വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബ്ലെസി. തൂവാനത്തുമ്പികള്‍ എന്ന പദ്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.
വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ, സമയമെടുത്ത് മികച്ച സിനിമകള്‍ മാത്രം ചെയ്യാറുള്ള ബ്ലെസി 2009ല്‍ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമരം. മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഭ്രമരത്തിലെ ശിവന്‍കുട്ടി. ഭ്രമരം ഇറങ്ങി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി.
ചിത്രത്തിലെ കാറിന്റെ ഒരു സീന്‍ ഏറെ റിസ്‌ക് എടുത്താണ് ഷൂട്ട് ചെയ്തതെന്നും അന്ന് വി.എഫ്.എക്‌സ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നുവെന്നും ബ്ലെസി പറയുന്നു. ആ ഷോട്ട് കണ്ട് അന്ന് ഹിന്ദി സിനിമയില്‍ നിന്ന് വരെ ആളുകള്‍ വിളിച്ചിരുന്നുവെന്നും ബ്ലെസി കൗമുദി മൂവീസിനോട് പറഞ്ഞു.
‘ഭ്രമരത്തിന് നല്ലൊരു സ്റ്റോറി ബോര്‍ഡിന്റെ ബാക്ക് ആപ്പ് ഉണ്ടായിരുന്നു. കാരണം എങ്ങനെ ഷൂട്ട് ചെയ്യണം എന്നതിനെ കുറിച്ച് വലിയ റിസേര്‍ച് നടന്ന സിനിമയാണത്. ഭ്രമരത്തെ കുറിച്ച് ശരിക്കും ഒരുപാട് പറയാനുണ്ട്. ആ സിനിമയില്‍ ഡ്രോണോ മറ്റ് വി.എഫ്.എക്‌സിന്റെ സഹായമൊയൊന്നും അങ്ങനെ ഉപയോഗിച്ചിട്ടില്ല. ആ സപ്പോര്‍ട്ട് ഒന്നുമില്ലാത്ത ഒരു കാലഘട്ടത്തിലാണ് ഭ്രമരം നമ്മള്‍ ഷൂട്ട് ചെയുന്നത്.
അതില്‍ കാറില്‍ പോയികൊണ്ടിരിക്കുമ്പോള്‍ ക്യാമറ ഇങ്ങനെ റൗണ്ട് ചെയ്യുന്ന ഒരു സീനുണ്ട്. അതിനൊക്കെ വേണ്ടി പ്രത്യേകം ചില ഡിവൈസസ് ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. അത് പിന്നെ കാറിന്റെ മുകളില്‍ വലിയൊരു ക്രെയിനിലൊക്കെ ഫിറ്റ് ചെയ്ത് ജിമ്മി ജിഫിന്റെ ഹെഡ് ഒക്കെ വെച്ചാണ് ഷൂട്ട് ചെയ്തത്. മുന്നില്‍ മറ്റൊരു വണ്ടിയില്‍ അതിനെ മോള്‍ഡ് ചെയ്തെല്ലാമാണ് ആ രംഗം പൂര്‍ത്തിയാക്കിയത്. റിമോട്ട് കോണ്‍ട്രോളിന്റെ സഹായം പോലും അന്നില്ലായിരുന്നു. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ടാണ് കോയമ്പത്തൂര്‍ വെച്ച് ആ സീന്‍ ഷൂട്ട് ചെയ്തത്.
ഈ ക്യാമറ പോവുന്നതിന്റെ ഇടയിലൂടെ ഒരു ബൈക്കൊക്കെ കയറി പോവും. അതൊക്കെ കണ്ടിട്ട് ഹിന്ദിയില്‍ നിന്ന് വരെ ആളുകള്‍ ആ സീന്‍ എങ്ങനെയാണ് അന്ന് ഷൂട്ട് ചെയ്തതെന്ന് ചോദിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് ഹോം വര്‍ക്കുകള്‍ ഉണ്ടായിരുന്ന ഒരു സിനിമയാണ് ഭ്രമരം,’ബ്ലെസി പറയുന്നു.
Content Highlight: Blessy Talk About A Scene In Bramaram Movie