| Monday, 20th May 2024, 12:45 pm

പ്രൊഡ്യൂസറടക്കം ആ ലൊക്കേഷന്‍ വേണ്ടെന്ന് പറഞ്ഞു, പക്ഷേ ലാലേട്ടന്റെ ഒറ്റ വാക്കില്‍ എല്ലാവരും ഒതുങ്ങി: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭ്രമരം സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ബ്ലെസി. എട്ട് ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളില്‍ തീര്‍ത്ത സിനിമയായിരുന്നു ഭ്രമരമെന്നും, അതിന്റെ പേരില്‍ ഒരുപാട് പ്രശ്‌നമുണ്ടായെന്നും ബ്ലെസി പറഞ്ഞു. സിനിമയുടെ പ്രധാനപ്പെട്ട ഭാഗം ഷൂട്ട് ചെയ്തത് പാലക്കാട് നെല്ലിയാമ്പതിയിലാണെന്നും യൂണിറ്റിന് അങ്ങോട്ടെക്കെത്താന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ബ്ലെസി പറഞ്ഞു. സമകാലിക മലയളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

കുടിവെള്ളം പോലും എത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന പറഞ്ഞ് നിര്‍മാതാവ് പോലും തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ താന്‍ പിന്മാറാന്‍ തയ്യാറായിലല്ലെന്നും, എന്നാല്‍ ലൊക്കേഷനില്‍ ആദ്യദിവസം മോഹന്‍ലാല്‍ എത്തിയപ്പോള്‍ സ്വിറ്റ്‌സര്‍ലണ്ടിലെ പോലെ മനോഹരമായ ലൊക്കേഷനാണിതെന്ന് പറഞ്ഞതും എല്ലാവരും അതേ ലൊക്കേഷനില്‍ വര്‍ക്ക് ചെയ്യാന്‍ തയാറായെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

‘മോഹന്‍ലാലും ഞാനും ഒന്നിച്ച രണ്ടാമത്തെ സിനിമയായിരുന്നു ഭ്രമരം. അതിന്റെ പ്രധാനപ്പെട്ട ലൊക്കേഷനുകളിലൊന്ന് പാലക്കാട് നെല്ലിയാമ്പതിയിലായിരുന്നു. എട്ട് ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളില്‍ തീര്‍ത്ത സിനിമയായിരുന്നു അത്. നെല്ലിയാമ്പതിയിലെ ലൊക്കേഷന്‍ എന്നു പറഞ്ഞാല്‍, എത്തിപ്പെടാന്‍ വളരെ പ്രയാസമുള്ള സ്ഥലമായിരുന്നു അത്. ക്യാമറാമാനൊക്കെ അവിടെ എത്തിയപ്പോള്‍ എന്നോട് ചോദിച്ചത്, ഇവിടെത്തന്നെ ഷൂട്ട് ചെയ്യണോ എന്നായിരുന്നു. കാരണം, യൂണിറ്റിനുള്ള കുടിവെള്ളം പോലും അവിടേക്ക് എത്തിക്കാന്‍ പ്രയാസമായിരുന്നു.

ഇതൊക്കെ കണ്ടിട്ട് പ്രൊഡ്യൂസര്‍ എന്നോട് ചോദിച്ചത്, ‘ഇത്രയും റിസ്‌ക് എടുക്കണോ, ഇടുക്കിയിലോ മറ്റോ സാധാരണ റോട്ടില്‍ ഇത്തിരി മണ്ണിട്ടിട്ട് ഷൂട്ട് ചെയ്താല്‍ പോരെ’ എന്നായിരുന്നു. എങ്കില്‍ പിന്നെ നിങ്ങള്‍ തന്നെ ഷൂട്ട് ചെയ്യ്, ഞാന്‍ വീട്ടില്‍ പൊയ്‌ക്കോളാം എന്നു പറഞ്ഞു. എന്റെ വാശി കാരണം എല്ലാവരും അവിടെത്തന്നെ മനസ്സില്ലാമനസ്സോടെ നിന്നു.

പിറ്റേദിവസം ഷൂട്ട് തുടങ്ങി. ലാലേട്ടന്‍ സെറ്റില്‍ ജോയിന്‍ ചെയ്തു. പ്രൊഡ്യൂസറും ക്യാമറാമാനും ലാലേട്ടനെക്കൊണ്ട് ലൊക്കേഷന്‍ മാറ്റിക്കാം എന്നുള്ള ചിന്തയില്‍ ആയിരുന്നു. ആദ്യത്തെ ഷോട്ടൊക്കെ എടുത്ത് ബ്രേക്കിന്റെ സമയത്ത് ആരോ ഒരാള്‍ ലാലേട്ടനോട് ‘എത്തിപ്പെടാന്‍ നല്ലവണ്ണം പ്രയാസപ്പെട്ടുവല്ലേ’ എന്ന് ചോദിച്ചു. അതിന് ലാലേട്ടന്‍ നല്‍കിയ മറുപടി, ‘ഇത്തിരി പ്രയാസപ്പെട്ടാല്‍ എന്താ, ഇതുപോലുള്ള ലൊക്കേഷന്‍ സ്വിറ്റ്‌സര്‍ലണ്ടിലൊക്കെയല്ലേ കിട്ടുള്ളൂ, ഇവിടെത്തന്നെ മുഴുവന്‍ ഷൂട്ടും മതി’ എന്നായിരുന്നു. പിന്നീട് ലൊക്കേഷന്‍ മാറുന്നതിനെക്കുറിച്ച് ആരും മിണ്ടിയിട്ടില്ല,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy shares the incident happened during Bhramaram Movie

We use cookies to give you the best possible experience. Learn more