| Sunday, 19th May 2024, 1:24 pm

വലിയൊരു കലഹത്തിനിടയിലാണ് ലാലേട്ടൻ അങ്ങോട്ട് വരുന്നത്, അദ്ദേഹത്തിന്റെ ഒരു മറുപടിയോടെ എല്ലാ പ്രശ്നവും തീർന്നു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബ്ലെസി. തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ, സമയമെടുത്ത് മികച്ച സിനിമകള്‍ മാത്രം ചെയ്യാറുള്ള ബ്ലെസി 2009ല്‍ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമരം. മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഭ്രമരത്തിലെ ശിവന്‍കുട്ടി. ഭ്രമരത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബ്ലെസി.

ചിത്രത്തിന്റെ ഒരു ലൊക്കേഷനെ ചൊല്ലി താനും സിനിമയുടെ നിർമാതാവ് അടക്കമുള്ളവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും എന്നാൽ മോഹൻലാലിന് ആ ലൊക്കേഷൻ ഓക്കെയായിരുന്നുവെന്നും ബ്ലെസി പറയുന്നു. മോഹൻലാലിന് കുഴപ്പമില്ലെന്ന് അറിഞ്ഞപ്പോൾ എല്ലാ പ്രശ്നവും തീർന്നെന്നും ബ്ലെസി സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഭ്രമരം സിനിമയുടെ ഒരു ലൊക്കേഷനായി നെല്ലിയാമ്പതിയുടെ അടുത്ത് പോയി ഒരു സ്ഥലം കണ്ടിരുന്നു. പോവുന്ന വഴിക്ക് കാട്ടുപോത്തുകളെയൊക്കെ കാണാം. അത് എട്ട് ലൊക്കേഷൻ ഉള്ളൊരു സിനിമയാണ്.

ഒറ്റ ഷെഡ്യൂളിലാണ് ഈ എട്ട് ലൊക്കേഷനിൽ ഷൂട്ട്‌ ചെയ്യേണ്ടത്. നിർമാതാവ് ഈ ലൊക്കേഷൻ കണ്ടിട്ടില്ലായിരുന്നു. അങ്ങോട്ട് വെള്ളം കൊണ്ട് വരാനും ജനറേറ്റർ കൊണ്ടും വരാനുമൊന്നും പറ്റില്ല. അങ്ങനെ പല പ്രശ്നങ്ങളാണ്. ഷൂട്ടിന്റെ തലേന്ന് ആർക്കും ആ ലൊക്കേഷനിൽ വെച്ച് ഷൂട്ട്‌ ചെയ്യാൻ താത്പര്യം ഇല്ലായെന്ന് പറഞ്ഞു.

ക്യാമറമാൻ ഉൾപ്പെടെയുള്ളവർ പറഞ്ഞു, നമുക്ക് കുറച്ച് മണ്ണൊക്കെ ഇട്ട് റോഡ് കാണാത്ത വിധത്തിൽ എടുത്താൽ പോരെയെന്ന്. നിർമാതാവും എന്നോട് പറഞ്ഞു, ക്യാമറമാൻ വരെ ഇങ്ങനെ പറയുന്നു. നമുക്ക് ഇവിടെ നിന്ന് മാറിയാല്ലോയെന്ന്.

ഞാൻ അദ്ദേഹത്തോട് പറഞ്ഞത്, എന്നാൽ നിങ്ങൾ ഷൂട്ട് ചെയ്തോ ഞാൻ വീട്ടിൽ പോവാമെന്നായിരുന്നു. ഇങ്ങനെ വലിയൊരു കലഹം നടന്നിട്ടാണ് പിറ്റേ ദിവസം ലൊക്കേഷനിലേക്ക് ചെല്ലുന്നത്. എങ്ങനെ ഇവിടെ സിനിമ ചെയ്യും എന്ന് ആലോചിച്ചിരിക്കുകയാണ്. എല്ലാവരും അവിടെ ഷൂട്ട് ചെയ്യുന്നതിന് കുറ്റം പറയുന്നുണ്ട്.

അപ്പോഴാണ് ലാലേട്ടൻ അങ്ങോട്ട് വരുന്നത്. അത് പ്രശ്നമാവുമല്ലോയെന്ന് എല്ലാവരും പറഞ്ഞു. ഞാൻ ലാലേട്ടനോട് ചോദിച്ചു, ചേട്ടാ വരാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായല്ലേയെന്ന്. അദ്ദേഹം പറഞ്ഞു, ഏയ് അത് സാരമില്ല, സ്വിറ്റ്സർ ലാൻഡിൽ പോവുന്ന പോലെയല്ലല്ലോ ഇത് ലൊക്കേഷനല്ലേ. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടാൽ അല്ലേ നമുക്ക് ഷൂട്ട്‌ ചെയ്യാൻ പറ്റുന്നുള്ളൂ.

ഡിം, അതോടുകൂടി നിർമാതാവ് ഉൾപ്പെടെ ആർക്കും ഒരു പ്രശ്നവുമില്ല. എല്ലാവരും ഭയങ്കര ഹാപ്പിയായി,’ബ്ലെസി പറയുന്നു.

Content Highlight: Blessy shares The Shooting Experince Of Bramaram Movie

We use cookies to give you the best possible experience. Learn more