രണ്ട് പത്രക്കട്ടിങ്ങുകളില്‍ നിന്നാണ് എനിക്ക് ആ സിനിമയുടെ കഥ ലഭിച്ചത്: ബ്ലെസി
Entertainment
രണ്ട് പത്രക്കട്ടിങ്ങുകളില്‍ നിന്നാണ് എനിക്ക് ആ സിനിമയുടെ കഥ ലഭിച്ചത്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th April 2024, 8:07 pm

വെറും എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബ്ലെസി. തൂവാനത്തുമ്പികള്‍ എന്ന പദ്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ, സമയമെടുത്ത് മികച്ച സിനിമകള്‍ മാത്രം ചെയ്യാറുള്ള ബ്ലെസി 2006ല്‍ സംവിധാനം ചെയ്ത സിനിമയാണ് പളുങ്ക്.

മമ്മൂട്ടി എന്ന നടന്റെ അനായാസമായ പ്രകടനം കൊണ്ട് ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രമാണ്. സിനിമയുടെ കഥ രണ്ട് പത്രക്കട്ടിങ്ങുകളില്‍ നിന്നാണെന്ന് ബ്ലെസി വെളിപ്പെടുത്തി. ആടുജീവിതത്തിന്റ പ്രൊമോഷനുമായി ബന്ധപ്പെട്ട് വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ആ സമയത്ത് കണ്ട ഒരു പത്രക്കട്ടിങ്ങുണ്ടായിരുന്നു. മകളെ തോളിലിരുത്തിക്കൊണ്ട് പുഴ കടക്കുന്ന ഒരു അച്ഛന്‍. മകളെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ആ ഫോട്ടോ കണ്ടപ്പോള്‍ അതിലൊരു സിനിമയുടെ കഥയുണ്ടെന്ന് എനിക്ക് തോന്നി. എന്നെ വല്ലാതെ ടച്ച് ചെയ്ത ഫോട്ടോയായിരുന്നു അത്. അതുപോലെ ആ സമയത്ത് വായിച്ച മറ്റൊരു വാര്‍ത്തയുണ്ടായിരുന്നു.

കടത്തിണ്ണയില്‍ കിടന്നുറങ്ങിയ ഒരു കൊച്ചുകുട്ടിയെ പീഡിപ്പിച്ചു കൊന്ന ഒരാളുടെ വാര്‍ത്തയായിരുന്നു. മലയാളികളെ മൊത്തം ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്. കൊട്ടാരക്കരയിലോ മറ്റോ ആയിരുന്നു അത് നടന്നത്. അയാളെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത കണ്ടപ്പോള്‍ മുന്നേ ആലോചിച്ച കഥയും ഇതും ഒന്നിച്ചുചേര്‍ത്ത് ഒരു സിനിമയാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ എഴുതിയ സിനിമയാണ് പളുങ്ക്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy shares that how he got the story of Palunku