോഴാണ് ആദ്യമായി കേൾക്കുന്നതെന്നും ബ്ലെസി പറയുന്നു. ചെയ്യുന്ന ഓരോ ചിത്രങ്ങളും വ്യത്യസ്തമാക്കാൻ ശ്രമിക്കാറുണ്ടെന്നും ആടുജീവിതം പോലെ തന്നെ മറ്റൊരു സിനിമയെ കുറിച്ച് താനിപ്പോൾ വിചാരിക്കുന്നില്ലെന്നും ബ്ലെസി പറഞ്ഞു. ബോച്ചേയോട് മറുപടിയൊന്നും പറഞ്ഞില്ലെന്ന് പറഞ്ഞ ബ്ലെസി അദ്ദേഹത്തിന് ആ ചിത്രം ചെയ്യാൻ സാധിക്കട്ടെയെന്നും കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബ്ലെസി.
‘കഴിഞ്ഞദിവസം ദുബായിലേക്ക് വരാനായി ഫ്ലൈറ്റ് കാത്തു നിൽക്കുമ്പോഴാണ് ബോച്ചേ എന്നെ വിളിക്കുന്നത്. ഫ്ലൈറ്റ് തുടങ്ങി മാനസികമായി ഞാൻ ഓക്കെ അല്ലാതെ ഇരിക്കുമ്പോഴാണ് അദ്ദേഹം എന്നെ വിളിക്കുന്നതും ഈ കാര്യത്തെ കുറിച്ച് പറയുന്നതും.
സത്യസന്ധമായി പറഞ്ഞാൽ എന്റെ തിരക്കുകളിൽ പെട്ടതിനാൽ ഞാൻ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്ന അബ്ദുൽ റഹീമിന്റെ സ്റ്റോറി മനസിലാക്കിയിരുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് തന്നെയാണ് ചോദിച്ചത്. എനിക്ക് ഈ കഥ അറിയില്ലല്ലോ എന്ന് പറഞ്ഞപ്പോൾ അദ്ദേഹമാണ് എന്റെ അടുത്ത് പറയുന്നത് അബ്ദുൽ റഹീം ഒരു ടാക്സി ഡ്രൈവർ ആണെന്നും ഒരു കുട്ടിയുടെ മരണം കാരണമാണ് എല്ലാം സംഭവിച്ചതെന്നുമുള്ള കഥ പറയുന്നത്.
അതുകൊണ്ട് തന്നെ പെട്ടെന്ന് ഞാനൊരു മറുപടി പറഞ്ഞില്ല. ഞാൻ ആകെ പറഞ്ഞത്, ആടുജീവിതത്തിന്റെ തുടർച്ച പോലെ അതേ സ്റ്റോറി ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. കാരണം വളരെ മടിയനായൊരു സംവിധായകനാണ് ഞാൻ. ഇത്ര കാലമായിട്ടും വെറും എട്ട് സിനിമയെ ഞാൻ ചെയ്തിട്ടുള്ളൂ. ഒമ്പതാമത്തെ സിനിമ എട്ടിൽ നിന്ന് വ്യത്യസ്തമായി സമീപിക്കുന്നത് കൊണ്ടാണ് ഈ കാലതാമസം എടുക്കുന്നത്.
അതുകൊണ്ട് ആ ഓഫർ അത്ര പോസിറ്റീവായിട്ട് ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തോട് ഒരു മറുപടി പറയാൻ എനിക്ക് സാധിച്ചില്ല. ഒരു മൂന്ന് മാസത്തിനുള്ളിൽ സിനിമ വേണമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ശ്രമം നന്നാവട്ടെ. മറ്റാർക്കെങ്കിലും നന്നായി ചെയ്യാൻ സാധിക്കട്ടെ എന്നാണ് എനിക്കിപ്പോൾ പറയാനുള്ളത്,’ബ്ലെസി പറയുന്നു.
Content Highlight: Blessy Talk About Bobby Chemmanur’s Film About Abdul Rahims Life