വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അവസാനമിറങ്ങിയ ആടുജീവിതം എന്ന ചലച്ചിത്രവും തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു. മമ്മൂട്ടിയെ നായകനാക്കി കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്.
ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ച സംവിധായകനാണ് അദ്ദേഹം.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് ആടുജീവിതം. ക്വാളിറ്റിയിലും ബോക്സ് ഓഫീസ് കളക്ഷനിലും ഒരുപോലെ തിളങ്ങാൻ ആടുജീവിതത്തിന് കഴിഞ്ഞിരുന്നു. എന്നാൽ താൻ ഇതുവരെ ആടുജീവിതം തിയേറ്ററിൽ നിന്ന് കണ്ടില്ലെന്നാണ് ബ്ലെസി പറയുന്നത്.
ചിത്രം കാണുമ്പോൾ പ്രേക്ഷകരുടെ മാനസികാവസ്ഥ എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും അത് തന്നെ പ്രശ്നത്തിലാക്കുമെന്നും ബ്ലെസി സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ആടുജീവിതം ഞാൻ ഇതുവരെ തിയേറ്ററിൽ കണ്ടിട്ടില്ല. ഞാൻ മാത്രം ഇരുന്ന് തിയേറ്ററിൽ കണ്ടിട്ടുണ്ട്. പക്ഷെ പബ്ലിക്കിനൊപ്പം ഞാൻ കണ്ടിട്ടില്ല. കാരണം ഒരു പ്രേക്ഷകനിൽ സിനിമ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ കുറിച്ച്, അല്ലെങ്കിൽ അവരുടെ മാനസികാവസ്ഥ എന്നെ വളരെ പ്രശ്നത്തിലാക്കും.
തിയേറ്ററിൽ നിന്ന് സിനിമ കാണുന്നവർ നല്ലത് മാത്രം പറയണമെന്നല്ല ഞാൻ പറയുന്നത്. അത് പിന്നെയും നമ്മളെ വല്ലാതെ അലട്ടികൊണ്ടിരിക്കും. നല്ലതാണെങ്കിലും മോശമാണെങ്കിലും അങ്ങനെയാണ്.
അപ്പോൾ എനിക്ക് തോന്നും ഇത് അറിയാതെ ഇരിക്കുന്നതാണ് നല്ലതെന്ന്. നമ്മൾ ഇതിനുവേണ്ടി ബോധപൂർവ്വം ഒന്നും ചെയ്യുന്നിലല്ലോ. വിളവെടുപ്പിന് വേണ്ടി നിൽക്കാതെ പണി കഴിഞ്ഞു പോവുക എന്നതാണ് ശരി,’ ബ്ലെസി പറയുന്നു.
Content Highlight: Blessy Talk About Aadujeevitham Movie